Arya R Devan
സ്ത്രീകളെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന പുരുഷാധിപത്യ സമൂഹത്തിനു ജിയോ ബേബി എന്ന സംവിധായകൻ നൽകിയ കനത്ത പ്രഹരമാണ് ഇന്നലെ നീസ്ട്രീം എന്ന ഓടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ അഥവാ മഹത്തായ ഭാരതീയ അടുക്കള. പേരിലൊളിഞ്ഞിരിക്കുന്ന പരിഹാസ്യം ചിത്രത്തിലുടനീളം പ്രതിഫലിപ്പിച്ചുകൊണ്ട് സംവിധായകൻ ഇവിടെ പറഞ്ഞുവെയ്ക്കുന്നത് കൃത്യമായ രാഷ്ട്രീയമാണ്, ലിംഗസമത്വത്തിന്റെ രാഷ്ട്രീയം.സമൂഹത്തിനു നേരെ തിരിച്ചുവെച്ച ഒരു കണ്ണാടിയായിരുന്നു ചിത്രം. കാലം എത്ര പുരോഗമിച്ചുവെന്ന് പറഞ്ഞാലും അകത്തളങ്ങളിലെ ഇനിയും അഴിയാത്ത സ്ത്രീകളുടെ മേൽ വരിഞ്ഞിരിക്കുന്ന ചങ്ങലകളെ കുറിച്ച് ചിത്രം സംസാരിക്കുന്നു.
വെറും ഒന്നേമുക്കാൽ മണിക്കൂർ മാത്രം ദൈർഘ്യമുള്ള ചിത്രത്തിന്റെ ഒരു മണിക്കൂറിലധികവും അടുക്കളയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിലപ്പോൾ കാണുമ്പോൾ ആവർത്തന വിരസത തോന്നുന്ന വീട്ടുജോലികൾ ആവർത്തിച്ച് ആവർത്തിച്ച് സിനിമയിൽ കാണിച്ചുകൊണ്ടേ ഇരിക്കുന്നു. അതും, അടുക്കളയിലെ സ്വാഭാവികമായ പാചകം ചെയ്യുമ്പോഴുണ്ടാകുന്ന ചെറിയ ശബ്ദങ്ങളുടെയും പാത്രം കഴുകുന്നതിന്റെയും ഒക്കെ ശബ്ദങ്ങളുടെ പശ്ചാത്തലത്തിൽ ഈ സീനുകൾ ഇങ്ങനെ സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്. അത് തിരക്കഥയുടെ ശക്തമായ കരുത്തിനെയാണ് കാണിക്കുന്നത്. ഈ അടുക്കളപണി സീനുകളിൽ ആവർത്തന വിരസത തോന്നുന്ന ഓരോ പ്രേക്ഷകനും ഓരോ വീട്ടമ്മമാരുടെയും ആവർത്തനവിരസത മനസ്സിലാക്കിക്കൊടുക്കുക തന്നെയാണ് ചിത്രം.
ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും കലാവൈഭവവുമുള്ള നായിക വീട്ടുകാർ കണ്ടെത്തി നൽകിയ ഒരു സൊ കോൾഡ് വലിയ തറവാട്ടിലെ സ്കൂൾ അധ്യാപകനായ നായകൻ കഥാപാത്രത്തെ 10 മിനിറ്റിൽ താഴെ നീണ്ടുനിന്ന ഒരു പെണ്ണുകാണൽ ചടങ്ങിലൂടെ ഭർത്താവാക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. ഉണ്ടും ഉറങ്ങിയും യോഗ ചെയ്തും ജീവിതം ആസ്വദിക്കുന്ന നായകനും നായകന്റെ അച്ഛൻ കഥാപാത്രവും. പല്ലു തേയ്ക്കാൻ സ്വന്തമായി പോയി ബ്രഷ് എടുക്കാൻ വയ്യാത്ത പുറത്തുപോകുമ്പോൾ കാലിൽ ചെരുപ്പ് ഭാര്യ വന്ന് ഇട്ടു കൊടുക്കേണ്ട, അമ്മിയിൽ അരച്ച ചമ്മന്തി മാത്രം കഴിക്കുന്ന കുക്കറിൽ വെച്ച ചോറ് കഴിക്കാത്ത, വാഷിംഗ് മെഷീനിൽ തുണി കഴുകിയാൽ തുണി പൊടിഞ്ഞു പോകുമെന്ന് വിശ്വസിക്കുന്ന അച്ഛൻ കഥാപാത്രം ഈ നാട്ടിലെ ഭൂരിഭാഗം പുരുഷൻമാരുടെയും ഒരു പ്രതിനിധിയാണ്. ഭാര്യയെ പാചകം ചെയ്യാനും കിടക്ക പങ്കിടാനുമുള്ള ഒരു വസ്തുവുമായി മാത്രം കാണുന്ന പുരുഷന്മാരുടെ പ്രതിനിധിയാണ് നായകൻ.
