ജയിലൊന്നും കാട്ടി കമ്യൂണിസ്റ്റ് കാരെ ഭയപ്പെടുത്തണ്ട; തലയുയര്‍ത്തിത്തന്നെയാണ് നില്‍ക്കുന്നത്; ഇതൊരു പ്രത്യേക ജനുസാണ്; സഭയില്‍ പിടി തോമസിനെ കുടഞ്ഞ് മുഖ്യമന്ത്രി

പിടി തോമസിന്റെ അടിയന്തിര പ്രമേയത്തിനുള്ള മറുപടിയില്‍ പ്രതിപക്ഷത്തെയും പിടി തോമസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി.

സ്വര്‍ണക്കടത്ത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പിടി തോമസിന്റെ അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്.

അടിയന്തിര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശം പിടി തോമസ് നടത്തിയിരുന്നു.

ഇതിനോടാണ് മുഖ്യമന്ത്രി വൈകാരികമായി പ്രതികരിച്ചത്. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ് ആയിരുന്നെങ്കില്‍ കേരളത്തില്‍ ആദ്യത്തെ ജയിലില്‍ കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും പിടി തോമസ് പറഞ്ഞു.

ജയിലറ കാട്ടി കമ്യൂണിസ്റ്റ് കാരെ ഭയപ്പെടുത്തേണ്ടെന്നും തലയുയര്‍ത്തി തന്നെയാണ് നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മകളുടെ കല്യാണത്തിന് സ്വപ്‌ന വന്നിരുന്നോ എന്നതായിരുന്നു പിടി തോമസിന്റെ മറ്റൊരു ചോദ്യം.

തന്റെ മകളുടെ കല്യാണം എല്ലാവര്‍ക്കുമറിയാവുന്ന ക്ലിഫ്ഹൗസിന്റെ വലിയ ഹാളില്‍ വച്ചാണെന്നും സ്വപ്‌ന തന്റെ മകളുടെ കല്യാണത്തിന് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതൊരു പ്രത്യേക ജനുസാണ് പിടി തോമസിന് പിണറായി വിജയനെ ഇതുവരെ മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്നെയോ കുടുംബത്തിലുള്ളവരെയോ ആരും ചോദ്യം ചെയ്തിട്ടില്ല പണം കാണുമ്പോള്‍ പോരട്ടെ പോരട്ടെ എന്ന് പറയുന്ന സ്വഭാവക്കാരല്ല.

താന്‍ ജയിലില്‍ പോകുമെന്നത് മനോവ്യാപാരം മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഏജന്‍സികളും ഒരുമിച്ച് നിന്ന് ശ്രമിച്ചിട്ടും ഇതുവരെ ഒരു തെളിവും സര്‍ക്കാറിനെതിരെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.

പ്രതിപക്ഷം ഇനിയും പ്രയാസപ്പെടണമെന്നില്ല. സിഎം രവീന്ദ്രനെതിരായ ആരോപണം മനോവൈകല്യമുള്ളവരുടെ ആഗ്രഹം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here