യുവാക്കള്‍ക്ക് തൊ‍ഴില്‍, വികസനം, ജനക്ഷേമം എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ആറാം ബജറ്റ് നാളെ

സമാനതകളില്ലാത്ത ജനക്ഷേമത്തിനും വികസനത്തിനും കൂടുതൽ കരുത്ത്‌ പകർന്ന്‌ സംസ്ഥാന സർക്കാരിന്റെ 2021–-22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്‌ വെള്ളിയാഴ്‌ച ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ നിയമസഭയിൽ അവതരിപ്പിക്കും. സമ്പൂർണ ബജറ്റാകും അവതരിപ്പിക്കുക.

ധനാഭ്യർഥനകൾ വിശദമായി ചർച്ചചെയ്‌ത്‌ അംഗീകരിക്കാൻ സമയമില്ലാത്തതിനാൽ അടുത്ത നാല്‌ മാസത്തെ ചെലവുകൾക്കുള്ള വോട്ടോൺ അക്കൗണ്ടാകും പാസാക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാരിന്റെ ആറാമത്തെ ബജറ്റാണ്‌ ധനമന്ത്രി വെള്ളിയാഴ്‌ച അവതരിപ്പിക്കുക.

കഴിഞ്ഞ അഞ്ച്‌ ബജറ്റുകളും വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും കാര്യമായ ഊന്നൽ നൽകിയിരുന്നു. അതേസമയം അമിത നികുതിഭാരം അടിച്ചേൽപ്പിച്ചതുമില്ല. വിദ്യാഭ്യാസം, ആരോഗ്യം, പശ്‌ചാത്തല വികസനം തുടങ്ങി സർവമേഖലയ്‌ക്കും മികച്ച പിന്തുണയാണ്‌ നൽകിയത്‌. ഈ നേട്ടങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനും കോവിഡ്‌ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമുള്ള നിർദേശങ്ങളും ബജറ്റിലുണ്ടാകും.

പുതിയ കുതിപ്പ്‌ ബജറ്റിലറിയാം

കോവിഡിനെയും ദൃഢനിശ്ചയത്തോടെ മറികടക്കുന്ന കേരളത്തിന്റെ ഭാവി എന്ത്? ഉത്തരം വെള്ളിയാഴ്ച നിയമസഭയിലുണ്ടാകുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. തെരഞ്ഞെടുപ്പ് ബജറ്റ് എന്ന മുൻധാരണ വേണ്ട. സുസ്ഥിര വികസനമാണ് മുൻബജറ്റുകൾ ലക്ഷ്യമിട്ടത്. അതിന്റെ തുടർച്ചയായി അടുത്ത അഞ്ചുവർഷത്തേക്കുള്ള വ്യക്തമായ കർമ പദ്ധതി പ്രതീക്ഷിക്കാമെന്ന്‌ ധനമന്ത്രി പറഞ്ഞു.

-ജനകീയതയ്ക്കപ്പുറം നാടിന്റെ ഭാവിക്കായിരിക്കും മുൻഗണന. കോവിഡുകാലം കേരളത്തെ ലോകത്തിന്റെ പ്രിയപ്പെട്ട നാടാക്കി. ആ പെരുമ മൂലധനമാക്കും. വികസനത്തിന്റെ രണ്ടാംതലമുറ പ്രശ്നങ്ങൾക്ക്‌ പരിഹാര നിർദേശങ്ങളുണ്ടാകും. ക്ഷേമ പദ്ധതികളിൽ എൽഡിഎഫ് സർക്കാരിന്റെ മുൻഗണന തുടരും. ക്ഷേമ പെൻഷനും മറ്റ് ക്ഷേമ പദ്ധതികൾക്കും വലിയ വകയിരുത്തലുണ്ടാകും. ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യർക്ക് അനുയോജ്യമായ തൊഴിൽ ഉറപ്പാക്കുകയായിരിക്കും ബജറ്റിന്റെ കാതൽ. ഇതിൽ വീട്ടമ്മമാരാണ് ഏറെയും.

കേരളത്തിന്റെ ആരോഗ്യ സംവിധാനം, തദ്ദേശഭരണ സംവിധാനങ്ങൾ തുടങ്ങിയവയല്ലാം അന്തർദേശീയ ‘ബ്രാൻഡാ’യി. ഇത് ഉപയോഗിച്ചുള്ള ഒരു വിജ്ഞാന സമൂഹത്തിനെ രൂപപ്പെടുത്തും. ടൂറിസത്തെയും വ്യവസായങ്ങളെയുമൊക്കെ മുൻനിർത്തിയാണിത്‌. കോവിഡ് പുതിയ തൊഴിൽ സാഹചര്യം സൃഷ്ടിക്കുന്നു. -അടുത്ത സാമ്പത്തികവർഷം 3000 സ്റ്റാർട്ടപ്പുകളെങ്കിലും ഉറപ്പാക്കും. പഠനത്തിലെ വൻനിക്ഷേപം ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കും. അപ്ലൈഡ് ശാസ്ത്രമേഖലയിൽ ഗവേഷണ സ്കോളർഷിപ്പുകൾ പ്രതീക്ഷിക്കാം.

മികച്ച താങ്ങുവില ഉറപ്പാക്കും
കർഷകർക്ക്‌ -മികച്ച താങ്ങുവിലയും, ഉൽപ്പന്ന സംഭരണ, സംസ്കരണ സംവിധാനങ്ങളും ഉറപ്പാക്കാൻ‌ പണം തടസ്സമാകില്ല. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ, താങ്ങുവിലയേക്കാൾ കൂടുതൽ സഹായം എങ്ങനെ ഉറപ്പാക്കാമെന്നതും പരിശോധിച്ചിട്ടുണ്ട്. നാണ്യവിളകളുടെ വില ബജറ്റ് അഭിസംബോധനചെയ്യും.

നികുതിയിൽ അനിവാര്യ മാറ്റംമാത്രം, മദ്യനികുതി മാറ്റില്ല–-അവശ്യം നികുതി മാറ്റങ്ങൾ പ്രതീക്ഷിക്കാം. പരിസ്ഥിതി സൗഹൃദ നിർമാണ രീതി, ഇ –-വെഹിക്കിൾ വ്യാപനം, എൽഎൻജി സാധ്യത ഉപയോഗപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ നികുതി മാറ്റം പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.

അഞ്ചുവർഷത്തിൽ ശമ്പള പരിഷ്കരണമെന്ന വാഗ്ദാനം നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. അടുത്ത ഏപ്രിൽമുതൽ പരിഷ്കരിച്ച ശമ്പളം ലഭ്യമാകുന്ന നിലയിൽ ഉത്തരവിറക്കാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിൻ ഉറപ്പാക്കാനും പണം തടസ്സമാകില്ല. വാക്സിനുകൾ സൗജന്യമായി നൽകിയ പാരമ്പര്യമാണ് നമ്മുടേത്. കോവിഡ് മുക്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യമെത്തുകയാണ് പരിപാടി. ഇത് നമ്മുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ സഹായമാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here