രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചു; ആദ്യം കുത്തിവയ്പ്പെടുക്കുന്നത് 3 കോടി ആരോഗ്യ പ്രവര്‍ത്തകര്‍; മുന്‍കരുതലുകള്‍ ഉപേക്ഷിക്കരുതെന്ന് കെകെ ശൈലജ ടീച്ചര്‍

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ രാജ്യം നിര്‍ണായക ഘട്ടത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ഇന്ന് ആരംഭിക്കും. രാവിലെ 10:30 ന് പ്രധാനമന്ത്രി വാക്സിനേഷന്‍റെ ഉദ്ഘാടനം ഓണ്‍ലൈനായി നല്‍കും.

കൊവിഷീല്‍ഡ് വാക്സിനാണ് രാജ്യത്ത് ഇന്ന് വിതരണം ചെയ്ത് തുടങ്ങുന്നത്. കൊവിന്‍ ആപ്പ് വ‍ഴി രജിസ്റ്റര്‍ ചെയ്താണ് രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം നടക്കുന്നത്. മുന്‍ഗണനാ ക്രമത്തിലാണ് വാക്സിന്‍റെ വിതരണം.

ഒന്നാം ഘട്ടം എന്ന നിലയില്‍ കൊവിഡിന്‍റെ മുന്നണി പോരാളികള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകരാണ് ഇന്ന് വാക്സിന്‍ സ്വീകരിക്കുന്നത്. ഒരു കേന്ദ്രത്തില്‍ നിന്ന് നൂറുപേര്‍ക്കാണ് വാക്സിന്‍ നല്‍കുക.

വാക്സിന്‍ നല്‍കിയ ശേഷം അരമണിക്കൂര്‍ ഇവരെ നിരീക്ഷിച്ച ശേഷമാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവരെ പറഞ്ഞുവിടുക. തുടര്‍ന്ന് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസും നല്‍കും.

സംസ്ഥാനത്തും കൊവിഡ് വാക്സിന്‍ വിതരണത്തിന് പൂര്‍ണ സജ്ജമാണ്. ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് സംഘം ഇന്നലെ അവസാനവട്ട വിലയിരുത്തലും നടത്തിയിരുന്നു.

100 പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യാന്‍ ക‍ഴിയുന്ന തരത്തില്‍ 133 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

എറണാകുളത്താണ് എറ്റവും കൂടുതല്‍ കേന്ദ്രങ്ങള്‍ ഉള്ളത്. 13 കേന്ദ്രങ്ങളാണ് എറണാകുളത്ത് ഒരുക്കിയിരിക്കുന്നത്. കോ‍ഴിക്കോടും തിരുവനന്തപുരത്തും 11 കേന്ദ്രങ്ങള്‍ വീതവും മറ്റ് ജില്ലകളില്‍ 9 കേന്ദ്രങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

കൊവിഡ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചാല്‍ മാത്രമെ വാക്സിന്‍റെ പൂര്‍ണ ഫലം ലഭിക്കുകയുള്ളുവെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഒപ്പം കൊവിഡ് വാക്സിന്‍ സ്വീകരിച്ചു എന്നതുകൊണ്ട് കൊവിഡ് മുന്‍കരുതലുകള്‍ ഉപേക്ഷിക്കരുതെന്നും ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും.

13300 ആരോഗ്യപ്രവര്‍ത്തകരാണ് ഇന്ന് സംസ്ഥാനത്തെ 133 കേന്ദ്രങ്ങളില്‍ നിന്നായി ഒന്നാം ഘട്ടം എന്ന നിലയില്‍ വാക്സിന്‍ സ്വീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News