
കുട്ടികള്‍ക്കിണങ്ങിയ നവകേരളത്തെ വിഭാവനം ചെയ്യുന്ന ബജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബാലസംഘം.
കുട്ടികളുടെ ആരോഗ്യം,വിദ്യാഭ്യാസം,സാമൂഹിക ക്ഷേമം,സാമൂഹിക സുരക്ഷ തുടങ്ങിയവയ്ക്കെല്ലാം അര്‍ഹിക്കുന്ന പരിഗണനയാണ് 2020-21 വര്‍ഷത്തെ ബജറ്റില്‍ ലഭിച്ചത്.രാജ്യത്തിന് മാതൃകയായ വിധത്തില്‍ ശിശുസൗഹൃദ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന നമ്മുടെ സംസ്ഥാനത്ത് കുട്ടികളെ കൂടുതല്‍ ചേര്‍ത്തു പിടിക്കുകയാണ് ഈ ബജറ്റ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയും ഹെെ ടെക് ക്ലാസ്സ് മുറികള്‍ സൃഷ്ടിക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാര്‍ 120 കോടി രൂപയാണ് വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിനായി മാറ്റിവെച്ചിരിക്കുന്നത്.ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോമിനായി 105 കോടി രൂപയും ഉച്ചഭക്ഷണത്തിനായി 316 കോടി രൂപയും വകയിരുത്തി.
കുട്ടികളിലെ അക്കാദമിക മികവ് വര്‍ധിപ്പിക്കുക,ജെെവ വെെവിധ്യ ക്യാമ്പസ്സുകള്‍ സൃഷ്ടിക്കുക,ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് സാമൂഹിക സമ്പര്‍ക്കം വര്‍ധിപ്പിക്കാന്‍ ആരംഭിച്ച ഓട്ടിസം പാര്‍ക്ക് പദ്ധതി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി ആരംഭിച്ച പദ്ധതികള്‍ തുടങ്ങിയവ ശക്തിപ്പെടുത്തുക,കുട്ടികളുടെ കലാ-കായിക-സാംസ്കാരിക രംഗം,സാങ്കേതിക വിദ്യാഭ്യാസ മേഖല എന്നിവയ്ക്ക് കരുത്തു പകരുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ബജറ്റ് മുന്നോട്ട് വെച്ചു.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ മാനസിക ശാരീരിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ബഡ്സ് സ്ക്കൂളുകളുടെയും ബാലസഭകളുടെയും സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി 200 കോടി രൂപയും ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമരക്കാരായ പെണ്‍കുട്ടികള്‍ക്കും പോഷകാഹാരം എത്തിക്കാനുള്ള പദ്ധതിക്കായി 188 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചു.ബജറ്റിന്റെ കവര്‍ ചിത്രങ്ങളും തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കവിതകളുമടക്കം കുട്ടികളുടെ രചനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബജറ്റ് ഇന്‍ ബ്രീഫിന്റെയും എക്സ്പെന്‍ഡിച്ചര്‍ റിവ്യു കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും മുഖചിത്രം വരച്ചത് തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലെ ബാലസംഘം പ്രവര്‍ത്തകനായ രണ്ടാം ക്ലാസ്സുകാരന്‍ അമന്‍ ഷസിയ അജയ് ആണ്.കുട്ടികളുടെ ഭാവി ഭദ്രമാക്കുന്ന ബജറ്റിന് അവരുടെ തന്നെ രചനകള്‍ കൊണ്ട് പൊലിമയേകിയിരിക്കുകയാണ്.
പതിനെട്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സമഗ്ര ആരോഗ്യ പരിരക്ഷ നല്‍കുന്ന ആരോഗ്യ കിരണം പദ്ധതി,സ്ക്കൂള്‍ വിദ്യാര്‍ത്ഥിക്കള്‍ക്കുള്ള ആരോഗ്യ പരിപാടികളായ ദൃഷ്ടി,കൗമാരഭൃത്യ,ഋതു,പ്രസാദം തുടങ്ങിയവ വ്യാപിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയും പണം നീക്കിവെച്ചിട്ടുണ്ട്.നിലവിലെ സ്കോളര്‍ഷിപ്പ് പദ്ധതികള്‍,അങ്കണവാടി വികസന പരിപാടികള്‍,കുട്ടികളുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്ന പദ്ധതികള്‍ തുടങ്ങിയവയ്ക്കെല്ലാം ബജറ്റ് പ്രോത്സാഹനം നല്‍കുന്നുണ്ട്.
കുട്ടികളുടെ സമസ്ത മേഖലകളിലെയും വികാസത്തിന് വഴി തെളിക്കുന്ന നിരവധി പദ്ധതികള്‍ക്ക് കരുത്ത് പകരുന്നതിലൂടെ നവകേരളം കുട്ടികള്‍ക്കിണങ്ങിയ കേരളം തന്നെയാണെന്ന സന്ദേശമാണ് ഈ ബജറ്റ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ബാലസംഘം സംസ്ഥാന പ്രസിഡണ്ട് ആര്യ രാജേന്ദ്രനും സെക്രട്ടറി സരോദ് ചങ്ങാടത്തും പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here