പിണറായി വിജയന്‍ സര്‍ക്കാരിന്റെ 2021ലെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ: എം എ ബേബി

സഖാവ് പിണറായി വിജയൻ സർക്കാരിൻറെ 2021-2022 ലെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ ആണെന്ന് എം എ ബേബി.

ഈ ബജറ്റിൽ വിഭാവനം ചെയ്യപ്പെടുന്ന നോളജ് ഇക്കോണമി എന്ന സങ്കല്പം ഒരു പുത്തൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ അടിത്തറകളിൽ മുഖ്യമായി പരിണമിക്കുമെന്നുറപ്പാണെന്നും അദ്ദേഹം പറയുന്നു.

തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ:

സഖാവ് പിണറായി വിജയൻ സർക്കാരിൻറെ 2021-2022 ലെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ ആണ്. അധികാര വികേന്ദ്രീകരണത്തിനു വേണ്ടിയുള്ള ജനകീയാസൂത്രണ പ്രസ്ഥാനത്തിനു ശേഷം കേരളത്തെ ആധുനികവല്ക്കരിക്കുന്നതിനുള്ള ഒരു ആശയമാണ് ഈ വാർഷിക ബജറ്റിലൂടെ മുന്നോട്ടു വയക്കപ്പെടുന്നത്.

ഈ ബജറ്റിൽ വിഭാവനം ചെയ്യപ്പെടുന്ന നോളജ് ഇക്കോണമി എന്ന സങ്കല്പം ഒരു പുത്തൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ അടിത്തറകളിൽ മുഖ്യമായി പരിണമിക്കുമെന്നുറപ്പാണ്. വിദ്യാസമ്പന്നരുടെയും അതിലൂടെ വിമോചിതരായവരുടെയും ന്യായവും ജനാധിപത്യപരവുമായ അഭിലാഷങ്ങൾ കണക്കിലെടുത്ത് പരിഹരിക്കുന്ന ഒരു സമൂഹമായിക്കൂടി കേരളത്തെ മാറ്റാനുള്ള ഭാവനാപൂർണമായ പ്രസ്ഥാനം.

നമ്മുടെ സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിലിലല്ലായ്മ. അതിലും യുവതികളുടെ തൊഴിലില്ലായ്മ. ഇതൊരു സാമ്പത്തിക പ്രശ്നം മാത്രമല്ല, ഒരു സാമൂഹ്യ – സാംസ്ക്കാരിക -രാഷ്ട്രീയ പ്രശ്നം കൂടെയാണ്. ഇതിനെ അഭിമുഖീകരിക്കുന്നതിലൂടെ മാത്രമേ നമ്മുടെ സമൂഹത്തിൽ ഇന്നും നിലവിലുള്ള ഒട്ടും ആശാസ്യമല്ലാത്ത ഉച്ചനീചത്വം അതിവേഗം അവസാനിപ്പിക്കാനുള്ള ചുവടുകൾ വയ്ക്കാനാവൂ.

ലിംഗപരമായ വിവേചനം മാത്രമല്ല, വർഗ-ജാതി – മത ഭിന്നതകളെ ആസ്പദമാക്കിയുള്ള മേൽകീഴ് അവസ്ഥകളും തിരുത്തുകയുംപരിഹരിക്കുകയും ചെയ്യണമെങ്കിൽ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും പരിഹരിക്കണം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങി വരാനാരംഭിച്ചിരിക്കുന്ന നമ്മുടെ നാട്ടുകാരുടെ പങ്കാളിത്തത്തോടെ അവരുടെ പുനരധിവാസം നടത്താനും ഈ നിർദേശങ്ങൾ നടപ്പിലാക്കണം.

ഇവ കൂടാതെ കെ ഫോൺ വരുന്നതോടെ വീട്ടിലിരുന്നും അടുത്തുള്ള തൊഴിൽ ഹബ്ബിലിരുന്നും ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുന്നതും ഓരോ വീട്ടിലും ഓരോ ലാപ്ടോപ്പ് നല്കുന്നതും കേരളസമൂഹത്തിൻറെ മുഖച്ഛായ മാറ്റും. കെ ഡിസ്കിൻറെ നേതൃത്വത്തിൽ നൈപുണി പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതും വലിയ വ്യത്യാസമാണ് വരുത്തുക.
ഉന്നതവിദ്യാഭ്യാസത്തിനു നല്കുന്ന ഊന്നലാണ് ഈ ബഡ്ജറ്റിൻറെ ഏറ്റവും സന്തോഷകരമായ ഉള്ളടക്കം. നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം വളരെക്കാലമായി ഒരു പ്രതിസന്ധിയിലാണ്.

