തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് സീറ്റ് കച്ചവടം ചെയ്തുവെന്നാരോപിച്ച് ബിജെപിയില്‍ കൂട്ടത്തല്ല്

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് സീറ്റ് കച്ചവടം ചെയ്തുവെന്നാരോപിച്ച് ബിജെപിയില്‍ കൂട്ടത്തല്ല്. എറണാകുളം പിറവം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും തമ്മില്‍ ഏറ്റുമുട്ടിയത്.

ജില്ലാ പഞ്ചായത്ത് ഉദയംപേരൂര്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സീറ്റ് യു ഡി എഫിന് കച്ചവടം നടത്തി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം നേതാക്കള്‍ക്കാണെന്നാരോപിച്ചായിരുന്നു ഏറ്റുമുട്ടല്‍.

പിറവം നിയോജക മണ്ഡലം പ്രസിഡന്റ് പ്രഭാപ്രശാന്തിനെയാണ് അവലോകന യോഗത്തില്‍ പ്രവര്‍ത്തകര്‍ നിര്‍ത്തിപ്പൊരിച്ചത്. പ്രവര്‍ത്തകരെ അനുനയിപ്പിക്കാനുള്ള മണ്ഡലം പ്രസിഡന്റിന്റെ ശ്രമം പരാജയപ്പെട്ടതോടെ വാക്കേറ്റം കയ്യാങ്കളിയിലെത്തി.

എറണാകുളം ജില്ലാ പഞ്ചായത്ത് ഉദയം പേരൂര്‍ ഡിവിഷന്‍ സീറ്റ് യു ഡി എഫിന് കച്ചവടം ചെയ്ത് നേതാക്കള്‍ പണം കൈപ്പറ്റിയെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

കച്ചവടം നടത്തി ബി ജെ പി വോട്ട് മറിച്ചെങ്കിലും ഡിവിഷനില്‍ വിജയിച്ചത് എല്‍ ഡി എഫായിരുന്നു.ബി ജെ പി മധ്യമേഖലാ ഉപാധ്യക്ഷന്‍, പിറവം മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അണികളറിയാതെ വോട്ട് കച്ചവടം നടത്തിയെന്നാരോപിച്ച് ബി ജെ പി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്ക്, ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നെങ്കിലും മണ്ഡലം നേതൃത്വത്തിനെതിരെ നടപടിയുണ്ടായില്ല.

പകരം കൂത്താട്ടുകുളം മുനിസിപ്പല്‍ കമ്മിറ്റിയും,ഇലഞ്ഞി, ചോറ്റാനിക്കര പഞ്ചായത്തു കമ്മിറ്റികളും പിരിച്ചുവിട്ട് തടിയൂരിയത് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like