മലയാള സിനിമയ്ക്കിന്ന് അതിജീവനത്തിന്റെ മധുരം

കോവിഡ് വ്യാപനത്തിന് ശേഷം സിനിമ ശാലകൾ തുറന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. കാരണം, ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ സിനിമയും സിനിമാശാലകളും പ്രതിസന്ധിയുടെ കയ്പ്പറിഞ്ഞു.

വരുമാനം പൂര്‍ണ്ണമായും നിലച്ച തിയേറ്ററുകളുടെ ദിവസേനയുള്ള മെയിന്റനന്‍സ് ചാര്‍ജിനു തന്നെ നല്ലൊരു തുക കണ്ടെത്തേണ്ടതായി വന്നു. വിനോദ നികുതി, ജിഎസ്ടി എന്നിവയില്‍ ഇളവുകള്‍ വരുത്തണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ സർക്കാർ നടപ്പിലാക്കിയത് സിനിമയെ ആശ്രയിച്ച ഒരുപാടാളുകളുടെ ജീവിതത്തിന് ഒരിടവേളയ്ക്ക് ശേഷം ഊർജ്ജമേകി.

ഇന്ത്യൻ സിനിമാ വ്യവസായം കോവിഡ് മഹാമാരിക്ക് മുന്നിൽ പകച്ച് നിൽക്കുമ്പോൾ ചലച്ചിത്ര വ്യവസായത്തിൽ പങ്കാളികളായ സിനിമാ തൊഴിലാളികളുടെ ഭാവി തികച്ചും അനിശ്ചിതത്വത്തിലായിരുന്നു മുന്നോട്ട് നീങ്ങിയത് .

കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുള്ള നിയന്ത്രണങ്ങളോടെ മറ്റുമേഖലകൾ പതിയെ സജീവമായെങ്കിലും ചലച്ചിത്ര വ്യവസായം അപ്പോഴും പ്രതിസന്ധിയിൽ തന്നെ തുടർന്നു. സിനിമ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ രംഗത്തും തൊഴിലില്ലായ്‌മയും സാമ്പത്തിക തകർച്ചയും വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു.

സിനിമയുടെ അണിയറപ്രവർത്തകരെയും അഭിനേതാക്കളെയുമെല്ലാം ഒരേപോലെ കോവിഡ് പ്രതിസന്ധി വരിഞ്ഞുമുറുക്കി.

സർക്കാരിന് ഏറ്റവുമധികം വരുമാനം ലഭിക്കുന്നത് തിയേറ്ററുകളിൽ നിന്നായത് കൊണ്ട് സർക്കാർ എന്നെങ്കിലും കനിയുമെന്ന പ്രതീക്ഷയിലായിരുന്നു തിയേറ്റർ ഉടമകളും. തിയേറ്ററുകൾ അടഞ്ഞ് കിടന്നിട്ടും തൊഴിലാളികൾക്ക് മുഴുവൻ ശമ്പളവും കൊടുത്ത തിയേറ്റർ ഉടമകളുമുണ്ട്.

ചിലർക്ക് കടുത്തസാമ്പത്തിക മാന്ദ്യം മൂലം തൊഴിലാളികളെ പിരിച്ചുവിടേണ്ട അവസ്ഥയുമുണ്ടായി. പുതുതായി നിർമ്മിക്കുന്ന തിയേറ്ററുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായി.

തിയേറ്റർ തൊഴിലാളികളുടെ അവസ്ഥ അതിലും ദയമീയമായിരുന്നു. തിയേറ്ററുകൾക്ക് പൂട്ട് വീണപ്പോൾ മുതൽ തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലായി. കോവിഡ് വ്യാപനം മൂലം മറ്റുപണികൾക്ക് പോകാൻ സാധിക്കാതെയുമായി.

കുട്ടികളുടെ വിദ്യാഭ്യാസം, വീട്ടുചിലവുകൾ, ലോണടവുകളടക്കം അനിശ്ചിതത്വത്തിന്റെ മാറാലപോലെ തിയേറ്റർ തൊഴിലാളികളുടെ ജീവിതത്തിൽ കെട്ടുപിണഞ്ഞുകിടന്നു.

തീയേറ്ററുകൾ തുറക്കുന്നുവെന്ന കേരള സർക്കാർ പ്രഖ്യാപനത്തോടെ അതിജീവനത്തിന്റെ മധുരമാസ്വദിക്കുകയാണ് സിനിമ മേഖലയിന്ന്. അനവധി പ്രതിസന്ധികളെ അതിജീവിച്ച് ചരിത്രമുള്ള നമ്മുടെ സിനിമ കോവിഡ് പ്രതിസന്ധിയെയും തരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here