‘ഞങ്ങളുടെ കുഞ്ഞിന്‍റെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ട്’; അഭ്യര്‍ത്ഥനയുമായി അനുഷ്കയും വിരാടും

ക‍ഴിഞ്ഞ ദിവസമാണ് താരദമ്പതികളായ അനുഷ്കയ്ക്കും വിരാടിനും ആദ്യകണ്‍മണി പിറന്നത്. താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത വിരാട് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും. ഇരുവര്‍ക്കും കുഞ്ഞ് പിറന്ന വാര്‍ത്ത പുറത്ത് വന്നതോടെ വിശേഷങ്ങളറിയാനും കുഞ്ഞിന്‍റെ ചിത്രങ്ങള്‍ക്കുമായി ആരാധകരും പാപ്പരസികളും പിന്നാലെയുണ്ട്.

ഇപ്പോ‍ഴിതാ ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് അനുഷ്കയും വിരാടും.

കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകർത്താതിരിക്കാൻ ഫൊട്ടോഗ്രാഫർമാരോട് അഭ്യർത്ഥിക്കുകയാണ് ഇരുവരും.

തങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനാൽ മുംബൈയിലെ ഫൊട്ടോഗ്രാഫർമാരോട് തങ്ങളുടെ മകളുടെ ചിത്രങ്ങൾ പകർത്താതിരിക്കാൻ അഭ്യർത്ഥിക്കുകയാണെന്നും വിരാടും അനുഷ്കയും പ്രസ്താവനയിലൂടെ പറഞ്ഞു.

“ഹായ്, ഇക്കഴിഞ്ഞ വർഷങ്ങളായി നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. ഈ സുപ്രധാന നിമിഷങ്ങൾ നിങ്ങളോടൊപ്പം ആഘോഷിക്കാനാവുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. മാതാപിതാക്കളെന്ന നിലയിൽ, നിങ്ങളോട് ഞങ്ങൾക്ക് ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ താൽപര്യപ്പെടുന്നു, ഞങ്ങൾക്ക് നിങ്ങളുടെ സഹായവും പിന്തുണയും ആവശ്യമാണ്,” വിരാടും അനുഷ്കയും പ്രസ്താവനയിൽ പറഞ്ഞു.

തങ്ങളുടെ ചിത്രങ്ങളോ വീഡിയോയോ എടുക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും എന്നാൽ കുഞ്ഞുമായി ബന്ധപ്പെട്ട് അത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു.

“ഞങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ലഭിക്കേണ്ട വിവരങ്ങളെല്ലാം ലഭ്യമാവും. എന്നാൽ ഞങ്ങളുടെ കുഞ്ഞിന്റേതായ ചിത്രങ്ങളോ വീഡിയോകളോ ഒന്നും എടുക്കാതിരിക്കുക. ഞങ്ങളുടെ കുഞ്ഞിന്റെ വീഡിയോയോ ചിത്രങ്ങളോ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാതിരിക്കുക. നിങ്ങൾക്ക് എല്ലാം മനസ്സിലാക്കാൻ കഴിയുമെന്ന് കരുതുന്നു. അതിന് മുൻകൂർ നന്ദി പറയുന്നു,” പ്രസ്താവനയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here