കാട്ടാക്കട മണ്ഡലത്തിനിത് സ്മാർട്ട് ബഡ്ജറ്റ്

കാട്ടാക്കട മണ്ഡലത്തിനിത് സ്മാർട്ട് ബഡ്ജറ്റ്

▪️മാറനല്ലൂരിൽ മിനി ഐ.ടി പാർക്ക്.
▪️ഊരുട്ടമ്പലത്ത് ലെനിൻ രാജേന്ദ്രൻ സ്മാരക കേന്ദ്രം.
▪️മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിന് 8 കോടി രൂപ.
▪️മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും സോളാർ പാനൽ.

കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തെ ഹൈടെക്ക് മണ്ഡലമാക്കുന്നതിനുള്ള പാത തുറക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.

കാട്ടാക്കട മണ്ഡലത്തിൽ മാറനല്ലൂർ കേന്ദ്രമായി മിനി ഐ.ടി പാർക്ക്‌ സ്ഥാപിക്കും. ഇതിനായി സംസ്ഥാന ബജറ്റിൽ 5 കോടി രൂപ വകയിരുത്തി. കെട്ടിടം ഉൾപ്പടെ നിർമിക്കുന്നതിനാണ്‌ തുക വകയിരുത്തിയത്‌.

ഐ.ടി സ്ഥാപനങ്ങൾ കാര്യമായി ഇല്ലാത്ത ഈ മേഖലയിൽ ഐ.ടി രംഗത്ത്‌ പുതിയ കുതിപ്പിന്‌ മിനി ഐ.ടി പാർക്ക്‌ വഴിയൊരുക്കുമെന്ന്‌ ഐ.ബി.സതീഷ്‌ എം.എൽ.എ പറഞ്ഞു. ഐടി രംഗത്ത്‌ മലയോര മേഖലയിൽ നിന്നുള്ള യുവാക്കൾക്ക്‌ കൂടുതൽ അവസരങ്ങൾ കൈവരും. വിളപ്പിൽശാലയിൽ ശാസ്‌ത്ര സാങ്കേതിക സർവകലാശാല കൂടി സജ്ജമാകുന്നതോടെ മികച്ച സാധ്യതകൾ തുറക്കപ്പെടുകയാണെന്നും എം.എൽ.എ പ്രതികരിച്ചു.

സംസ്ഥാന ബജറ്റിൽ കാട്ടാക്കട മണ്ഡലത്തിൽ മൂന്നു റോഡുകൾക്കായി എട്ടു കോടി രൂപ വകയിരുത്തി. വിളപ്പിൽശാല – മലപ്പനംകോട്‌ – കാട്ടാക്കട റോഡിനായി 3 കോടി രൂപയും തച്ചോട്ടുകാവ്‌ – മങ്കാട്ടുകടവ്‌ റോഡിനും വിളവൂർക്കൽ – പിടാരം റോഡിനുമായി രണ്ടരക്കോടി രൂപ വീതവുമാണ്‌ വകയിരുത്തിയിട്ടുള്ളത്‌. ഈ റോഡുകൾ വികസിക്കുന്നതോടെ ഗ്രാമീണ മേഖലയിലെ പ്രധാനപ്പെട്ട മൂന്നു പാതകളാണ്‌ നവീകരിക്കപ്പെടുക.

വിഖ്യാത ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രന്‌ ജൻമനാട്ടിൽ സ്‌മാരകമൊരുക്കാൻ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ബജറ്റിൽ ടോക്കൺ തുക വച്ചിരുന്നു. ലെനിൻ രാജേന്ദ്രന്റെ ജൻമനാടായ ഊരൂട്ടമ്പലത്ത്‌ സാംസ്‌കാരിക കേന്ദ്രവും തിയറ്റർ കോംപ്ലക്‌സും നിർമ്മിക്കുന്നതിനാണ്‌ 10 കോടി വകയിരുത്തിയത്‌.

ലെനിൻ രാജേന്ദ്രന്റെ രണ്ടാം ചരമവാർഷിക ദിനമായിരുന്നു വ്യാഴാഴ്‌ച. അദ്ദേഹത്തിന്റെ സ്‌മരണ പുതുക്കുന്നതിനിടെ തന്നെ ജൻമനാട്ടിൽ സ്‌മാരക നിർമാണത്തിന്‌ സർക്കാർ ബജറ്റിൽ തുക അനുവദിച്ചത്‌ ആഹ്‌ളാദകരമാണ്‌. അദ്ദേഹത്തിന്‌ ഉചിതമായ സ്‌മാരകമാണ്‌ ഉയരുന്നത്‌.

കാട്ടാക്കട മണ്ഡലത്തിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും സൗരോർജ പാനൽ സ്ഥാപിക്കുന്നതിന്‌ ബജറ്റിൽ 3 കോടി രൂപ വകയിരുത്തി. സൗരോര്‍ജ്ജ വൈദ്യുതി വ്യാപനത്തിലൂടെ വൈദ്യുത മിച്ച സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്‌.

ആഗോളതാപനം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കാനാണ് പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുന്നത്‌. കാട്ടാക്കട മണ്ഡലത്തിലെ മുഴുവൻ സർക്കാർ കെട്ടിടങ്ങളുടെ മേൽക്കൂരയിലും സോളാർ പാനലുകൾ സ്ഥാപിച്ച്‌ ഊർജ ഉൽപാദനമാണ്‌ ലക്ഷ്യമിടുന്നത്‌. ഇതോടെ ഈ സ്ഥാപനങ്ങളുടെ വൈദ്യുതി ചെലവ്‌ ഒഴിവാക്കാൻ കഴിയും. പരിസ്ഥിതി സൗഹൃദ മാർഗത്തിലൂടെ കൂടുതൽ ഊർജലാഭത്തിനും വഴിയൊരുങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News