കേരളത്തിന്റെ ഇന്നത്തെ ആവശ്യങ്ങളേയും ഭാവിയേയും കണ്ടുകൊണ്ടുള്ളതാണ് ബജറ്റ്; സിപിഐഎം

നവ ലിബറലിസത്തിന്റെ ആധിപത്യ കാലത്ത്‌ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ എങ്ങനെ ഒരു ബദല്‍ സൃഷ്ടിക്കാമെന്ന രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്‌ സംസ്ഥാന ബജറ്റെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. ‌

സാമ്പത്തിക വളര്‍ച്ചയ്‌ക്കും സാമൂഹ്യ സമത്വത്തിനും തുല്യ പ്രാധാന്യം നല്‍കുന്നതാണ്‌ സംസ്ഥാന ബജറ്റെന്നും‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

സംസ്ഥാന ബജറ്റ്‌ കേരളത്തിന്റെ ഇന്നത്തെ ആവശ്യങ്ങളേയും ഭാവിയേയും കണ്ടുകൊണ്ടുള്ളതാണ്‌ ഈ ബജറ്റ്‌. ഒപ്പം കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനുള്ള മാര്‍ഗ്ഗരേഖയായും ഇത്‌ മാറുന്നുണ്ട്‌. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കിടയിലും ജനപക്ഷ കാഴ്‌ചപ്പാടില്‍ നിന്നുകൊണ്ടുള്ള സമീപനമാണ്‌ ബജറ്റ്‌ മുന്നോട്ടുവയ്‌ക്കുന്നതെന്നും കാണാം.

പാര്‍ശ്വവത്‌ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള കരുതല്‍ ഈ ബജറ്റിന്റെ സവിശേഷതയാണ്‌. ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ടീച്ചര്‍മാര്‍, സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീപ്രൈമറി ആയമാര്‍ തുടങ്ങിയ വിഭാഗങ്ങളുടെ അലവന്‍സിലുണ്ടാക്കിയ വര്‍ദ്ധനവും ശ്രദ്ധേയമാണ്‌. ഇവയ്‌ക്ക്‌ പുറമെ ക്ഷേമപെന്‍ഷനും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌.

തൊഴില്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇടപെടലുകളാലും ബജറ്റ്‌ ശ്രദ്ധേയമാണ്‌. വ്യവസായ രംഗത്ത്‌ മുന്നേറ്റം നടത്താനുള്ള ഇച്ഛാശക്തി, കേരളത്തിന്റെ കാര്‍ഷികരംഗത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍, പ്രവാസി മലയാളികള്‍ക്ക്‌ കൈത്താങ്ങ്‌ എന്നിവയാലും ശ്രദ്ധേയമായ ബജറ്റാണിത്‌.

ശാസ്‌ത്ര സാങ്കേതിക രംഗത്തെ കുതിപ്പിനേയും അതിന്റെ സാധ്യതകളേയും ജനങ്ങള്‍ക്കാകമാനം ഉപയോഗപ്പെടുത്തുന്നതിനുള്ള ധീരമായ ചുവടുവയ്‌പ്പുകളാലും ബജറ്റ്‌ ശ്രദ്ധേയമാണ്‌. കെ-ഫോണ്‍ വഴി ബി.പി.എല്‍ കുടുംബങ്ങള്‍ക്ക്‌ സൗജന്യ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കുമെന്ന പ്രഖ്യാപനവും ഈ ദിശയിലുള്ളതാണ്‌. 20 ലക്ഷം പേര്‍ക്ക്‌ 5 വര്‍ഷം കൊണ്ട്‌ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനം വന്‍ മാറ്റത്തിന്‌ വഴിയൊരുക്കും.

കേരളത്തെ വിജ്ഞാനസമൂഹമാക്കി മാറ്റുന്നതിനുള്ള വിപുലമായ കാഴ്‌ചപ്പാടും ഈ ബജറ്റ്‌ മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. 3.5 ലക്ഷം പേര്‍ക്ക്‌ കൂടി പഠനസൗകര്യങ്ങള്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ ഏര്‍പ്പെടുത്തുമെന്നതും ഇതിന്റെ ഭാഗമാണ്‌. സര്‍വ്വകലാശാലക്കും, അഫിലിയേറ്റ്‌ കോളേജ്‌ ഉള്‍പ്പെടെയുള്ളവയ്‌ക്കും പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ ഈ ദിശയിലുള്ളവയാണ്‌.

ഭരണയന്ത്രത്തെ ജനകീയമാക്കുന്നതിന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുക എന്ന കാഴ്‌ചപ്പാട്‌ ഈ ബജറ്റ്‌ മുന്നോട്ടുവയ്‌ക്കുന്നു. പ്രകൃതി സൗഹൃദ കെട്ടിടനിര്‍മ്മാണ രീതി പ്രയോഗത്തില്‍ വരുത്താന്‍ നല്‍കിയിട്ടുള്ള നികുതി ഇളവുകള്‍ എന്നിവയും ശ്രദ്ധേയമാണ്‌. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ തസ്‌തിക സൃഷ്‌ടിക്കലും ശ്രദ്ധേയമായ ചുവടുവയ്‌പ്പുകളാണ്‌.

ബജറ്റിലെ സാമ്പത്തിക ഞെരുക്കത്തില്‍ പതറാതെ മൂലധന ചെലവുകള്‍ക്കായി കിഫ്‌ബി വഴി നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്ന്‌ വ്യക്തമായിരിക്കുന്നു. ഇത്‌ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും അതിലൂടെ വികസന രംഗത്ത്‌ കൂടുതല്‍ കുതിപ്പ്‌ സൃഷ്ടിക്കാനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ബജറ്റില്‍ തെളിഞ്ഞുകാണുന്നുണ്ട്‌.

നവ ലിബറലിസത്തിന്റെ ആധിപത്യ കാലത്ത്‌ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ എങ്ങനെ ഒരു ബദല്‍ സൃഷ്ടിക്കാമെന്ന രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്‌ ബജറ്റെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here