ഡോളര്‍ കടത്ത് കേസില്‍, വിദേശ മലയാളി കിരണിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. മറ്റൊരു വ്യവസായി ലാഫിറിനെയും കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും.
കോണ്‍സുലേറ്റിലെ ഉന്നതര്‍ വഴി അനധികൃതമായി കടത്തിയ ഡോളര്‍, വിദേശത്ത് കൈപ്പറ്റിയത് ഇവരാണെന്ന സംശയത്തെത്തുടര്‍ന്നാണ് ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശിച്ചത്.
ദുബായ് കോണ്‍സുലേറ്റ് വഴി കടത്തിയ ഡോളര്‍ കൈപ്പറ്റിയവരെക്കുറിച്ചുള്ള കസ്റ്റംസിന്‍റെ അന്വേഷണമാണ് മലപ്പുറം സ്വദേശികളായ മുഹമ്മദ് ലാഫിര്‍, കിരണ്‍ എന്നിവരിലേക്കെത്തിയത്.
വിദേശത്ത് വ്യവസായികളായ ഇവരാണ് പണം കൈപ്പറ്റിയതെന്ന സംശയത്തെത്തുടര്‍ന്ന് ഇരുവരോടും കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു.
ഇതിന്‍റെ ഭാഗമായാണ് കസ്റ്റംസ് കിരണിനെയും ലാഫിറിനെയും ചോദ്യം ചെയ്യുന്നത്.അനധികൃതമായി കടത്തിയ ഡോളര്‍ വിദേശ യൂണിവേഴ്സിറ്റിയുടെ ശാഖ ആരംഭിക്കുന്നതിനായി ചെലവഴിച്ചതായാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍.
കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്‍റ് ഖാലിദ് 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന കേസില്‍ ഖാലിദിനെ ഉള്‍പ്പടെ പ്രതിചേര്‍ത്താണ് കസ്റ്റംസ് അന്വേഷണം നടത്തിവരുന്നത്.
കോണ്‍സുല്‍ ജനറലും അറ്റാഷെയും ഡോളര്‍ കടത്തില്‍ പങ്കാളികളാണെന്നും കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുമുണ്ട്.
കടത്തിക്കൊണ്ടു വന്ന ഡോളര്‍ വിദ്യാഭ്യാസ മേഖലയില്‍ അടക്കം നിക്ഷേപിച്ചതു കൂടാതെ, മറ്റു ബിസിനസുകള്‍ക്കും ഈ പണം ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇവരെ ചോദ്യം ചെയ്യുന്നതോടെ പണം ആരുടേതെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.
ഡോളര്‍ കടത്തിന് കൂട്ടുനിന്ന മറ്റ് കണ്ണികളെക്കുറിച്ചും ഇവരില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്നും കസ്റ്റംസ് കരുതുന്നു.

Get real time update about this post categories directly on your device, subscribe now.