വിമാനത്താവളത്തിന് സമാനമായ വികസന പദ്ധതിയുമായി മുംബൈ സി എസ് ടി റെയിൽവേ ടെർമിനസ്; കരാർ സ്വന്തമാക്കാൻ അദാനി അടക്കം 9 പേർ

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിന്റെ പുനർവികസനത്തിന് ഈ വർഷം തുടക്കമിടും. 1,642 കോടി രൂപയുടെ പദ്ധതിക്കായി 10 കമ്പനികളാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

തെക്കൻ മുംബൈയിലെ വാണിജ്യ, പാർപ്പിട യൂണിറ്റുകൾക്കായി ഒരു കേന്ദ്രം തുറക്കുന്നതിനൊപ്പം ഐക്കണിക് റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്ക് വിമാനത്താവളത്തിന് സമാനമായ അനുഭവം നൽകാനും പ്രാപ്തമായിരിക്കും പദ്ധതി. എന്നാൽ യുനെസ്കോ ലോക പൈതൃക കേന്ദ്രത്തിന് കോട്ടം തട്ടാതെയായിരിക്കും വികസനങ്ങൾ പൂർത്തിയാക്കുക.

നാലുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളങ്ങളും റെയിൽ‌വേയുമായി ബന്ധപ്പെട്ട പ്രോജക്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സമീപകാലത്തെ അപേക്ഷകളുടെ എണ്ണത്തിൽ ഏറ്റവും മികച്ച പങ്കാളിത്തമാണ് ലഭിച്ചിരിക്കുന്നതെന്നാണ് ഇന്ത്യൻ റെയിൽ‌വേ സ്റ്റേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അവകാശപ്പെടുന്നത്.

ജി‌എം‌ആർ എന്റർ‌പ്രൈസസ്, അദാനി റെയിൽ‌വേ ട്രാൻ‌സ്‌പോർട്ട്, ഐ‌എസ്‌ക്യു ഏഷ്യ ഇൻഫ്രാസ്ട്രക്ചർ ഇൻ‌വെസ്റ്റ്‌മെൻറ്, കൽപ്പാരു പവർ ട്രാൻസ്മിഷൻ, ആങ്കറേജ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻറ് ഹോൾഡിംഗ്സ്, ബ്രൂക്ക്‌ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട്, മോറിബസ് ഹോൾഡിംഗ്സ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, കീസ്റ്റോൺ റിയൽ‌റ്റേഴ്സ്, ഒബറോയ് റിയൽ‌റ്റി എന്നീ കമ്പനികളാണ് കരാറിന് വേണ്ടി വരുന്ന സാമ്പത്തിക വ്യവസ്ഥകൾ സമർപ്പിക്കാൻ യോഗ്യത നേടിയിരിക്കുന്നത്.

സി‌എസ്‌എം‌ടി പദ്ധതി ആകർഷകമാക്കുന്നതിന്, വാണിജ്യ കേന്ദ്ര മാതൃകക്ക് 99 വർഷം വരെ പാട്ടവും താമസ സമുച്ചയ ഘടനയ്ക്ക് 60 വർഷവും റെയിൽവേ അനുവദിച്ചു. വാണിജ്യ വികസനത്തിനായി സി‌എസ്‌എം‌ടിക്കും ബൈക്കുളക്കും ഇടയിലായി രണ്ടര ലക്ഷം ചതുരശ്ര മീറ്റർ സ്ഥലം ലഭ്യമാകും. ഇതിൽ 1.4 ലക്ഷം ചതുരശ്ര മീറ്റർ സി‌എസ്‌എം‌ടിയിലും 80,000 ചതുരശ്ര മീറ്റർ ബൈക്കുളയിലും 30,000 ചതുരശ്ര മീറ്റർ വാഡി ബന്ദറിലും ലഭ്യമാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

പി ഡിമെല്ലോ റോഡ് ഭാഗത്ത് നിന്നുള്ള പ്രത്യക പ്രവേശന കവാടത്തോടെ ഗതാഗതം, റീട്ടെയിൽ, എഫ് & ബി, എന്റർടൈൻമെന്റ്, സുവനീർ ഷോപ്പിംഗ് എന്നിങ്ങനെ ഒരു സിറ്റി സെന്റർ റെയിൽ മാൾ‌ പോലുള്ള അനുഭവം പ്രദാനം ചെയ്യുവാനും പദ്ധതിയുണ്ട്. കൂടാതെ സബർ‌ബൻ‌ പ്ലാറ്റ്ഫോം, അണ്ടർഗ്രൗണ്ട് പാർ‌ക്കിംഗ്, എലവേറ്റഡ് ഡെക്ക് എന്നിവയുമായി സംയോജിപ്പിച്ച് യാത്രക്കാർക്ക് എളുപ്പത്തിൽ വന്നുപോകുവാനുള്ള ഇടമൊരുക്കുമെന്നാണ് പദ്ധതിയുടെ രൂപരേഖ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News