തിരുവനന്തപുരം: 100 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് തുക അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേരള സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി മുഖേന തുടര്‍ വിദ്യാഭ്യാസത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 100 വിദ്യാര്‍ത്ഥികള്‍ക്കായി 10.71 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, പഠന കാലത്ത് താമസിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ ഹോം ഒരുക്കുക, തൊഴില്‍ പരിശീലനം നല്‍കുക എന്നിവയ്ക്കായി 35 ലക്ഷം അനുവദിച്ചിരുന്നു. ഈ പദ്ധതി പ്രകാരം തുടര്‍വിദ്യാഭ്യാസത്തിനായി 100 പേര്‍ കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ഈ തുക അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പദ്ധതികളുടെ ഭാഗമായി സാക്ഷരത മിഷന്‍ അതോറിറ്റി മുഖേന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട നിരക്ഷരതര്‍ക്കും പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും സാക്ഷരത തുല്യത പദ്ധതിയിലൂടെ തുടര്‍വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയാണ് സമന്വയ. ഈ പദ്ധതി പ്രകാരമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നാല്, ഏഴ്, പത്താം തരം, ഹയര്‍സെക്കന്ററി എന്നീ തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ പുരോഗതിയ്ക്കായി സാമൂഹ്യനീതി വകുപ്പ് വിവിധ ക്ഷേമപദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. അവരുടെ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കി വരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അടുത്തിടെ 6 ലക്ഷം രൂപ നല്‍കിയിരുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് മറ്റുള്ളവരെപ്പോലെ സ്വന്തം കാലില്‍ നില്‍ക്കുന്നതിന് പുതിയ സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്‌സിഡി നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന വായ്പ നല്‍കി വരുന്നു.

Get real time update about this post categories directly on your device, subscribe now.