അവയവദാനത്തിന്റെ പ്രാധാന്യം ഏറിവരുന്ന ഈ കാലത്ത് ഇരുപത് മാസം പ്രായമായ ഒരു പെണ്‍കുഞ്ഞ് ജീവിതം കൊണ്ടു മാതൃക തീര്‍ത്ത സംഭവമാണ് ഡല്‍ഹിയില്‍ ഉണ്ടായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജീവ ദാതാവായി മാറി അഞ്ച് രോഗികള്‍ക്ക് ജീവിതത്തിന്റെ പുതു പ്രതീക്ഷ നല്‍കിയിരിക്കുയാണ് ഡല്‍ഹി രോഹിണി സ്വദേശിനി ധനിഷ്തയും മാതാപിതാക്കളായ ആശിഷ് കുമാറും ബബിതയും.
കുട്ടിയുടെ ഹൃദയം, കരള്‍, ഇരു വൃക്കകള്‍, കോര്‍ണിയ എന്നിവ ഡല്‍ഹി സര്‍ ഗംഗാ റാം ആശുപത്രിയില്‍ നിന്ന് വീണ്ടെടുക്കുകയും അഞ്ച് രോഗികള്‍ക്കായി ഉപയോഗിക്കുകയും ചെയ്തു.
ജനുവരി എട്ടിന് വൈകുന്നേരം കളിക്കുന്നതിനിടെ ധനിഷ്ത വീട്ടിലെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണു ബോധരഹിതയായി. ഉടന്‍ തന്നെ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ജനുവരി 11 നാണ് അവള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്.
നികത്താനാവാത്ത നഷ്ടമുണ്ടായിട്ടും, ധനിഷ്തയുടെ മാതാപിതാക്കളായ ആശിഷ് കുമാറും ബബിതയും അവരുടെ കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചു. ‘ആശുപത്രിയില്‍ താമസിക്കുന്നതിനിടയില്‍, അവയവങ്ങള്‍ ആവശ്യമുള്ള നിരവധി രോഗികളെ ഞങ്ങള്‍ കണ്ടുമുട്ടി. ഞങ്ങള്‍ക്ക് മകളെ നഷ്ടപ്പെട്ടുവെങ്കിലും അവള്‍ മറ്റുള്ളവരിലൂടെ ജീവിക്കുന്നതും അവര്‍ക്ക് പ്രതീക്ഷയാകുന്നത് കാണണമെന്നും’ ആശിഷ് കുമാര്‍ പറഞ്ഞു.
ലോകത്തെ അവയവദാനങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി 5 ലക്ഷം രോഗികള്‍ അവയവങ്ങളുടെ അഭാവം മൂലം മരണപ്പെടുന്നുണ്ട്. അതിനാല്‍ വരും കാലങ്ങളില്‍ ധനിഷ്ഠയെപ്പോലെയുള്ളവര്‍ അവധിപേര്‍ക്ക് പ്രചോദനമേകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Get real time update about this post categories directly on your device, subscribe now.