ഇത്തരത്തിലുള്ള ഒരു മിഷൻ മോഡിലൂടെയേ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയൂ. വിവിധ സർവകലാശാലകളിലായി ഉണ്ടാക്കുന്ന വിവിധ ആധുനിക വിഷയങ്ങളിലെ 30 മികവിൻറെ കേന്ദ്രങ്ങൾ വളരെപ്രധാനപ്പെട്ട നടപടിയാണ്. 2006 ലെ എൽ ഡി എഫ് സർക്കാരിന്റെ കാലഘട്ടത്തിലാണ് ഇന്ത്യയിൽ ഒരു സംസ്ഥാനഗവണ്മന്റിന്റെ ആഭിമുഖ്യത്തിൽ ഇന്റർയൂണിവേഴ്സിറ്റി സെന്ററുകൾ വിജയകരമായി ആരംഭിച്ചതും അഭിനന്ദനാർഹമായി.പ്രവർത്തിച്ചതും.

അതിന്റ അടുത്ത ഘട്ടമായി ഈ സുപ്രധാന തീരുമാനത്തെകാണാവുന്നതാണ്. ഇതോടൊപ്പം അഞ്ഞൂറു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ നല്കുന്നതും കേരളത്തിൻറെ ഉന്നതവിദ്യാഭ്യാസ രംഗത്തിന് പുതിയ മുഖം നല്കും. സർവകലാശാലകളുടെ നവീകരണത്തിന് 2000 കോടി രൂപ അനുവദിക്കുന്നതും വിവിധ കോഴ്സുകൾക്ക് അനുമതി നല്കുന്നതും കോളേജുകളിൽ ആയിരം പുതിയ അദ്ധ്യാപക തസ്തികകൾ അനുവദിക്കുന്നതും വലിയ വ്യത്യാസമാണ് നമ്മുടെ സമൂഹത്തിലാകെ വരുത്തുക.

കേരളത്തിന്റ കേൾവികേട്ട സാമൂഹ്യക്ഷേമ പദ്ധതികളിൽ ഉള്ള ഊന്നലിൽ ഒരു മാറ്റവും വരുത്താതെയാണ് ഈ പുതിയ മുന്നേറ്റം എന്നതാണ് ഏറ്റവും ശ്രദ്ധേയം. അവഗണിക്കപ്പെടുകയും അരികുവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ദുർബലവിഭാഗങ്ങൾക്കുള്ള പ്രതിമാസ പെൻഷൻ 1600 രൂപയാക്കി. അടുത്ത ഒരു വർഷം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന 8 ലക്ഷം തൊഴിലവസരങ്ങളിൽ അഞ്ചു ലക്ഷവും അഭ്യസ്തവിദ്യരല്ലാത്തവർക്കാണ്. എല്ലാമേഖലകളിലും ശ്രദ്ധേയമായ ഇടപെടലുകളുണ്ട് ഈബജറ്റിൽ.

ചിലതുമാത്രം എടുത്തു കാട്ടിയെന്നേയുള്ളു. ഏറ്റവും പ്രധാനമായ കാര്യം ജനകീയമായ ബദൽ നിർദ്ദേശങ്ങളാണ് ഇതിലോരോന്നും. ഇന്ത്യൻ ഭരണവർഗങ്ങൾ മൂലധനശക്തികളുടെ താല്പര്യങ്ങൾസംരക്ഷിക്കുന്ന ബജറ്റുകളും നയങ്ങളും നിർലജ്ജംപിന്തുടരുന്നു. അതിന്റെ കടുത്ത പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ ഏതു സംസ്ഥാന ബജറ്റും സാദ്ധ്യമാവുകയുള്ളു.

എന്നാൽ അസാദ്ധ്യമായതു സാദ്ധ്യമാക്കാൻ ജനപ്രതിബദ്ധതയും ശാസ്ത്രീയ ഭാവനയുമുണ്ടെങ്കിൽ കഴിയുമെന്നാണ് കേരളത്തിലെ പുരോഗമനപക്ഷസർക്കാരുകൾ 1957 മുതൽ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ആ ദിശയിലെ അതിഗംഭീരമായ ഒരുചുവടുവയ്പാണ് ഈ ബജറ്റ്. പുരോഗമനകേരളത്തെ ആഹ്ളാദിപ്പിക്കുന്ന ഈ ബജറ്റിന് നേതൃത്വം നല്കിയ സഖാവ് പിണറായി വിജയനെയും ബജറ്റിൻറെ ശില്പി സഖാവ് തോമസ് ഐസക്കിനെയും ഹൃദയംഗമമായി അഭിവാദ്യം ചെയ്യുന്നു.

സഖാവ് പിണറായി വിജയൻ സർക്കാരിൻറെ 2021-2022 ലെ ബജറ്റ് പുതിയൊരു കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ ആണ്. അധികാര…

Posted by M A Baby on Thursday, 14 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News