അഹമ്മദാബാദ്, ഡൽഹി, മുംബൈ അടക്കം 8 പ്രധാന നഗരങ്ങളിൽ നിന്ന് ഗുജറാത്തിലെക്കുള്ള ട്രെയിൻ സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സന്ദർശിക്കാനാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള യാത്രക്കാർക്ക് ഇനി മുതൽ സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ ട്രെയിൻ വഴി പോകാനാകും.
ദില്ലി, മുംബൈ, ചെന്നൈ, അഹമ്മദാബാദ്, വാരണാസി, ഉത്തർപ്രദേശിലെ പ്രതാപ്ഗർഹ്, മധ്യപ്രദേശിലെ റെവ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പാൻഡെമിക് സമയത്തും ഈ ‘ഭാഗ്യം’ ലഭിച്ചിരിക്കുന്നത്.
ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് യാത്ര ചെയ്യാവുന്ന ട്രെയിനുകളുടെ പട്ടികയിൽ ട്രെയിൻ നമ്പർ 09103/04 കെവാഡിയ-വാരണാസി റൂട്ടിലെ മഹാമന എക്സ്പ്രസ് (പ്രതിവാര), ട്രെയിൻ നമ്പർ 02927/28 ദാദർ-കെവാഡിയ എക്സ്പ്രസ് (പ്രതിദിനം), ട്രെയിൻ നമ്പർ 09247/48 അഹമ്മദാബാദ്-കെവാഡിയ റൂട്ടിലെ ജൻഷതാബി എക്സ്പ്രസ് (പ്രതിദിനം), ട്രെയിൻ നമ്പർ 09145/46 നിസാമുദ്ദീൻ-കെവാഡിയ സമ്പാർക്ക് ക്രാന്തി എക്സ്പ്രസ് (രണ്ടാഴ്ചയിൽ ഒരിക്കൽ ), ട്രെയിൻ നമ്പർ 09105/06 കെവാഡിയ – രേവ എക്സ്പ്രസ് (ആഴ്ചതോറും), ട്രെയിൻ നമ്പർ 09119/20 ചെന്നൈ (പ്രതിവാര), പ്രതാപ്നഗർ-കെവാഡിയ റൂട്ടിലെ ട്രെയിൻ നമ്പർ 09107/08 മെമു ട്രെയിൻ (പ്രതിദിനം), ട്രെയിൻ നമ്പർ 09109/10 കെവാഡിയ-പ്രതാപ്നഗർ റൂട്ടിലെ മെമു ട്രെയിൻ (പ്രതിദിനം ) എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ദില്ലിയിൽ നിന്നുള്ളവർക്ക് ഇന്ത്യൻ റെയിൽവേ ട്രെയിനിൽ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് (എൻജെഎം) കയറാം. മുംബൈയിൽ ദാദർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യാത്രക്കാർ കയറേണ്ടത്.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിൻ സേവനം ഇനിയും പുനരാരംഭിക്കാൻ അനുമതി ലഭിക്കാതിരിക്കുമ്പോഴാണ് പ്രതിമ കാണാൻ സൗകര്യമൊരുക്കിയ നടപടി മുംബൈവാസികൾക്കിടയിൽ പ്രതിഷേധ ശബ്ദമുയർത്തിയിരിക്കുന്നത്. നിരവധി പേർക്കാണ് ഇത് മൂലം തൊഴിൽ നഷ്ടപ്പെട്ട് ജീവിതം ദുരിതത്തിലായത്. ഉൽപ്പാദന മേഖലയിലും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇത് മൂലം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.