എല്ലാ കസ്റ്റഡി മരണങ്ങളിലും അന്വേഷണം ആവശ്യമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

എല്ലാ കസ്റ്റഡി മരണങ്ങളിലും അന്വേഷണം ആവശ്യമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. സംശയകരമായ മരണങ്ങളില്‍ മാത്രം അന്വേഷണം പോര, സ്വാഭാവിക മരണങ്ങളിലും ജുഡീഷ്യല്‍, മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അന്വേഷണം ആവശ്യമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. 2010ലെ ഉത്തരവ് തിരുത്തിയാണ് മനുഷ്യാവാകാശ കമ്മീഷന്‍ നടപടി.

2010 ഏപ്രിലിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരം ജുഡീഷ്യല്‍, പൊലീസ് കസ്റ്റഡികളിലിരിക്കെയുള്ള സംശയകരമായ മരണങ്ങളില്‍ മാത്രം ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ മതിയായിരുന്നു. 2005ലെ സിആര്‍പിസി 176 1A വ്യാഖ്യാനം ചെയ്തായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദേശം.

ഈ ഉത്തരവാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തിരുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം കസ്റ്റഡിയിലിരിക്കെയുള്ള സ്വാഭാവിക മരണങ്ങളിലടക്കം ജുഡീഷ്യല്‍, മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അന്വേഷണം ആവശ്യമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കുന്നു. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2019ലെ കണക്ക് പ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 85 കസ്റ്റഡി മരണങ്ങളില്‍ 2 എണ്ണം മാത്രമാണ് പൊലീസ് മര്‍ദ്ദനം മൂലമെന്ന്
രേഖപ്പെടുത്തിയിട്ടുള്ളത്.

36 മരണങ്ങള്‍ അസുഖം മൂലമെന്നും 33 എണ്ണം ആത്മഹത്യയെന്നുമാണ് പറയുന്നത്. ഈ അസ്വാഭാവികതയുടെ കൂടി പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ പുതിയ ഉത്തരവ്. എച്ച് എല്‍ ദത്തു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേ‍ഴ്സണായിരിക്കെ 2020 സെപ്റ്റംബറിലാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. എന്നാല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിരുന്നില്ല.

2010ലെ ഉത്തരവില്‍ അസ്വാഭാവികതയുണ്ടെന്ന് മനസിലാക്കിയാണ് ഈ ഉത്തരവ് തിരുത്തിയതെന്ന് എച്ച് എല്‍ ദത്തു വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കമ്മീഷന്‍ ഉത്തരവ് കൈമാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here