മകരവിളക്ക് ദര്‍ശിച്ച് മനം നിറഞ്ഞ് ഭക്തര്‍; സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞത് മൂന്നു തവണ

മകര വിളക്ക് ദര്‍ശിച്ച് മനം നിറഞ്ഞ് ഭക്തര്‍. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്നു തവണയാണ് പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞത്. കോവിഡ് പശ്ചാത്തലത്തില്‍ മികച്ച സുരക്ഷാ ക്രമീകരണങ്ങളൊരുക്കി് ദേവസ്വംബോര്‍ഡും വിവിധ വകുപ്പുകളും ചേര്‍ന്ന് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനമാണ് സാധ്യമാക്കിയത്.

നിയന്ത്രിത തീര്‍ത്ഥാടകരുടെ എണ്ണത്തിലും ഭക്തി സാന്ദ്രമായിരുന്നു സന്നിധാനം. പന്തളത്ത് നിന്നെത്തിയ തിരുവാഭരണ പേടക സംഘത്തെ വാദ്യമേളങ്ങളുടെ അകമ്പടിയൊരുക്കി വൈകിട്ട് സന്നിധാനത്ത് ആചാരവിധി പ്രകാരം സ്വീകരിച്ചു.

പതിനെട്ടാം പടി കടന്നെത്തിയ തിരുവാഭരണം പേടകത്തെ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ ആദ്യം ഏറ്റുവാങ്ങി. പിന്നീട് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ശ്രീകോവിലിനുള്ളിലേക്ക് ആഭരണങ്ങള്‍ എത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് മഹാ ദീപാരാധന

പിന്നെ എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക് നീങ്ങി. ഏതാനു നിമിഷങ്ങള്‍ക്കകം ഭക്തിയുടെയും പ്രകൃതിയുടെയും അപൂര്‍വത നിറഞ്ഞ നിമിഷങ്ങള്‍. കിഴക്കന്‍ ചക്രവാളത്തില്‍ മകര ജ്യോതി മൂന്നു തവണ മിന്നി മറഞ്ഞു. ശരണമന്ത്ര ധ്വനികളാല്‍ മുഖരിതമായി ശബരീശ സന്നിധിയും നിറഞ്ഞു നിന്നു.

രാവിലെ 8.14 ന് ആയിരുന്നു മകരസംക്രമ പൂജ. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍ മുഖേന എത്തിച്ച നെയ്യ് അഭിഷേകം നടത്തിയാണ് പൂജകള്‍ നടത്തിയത്. 19 വരെ മാത്രമായിരിക്കും ഭക്തരെ ദര്‍ശനം നടത്താന്‍ അനുവദിക്കുക.

20 ന് രാവിലെ പന്തളം കൊട്ടാരം അംഗങ്ങള്‍ മാത്രം സന്നിധാനത്ത് ദര്‍ശനം നടത്തും. ഇതിനുശേഷം രാവിലെ 6.30 ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതോടെ ഒരു വര്‍ഷം നീണ്ടു നി്ന്ന മകരവിളക്ക് തീര്‍ത്ഥാടനത്തിനും പരിസമാപ്തിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here