ബെമല്‍ വില്‍ക്കാനുള്ള നീക്കത്തെ തൊ‍ഴിലാളികളെ അണിനിരത്തി ചെറുക്കും; ഫെബ്രുവരി 17 ന് പ്രതിരോധ ശൃംഖല

പാലക്കാട് കഞ്ചിക്കോട്ടെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമല്‍ വില്‍ക്കാനുള്ള നീക്കം തൊ‍ഴിലാളികളെ അണി നിരത്തി ചെറുക്കുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ബെമല്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരസമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 17ന് പ്രതിരോധ ശ്രൃംഖല സംഘടിപ്പിക്കും. തൊ‍ഴിലാളികളുടെ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.

ജനുവരി 6 മുതല്‍ തൊ‍ഴിലാളികള്‍ ആരംഭിച്ച സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുന്പോള്‍ പൊതുമേഖലാ സ്ഥാപനമായ ബെമല്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. ബെമലിന്‍റെ ഓഹരികള്‍ വിറ്റ‍ഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചെറുത്ത് തോല്‍പിക്കുമെന്ന് തൊ‍ഴിലാളി സമരത്തെ അഭിസംബോധന ചെയ്ത് സിഐടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.

തുടര്‍ സമരപരിപാടികളുടെ ഭാഗമായി ഫെബ്രുവരി 6ന് കഞ്ചിക്കോട് സമരസമിതിയുടെ നേതൃത്വത്തില്‍ ജനകീയ കോടതി സംഘടിപ്പിക്കും. ഫെബ്രുവരി 17ന് ബെമല്‍ മുതല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ മുതല്‍ ബെമല്‍ വരെ ജനകീയ പ്രതിരോധ ശൃംഖല തീര്‍ക്കും.

പാലക്കാട് ജില്ലയിലെ മു‍ഴുവന്‍ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ജനപ്രതിനിധി സഭ ചേരാനും തീരുമാനിച്ചിട്ടുണ്ട്. 56000 കോടി രൂപയുടെ ആസ്തിയുള്ള, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ബെമല്‍ 720 കോടി രൂപ കണക്കാക്കി വില്‍പന നടത്താന നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച് 1നകം വാങ്ങാന്‍ താത്പര്യമുള്ള കന്പനികള്‍ താത്പര്യ പത്രം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here