അര്‍ണബ് നടത്തിയത് വലിയ ഗൂഢാലോചന; നിയമവാ‍ഴ്ചയുള്ള ഏത് രാജ്യത്തും അയാള്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കും: പ്രശാന്ത് ഭൂഷണ്‍

റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ അര്‍ണബിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍.

കേന്ദ്രംഭരിക്കുന്ന രാഷ്ട്രീയ കക്ഷിക്ക് അര്‍ണബിനോടുള്ള താല്‍പര്യത്തെയും പ്രശാന്ത് ട്വീറ്റില്‍ പരോക്ഷമായി വിമര്‍ശിക്കുന്നു.

അര്‍ണബ് വലിയ രീതിയിലുള്ള ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും തന്റെ മാധ്യമവും പദവിയും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന വാട്‌സ് ആപ്പ് ചാറ്റെന്ന് ഭൂഷണ്‍ പറഞ്ഞു.

അര്‍ണബിന് കേന്ദ്രസര്‍ക്കാറിലുള്ള പിടിപാട് കേട്ട് കേള്‍വിയില്ലാത്ത തരത്തിലാണെന്നും. നിയമവാ‍ഴ്ചയുള്ളൊരു രാജ്യമാണെങ്കില്‍ അര്‍ണബ് ദീര്‍ഘ കാലത്തേക്ക് അ‍ഴിക്കുള്ളില്‍ കിടക്കേണ്ടുന്ന കുറ്റമാണ് പുറത്തുവന്നിരിക്കുന്നതെന്നും. രാജ്യസുരക്ഷ പോലും ഭീഷണിയിലാണെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ പറയുന്നു.

2019 മാര്‍ച്ച് 25 ന് പാര്‍ഥോ ദാസ് ഗുപ്ത രഹസ്യ സ്വഭാവമുള്ള ബാര്‍കിന്റെ കത്ത് അര്‍ണബിന് അയച്ച ശേഷം നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ ഇത് പങ്കുവെച്ചിട്ടുണ്ട്.

വാട്‌സ് ആപ്പ് ചാറ്റില്‍ താന്‍ എന്‍.ബി.എ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യ ടിവിയിലെ രജത് ശര്‍മ തന്നെ പിന്തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി വഴി രക്ഷിക്കണമെന്നും പാര്‍ഥോ വാട്‌സ് ആപ്പ് ചാറ്റില്‍ പറയുന്നതായി കാണാം. താന്‍ അയച്ച കത്ത് സമയം കിട്ടുമ്പോള്‍ വായിക്കണമെന്നും അര്‍ണബിനോട് പാര്‍ഥോ പറയുന്നുണ്ട്.

ഇതിന് മറുപടിയായി പ്രധാനമന്ത്രിയുടെ സഹായം ഉറപ്പാക്കാമെന്ന് അര്‍ണബ് ഉറപ്പ് നല്‍കുന്നുമുണ്ട്. താന്‍ വ്യാഴാഴ്ച പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും പറയുന്നു.

ട്രായിയോടും രജത് ശര്‍മയോടും തങ്ങളുടെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയണമെന്നും താന്‍ ബി.ജെ.പിയേയും
വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തേയും പല അവസരങ്ങളിലും സഹായിച്ചിട്ടുണ്ടെന്നും ബാര്‍ക് സി.ഇ.ഒ പറയുന്നു.

അര്‍ണബിന്റെയും സി.ഇ.ഒയുടെയും ചാറ്റ് പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.

ടി.ആര്‍.പി റേറ്റിംഗില്‍ റിപബ്ലിക് ടി.വി കൃത്രിമത്വം കാണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ഗുരുതരമായ ഈ വിവരം പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News