ഭക്ഷണം കഴിച്ചതിന്റെ ഉഛിഷ്ടം ഡിനൈനിങ് ടേബിൾ മുഴുവൻ വിതറിയിടുന്ന തന്നോട് ടേബിൾ മാനേഴ്സ് ഇല്ലെന്നും കിടപ്പറയിൽ ഫോർ പ്ലെ കൂടി വേണം ഇല്ലെങ്കിൽ തന്റെ ശരീരം വേദനിക്കുമെന്നും ഭാര്യ തുറന്ന് പറയുമ്പോൾ പുരുഷ ഈഗോ ഹാർട്ട് ആയി വേദനിക്കുന്ന ഒരു പാവമാണ് നായകൻ! അടുക്കളയിലെ പൈപ്പ് പൊട്ടി അഴുക്ക് വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും പ്ലംബറെ വിളിക്കാൻ എന്നും മറന്നുപോകുന്ന നായകൻ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളെ അല്ലെന്ന് ഓർമിപ്പിക്കുന്നു.
ഡാൻസ് ടീച്ചറായി ജോലിയ്ക്ക് അപ്ലൈ ചെയ്യാൻ നായികയെ സമ്മതിക്കാതെ ഇപ്പോൾ ചെയ്യുന്ന വീട്ടുജോലികൾ കളക്ടറും മന്ത്രിയും ചെയ്യുന്ന ജോലിയെക്കാൾ മഹത്തരമാണെന്ന് അച്ഛൻ പുരുഷമേണ്കോയ്മ മരുമകളെ ഓർമ്മപ്പെടുത്തുന്ന സീനിനും ചിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്.
സ്ത്രീ ശരീരത്തിലെ വളരെ സാധാരണമായ സ്വാഭാവികമായ ആർത്തവ പ്രക്രിയയെ അയിത്തതോടെ കാണുന്ന സമൂഹത്തിന്റെ കരണത്ത് അടിക്കുന്നതാണ് ചിത്രത്തിന്റെ മറ്റൊരു കരുത്തുറ്റ രാഷ്ട്രീയം. എല്ലാ ദിവസവും വെച്ചുണ്ടാക്കി തരുന്നവൾ കൂടെ കിടക്കുന്നവൾ ആർത്തവ ദിവസങ്ങളിൽ മാത്രം എങ്ങനെ തൊടാനും കാണാനും പാടില്ലാത്തവളാകുന്നുവെന്ന് ചിത്രം കാണിച്ചുതരുന്നു.
കേരളത്തിലെ പുരുഷാധിപത്യ സമൂഹത്തിന് ഈയിടെ താങ്ങാൻ പറ്റാതെ പോയ ശബരിമല സ്ത്രീപ്രവേശം ചിത്രത്തിൽ കാതലായി പരാമർശിച്ചിട്ടുണ്ട്. സ്ത്രീകളെ ആർത്തവത്തിന്റെ പേരിൽ അശുദ്ധമായി കല്പിക്കപ്പെടുന്ന പുരുഷന്മാരും അത് ശെരിയാണെന്ന് വിശ്വസിച്ച് സമൂഹത്തിന്റെ കണ്ടിഷനിംഗിൽ ജീവിച്ചുപോരുന്ന സ്ത്രീകളും ചിത്രത്തിലുണ്ട്.
മലയ്ക്ക് പോകാൻ മാലയിട്ടിരിക്കുന്ന പുരുഷന്മാരുള്ള വീട്ടിലെ നായികാ ആർത്തവമായെന്ന് അറിഞ്ഞ് ഓടിയെത്തി നായികയെ ഒരു മുറിയ്ക്കുള്ളിൽ പൂട്ടിയിടുന്ന അമ്മായി കഥാപാത്രവും ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സമരപന്തലിൽ ഇരിക്കുന്ന സ്ത്രീകളും ഈ കണ്ടിഷനിങ്ങിനു വിധേയരായ സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നതായി ചിത്രം കാണിച്ചുതരുന്നു. ആ വലിയ തറവാട്ടിൽ ഇന്നോളം കല്യാണം കഴിച്ചെത്തിയ സ്ത്രീകളുടെയെല്ലാം ചുമർചിത്രങ്ങൾ ഒരു മിനിറ്റിൽ അടുക്കളയിലെ പാചകം ചെയ്യുന്നതിന്റെ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ കാണിക്കുന്നുണ്ട്. ഇന്നോളം അടുക്കളയിൽ എരിഞ്ഞടങ്ങിയ ഒരായിരം സ്ത്രീകളെയാണ് ചിത്രം അവിടെ അഡ്രെസ്സ് ചെയ്തത്.
