
സംസ്ഥാന ബഡ്ജറ്റിൽ ധനമന്ത്രി ഡോ തോമസ് ഐസക്ക്, ആരോഗ്യ സർവകലാശാലയിൽ Epidemiology and Disease Control കേന്ദ്രം സ്ഥാപിക്കുമെന്നും കേന്ദ്രത്തിന് ഡോ.പി.പല്പുവിന്റെ പേരു നൽകുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു.
പിണറായി വിജയൻ സർക്കാരാണ് തിരുവനന്തപുരത്തെ വി.ജെ.ടി.ഹാൾ മഹാത്മാ അയ്യങ്കാളിയുടെ സ്മാരകമാക്കിയത്. “താൻ ഏതെങ്കിലും പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല” എന്ന നാരായണഗുരുവിൻ്റെ “പ്രബുദ്ധകേരളം വിളംബര”ത്തിൻ്റെ ശതാബ്ദി ആഘോഷിച്ചു കൊണ്ടാണ് ഈ സർക്കാർ പ്രവർത്തനമാരംഭിച്ചത്.
അതിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് സർക്കാർ ചിലവിൽ ഗുരുപ്രതിമ സ്ഥാപിച്ചു. ഗുരുവിൻ്റെ പേരിൽ പുതിയൊരു സർവ്വകലാശാല ആരംഭിക്കുകയും ചെയ്തു.
ആരോഗ്യ സർവ്വകലാശാല ആരംഭിക്കുന്ന പകർച്ചവ്യാധി നിയന്ത്രണ ഗവേഷണ സ്ഥാപനത്തിൻ്റെ നെറ്റിയിൽ ഡോ.പി.പൽപ്പുവിൻ്റെ പേരു തിളങ്ങുമ്പോൾ അത് ഭൂതകാലം ബാക്കിവെച്ച ചില കടങ്ങൾ തീർക്കുകയാണ് എന്നു കരുതാം. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ ബിരുദധാരികളിൽ ഒരാളാണ് ഡോക്ടർ പൽപ്പു.
പിന്നീട് അദ്ദേഹം അറിപ്പെടുന്ന ബാക്ടീരിയോളജിസ്റ്റായി വാക്സിൻ നിർമ്മാണ രംഗത്ത് വലിയ സംഭാവനകൾ നൽകി. തിരുവതാംകൂർ സർവ്വീസിൽ ഉദ്യോഗം തേടിവന്ന അദ്ദേഹത്തെ പിന്നാക്ക ജാതിക്കാരൻ എന്നാക്ഷേപിച്ച് കണ്ണീരോടെ പടിയിറക്കി വിടുകയാണ് സവർണ്ണ ഹിന്ദുരാജാവ് അന്ന് ചെയ്തത്.
പിന്നീട് മൈസൂരിൽ ഉദ്യോഗം നേടിയ പൽപ്പു പ്ലേഗു പോലുള്ള പകർച്ചവ്യാധികളെ നിയന്ത്രിക്കുന്നതിൽ ആ ദേശത്തിന് വലിയ അനുഗ്രഹമായി.
ഒരു മതരാഷ്ടവാദിയുടെ പേര് ഇവിടത്തെ ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിനു നൽകി കേരളത്തെയും അതിൻ്റെ നവോത്ഥാന മുന്നേറ്റത്തെയും അപമാനിക്കാർ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണല്ലോ. നേരിട്ടല്ലെങ്കിലും ആ ദുഷ്ടലാക്കിന് ഇത് ഉചിതമായ മറുപടിയായി.
പ്രിയപ്പെട്ട ഡോ.തോമസ് ഐസക്ക്, നന്ദിയും അഭിവാദ്യങ്ങളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here