കര്‍ഷക സമരം കരുത്തോടെ അമ്പതാം ദിവസത്തിലേക്ക്; കാര്‍ഷിക ബില്ലിന്‍റെ പകര്‍പ്പുകള്‍ കത്തിച്ച് പ്രതിഷേധിച്ച് കര്‍ഷകര്‍

കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം അമ്പതാം ദിവസത്തിലേക്ക്.

കൊടും ശൈത്യത്തെയും മ‍ഴയെയും അതിജീവിച്ചാണ് പതിനായിരക്കണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സമര ഭടന്‍മാര്‍ രാജ്യതലസ്ഥാനത്തിന്‍റെ തെരുവീധികളെ സമരഭൂമിയാക്കിയത്.

ദിവസങ്ങള്‍ പിന്നിടും തോറും കര്‍ഷക സമരം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് കര്‍ഷകരുടെ മുദ്രാവാക്യങ്ങളേറ്റെടുത്തുകൊണ്ട് പതിനായിരങ്ങള്‍ സമര കേന്ദ്രത്തിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.

നിയമങ്ങൾ സ്‌റ്റേ ചെയ്ത സുപ്രീംകോടതി നാലംഗ സമിതിയെ നിയമിച്ചെങ്കിലും അംഗങ്ങള്‍ കാർഷിക നിയമങ്ങളെ പിന്തുണച്ചവരായതിനാൽ സമിതിയുടെ വിശ്വാസ്യത തകര്‍ന്നു. ‌സമിതിക്ക്‌ മുമ്പാകെ ഹാജരാകില്ലെന്ന്‌ പ്രഖ്യാപിച്ച കർഷകസംഘടനകൾ പ്രക്ഷോഭം ശക്തമാക്കി‌. വെള്ളിയാഴ്‌ച സർക്കാരുമായി ഒമ്പതാംവട്ട ചർച്ചയുണ്ട്‌.

ഉത്തരേന്ത്യയിലെ ശൈത്യകാല ആഘോഷമായ ലോഹ്‌റിയോട്‌ അനുബന്ധിച്ച്‌ കർഷകസംഘടനകൾ ബുധനാഴ്‌ച കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ച്‌ പ്രതിഷേധിച്ചു. രാജ്യത്തെ ഇരുപതിനായിരത്തോളം കേന്ദ്രങ്ങളിൽ നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ചുവെന്ന്‌ കിസാൻ സംഘർഷ്‌ കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

ഹരിയാന, പഞ്ചാബ്‌, രാജസ്ഥാൻ, ഉത്തരാഖണ്ഡ്‌, യുപി എന്നിവിടങ്ങില്‍ ആയിരങ്ങള്‍ പങ്കാളികളായി. ജനുവരി 26ന്‌ റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച് ട്രാക്ടർ റാലി സംഘടിപ്പിക്കും. 18ന്‌ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും മഹിളാകിസാൻ ദിവസ്‌ ആചരിക്കും.

കേരളത്തിലെ കർഷകർ ഇന്ന്‌ ഷാജഹാൻപുരിൽ

കർഷകപ്രക്ഷോഭത്തിൽ പങ്കാളികളാകാനായി കേരളത്തിൽനിന്ന്‌ പുറപ്പെട്ട കർഷകസംഘത്തിന്റെ ആദ്യ ബാച്ച്‌ സമരഭടന്മാർ വ്യാഴാഴ്‌ച പ്രക്ഷോഭത്തിൽ അണിചേരും. രാജസ്ഥാൻ അതിർത്തിയിലെ ഷാജഹാൻപ്പുരിലാണ്‌ എത്തുന്നത്‌.

തിങ്കളാഴ്‌ച കണ്ണൂരിൽനിന്ന്‌ റോഡുമാർഗമാണ്‌ അഞ്ഞൂറോളം കർഷകർ പുറപ്പെട്ടത്‌. ചൊവ്വാഴ്‌ച പുണെയിൽ തങ്ങിയ സംഘം ബുധനാഴ്‌ച രാത്രിയോടെ രാജസ്ഥാനിൽ പ്രവേശിച്ചു. പുലർച്ചെയോടെ ജയ്‌പ്പുരിൽ എത്തുന്ന സംഘം അവിടെനിന്ന്‌ ഡൽഹി ഹൈവേയിലൂടെ ഷാജഹാൻപ്പുരിലേക്ക്‌ തിരിക്കും. കിസാൻസഭ അഖിലേന്ത്യാ നേതാക്കളായ കെ എൻ ബാലഗോപാൽ, കെ കെ രാഗേഷ്‌ എംപി എന്നിവരും സംഘത്തോടൊപ്പം ചേരും.

കർണാടകയിൽ പലയിടത്തും വാഹന പരിശോധനയുടെയും മറ്റും പേരിൽ പൊലീസ്‌ യാത്ര തടസ്സപ്പെടുത്തിയെന്ന്‌ സംഘത്തെ നയിക്കുന്ന ഷൗക്കത്ത്‌ പറഞ്ഞു. ബുധനാഴ്‌ച മഹാരാഷ്ട്ര അതിർത്തിയിൽവച്ച്‌ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ച്‌ പ്രതിഷേധിച്ചതായും ഷൗക്കത്ത്‌ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here