അടിച്ചമർത്തിയ പുരുഷന്മാരുടെ മുഖത്തേക്ക് അടുക്കളയിലെ പൈപ്പ് പൊട്ടിയൊലിച്ച അഴുക്കുവെള്ളം എടുത്തെറിഞ്ഞ് നായികാ സ്വന്തം ജീവിതം ആഗ്രഹങ്ങൾക്കൊത്ത് ജീവിക്കാൻ ഇറങ്ങി പോകുന്നിടത്താണ് സിനിമയുടെ വിജയം. ചിലപ്പോൾ, വെറുതെയല്ല ഭാര്യയിലെ ബിന്ദു പരാജയപ്പെട്ടിടത്ത് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നായിക വിജയിക്കുന്നത് കാണാം.
നിമിഷ സജയനും സുരാജ് വെഞ്ഞാറന്മൂടും അതിഭാവുകത്വങ്ങൾ തീരെയില്ലാതെ അസാധ്യമായി അഭിനയിച്ച കഥാപാത്രങ്ങളെ നായികാ- നായകൻ എന്ന് ഇവിടെ അഭിസംബോധന ചെയ്തുകൊണ്ടിരുന്നത് തിരക്കഥയിൽ അവർക്ക് ഒരു പേരില്ലാത്തതുകൊണ്ട് തന്നെയാണ്. അത് ചിത്രത്തിലെ മറ്റൊരു ഡയറക്ടർ ബ്രില്ലിയൻസാണ്. ഒരു പേരുകൊണ്ട് പരാമര്ശിക്കപ്പെടേണ്ടവരല്ല ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ. ഇവർ ഈ സമൂഹത്തിന്റെ ഭൂരിഭാഗത്തിന്റെയും പ്രതിനിധികളാണ്. അവരുടെ കഥാപാത്രങ്ങൾക്ക് നമ്മുടെ ആരുടേയും പേര് യോജിക്കും.
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന് ശേഷം ജിയോ ബേബി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. അടുക്കളയിലെ പെൺജീവിതങ്ങൾക്ക് ഗംഭീരമായ ഫ്രയിമുകൾ നൽകിയത് ഛായാഗ്രാഹകൻ സാലു കെ തോമസും, അവർത്തനവിരസതയുള്ള ദിവസങ്ങളെ തനിമയോടെ ചേർത്തുവെച്ചത് ചിത്രസംയോജകൻ ഫ്രാൻസിസ് ലൂയിസുമാണ്.
ലിംഗ രാഷ്ട്രീയത്തിനൊപ്പം ജാതി രാഷ്ട്രീയവും സിനിമയിൽ പ്രതിഫലിപ്പിക്കാൻ ജിയോ ബേബി ശ്രമിച്ചിട്ടുണ്ട്. കഥാപാത്രങ്ങൾക്കിപ്പുറത്ത് സിനിമയിലെ പ്രധാനപ്പെട്ട ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് വാമൊഴി മാത്രമുള്ള ലിപിയില്ലാത്ത ദളിതരുടെ പാളുവാ ഭാഷയിലാണ്. ദളിത് ആക്ടിവിസ്റ്റായ എസ്. മൃദുല ദേവി എഴുതിയ കവിത ചിത്രത്തിലേക്ക് എടുക്കുകയായിരുന്നു ജിയോ ബേബി. സൂരജ് എസ് കുറുപ്പിന്റെയും മാത്യു പുളിക്കന്റെയും സംഗീതത്തിൽ ഗാനങ്ങൾ അതിമനോഹരമായി.
ദേവി എഴുതിയ കവിത ചിത്രത്തിലേക്ക് എടുക്കുകയായിരുന്നു ജിയോ ബേബി. സൂരജ് എസ് കുറുപ്പിന്റെയും മാത്യു പുളിക്കന്റെയും സംഗീതത്തിൽ ഗാനങ്ങൾ അതിമനോഹരമായി. ഒപ്പം മികച്ചുനിന്നു പശ്ചാത്തല സംഗീതവും കയ്യടി അർഹിക്കുന്നു.
ഒരുപക്ഷെ, നമ്മുടെ ഒക്കെ വീടുകളിലെ കഥപറയുന്ന ഈ ചിത്രം ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണെന്ന് നിസംശയം പറയാം.
Arya R Devan
Get real time update about this post categories directly on your device, subscribe now.