മണ്ണാര്‍ക്കാട് മണ്ഡലം കോണ്‍ഗ്രസിന് നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്

മുസ്ലീംലീഗ് നാല് പതിറ്റാണ്ട് കാലമായി മത്സരിക്കുന്ന മണ്ണാര്‍ക്കാട് മണ്ഡലം കോണ്‍ഗ്രസിന് നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി കത്ത് നല്‍കി. വികസനത്തില്‍ മുസ്ലീംലീഗ് സാമൂഹിക സന്തുലിതാവസ്ഥ പാലിക്കുന്നില്ലെന്നും കത്തില്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

1980 മുതല്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ മത്സരിക്കുന്നത് മുസ്ലീംലീഗാണ്. ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

ഐക്യ ജനാധിപത്യമുന്നണിയുടെ ഭാഗമായിരുന്ന കാലത്ത് രണ്ട് തവണ സിപിഐ മത്സരിച്ച സീറ്റ് കോണ്‍ഗ്രസ് പിളര്‍ന്ന സമയത്ത് മുസ്ലിംലീഗിന് വിട്ടു നല്‍കുകയായിരുന്നു. കോണ്‍ഗ്രസിന് ജനകീയ സ്വാധീനവും സംഘടന അടിത്തറയുമുള്ള മണ്ണാര്‍ക്കാട് പാര്‍ടി തന്നെ മത്സരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം.

ആദിവാസി ജനവിഭാഗങ്ങളും തമി‍ഴ് കുടിയേറ്റക്കാരും മലയോര കര്‍ഷകരുമെല്ലാമുള്ള മണ്ഡലത്തില്‍ മുസ്ലിംലീഗ് വികസനത്തില്‍ വിവേചനം കാണിക്കുന്നുവെന്നും സാമൂഹിക സന്തുലിതാവസ്ഥ പാലിക്കുന്നില്ലെന്നും യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനമുന്നയിക്കുന്നു.

മണ്ണാര്‍ക്കാടിന് പുറമെ കോണ്‍ഗ്രസ് സ്ഥിരമായി മത്സരിക്കുന്ന പട്ടാന്പി സീറ്റ് കൂടി മുസ്ലീംലീഗിന് നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലീംയൂത്ത് ലീഗ് കമ്മറ്റി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയില്‍ മുസ്ലീംലീഗ് മത്സരിക്കുന്ന ഏക സീറ്റായ മണ്ണാര്‍ക്കാട് കോണ്‍ഗ്രസിന് നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യമുയര്‍ത്തുന്നത്.

വിവാദത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ്-മുസ്ലീംലീഗ് നേതൃത്വം തയ്യാറായിട്ടില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യം യുഡിഎഫിനകത്ത് വലിയ ചര്‍ച്ചകള്‍ക്കും തര്‍ക്കത്തിനും കാരണമാകുമെന്നുറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here