പറഞ്ഞതൊക്കെയും പ്രാവര്‍ത്തികമാക്കാനുള്ള നിശ്ചയ ദാര്‍ഢ്യമുണ്ട്; ബജറ്റിലെ എല്ലാ സംശയങ്ങള്‍ക്കും മറുപടിയുണ്ടെന്നും തോമസ് ഐസക്

ബജറ്റിന് ജനങ്ങളിൽനിന്ന്‌ ‌വലിയ സ്വീകാര്യത ലഭിച്ചെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. എന്തിലും കുറ്റം കാണുന്നവർ പോലും ബജറ്റിൽ പറയുന്ന കാര്യങ്ങളുടെ നടത്തിപ്പിനെ വലിയ പ്രതീക്ഷയോടെയാണ്‌ കാത്തിരിക്കുന്നത്‌. ബജറ്റിനെ വിമർശിക്കുന്ന യുഡിഎഫുകാർ അവർക്കെന്താണ്‌ പരിപാടിയെന്നു കൂടി പറയണം.

കേരളത്തിന്റെ വികസനമുന്നേറ്റത്തിന്‌ വേറെ എന്തുചെയ്യണമെന്നാണ്‌ യുഡിഎഫ്‌ നേതാക്കൾ പറയുന്നത്‌?– ബജറ്റ്‌ പ്രഖ്യാപനങ്ങൾക്കെതിരെയുള്ള വിമർശനങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം‌.

തൊഴിൽ നൽകുന്നതടക്കമുള്ളവ പ്രായോഗികമാകുമോ എന്നും ഇതെല്ലാം അമിത പ്രതീക്ഷയല്ലേ എന്നുമുള്ള വിമർശമാണ്‌ പ്രധാനം. രണ്ടാമത്തേത്‌ ഇതിനെല്ലാം പണം എവിടെനിന്നു കിട്ടുമെന്ന ആശങ്കയെ ചുറ്റിപ്പറ്റിയാണ്‌. ‌തെരഞ്ഞെടുപ്പ്‌ ലക്ഷ്യംവച്ച്‌ പണമൊന്നും കൈയിലില്ലാതെ കാണിക്കുന്ന മായാജാലമാണെന്ന വിമർശമാണ്‌ മൂന്നാമത്തേത്‌.

പ്രഖ്യാപനങ്ങളിൽ എന്താണ്‌ അപ്രായോഗികമായിട്ടുള്ളത്‌. ആഗോള തൊഴിൽ വ്യവസ്ഥയിൽ വലിയ മാറ്റംവരികയാണ്‌. അതാരും നിഷേധിക്കില്ല. ആ സാഹചര്യത്തെ ബോധപൂർവം പ്രയോജനപ്പെടുത്താനാണ്‌ കേരളം ശ്രമിക്കുന്നത്‌. അതിനു കഴിവും പ്രാപ്‌തിയുമുള്ള സ്ഥാപനത്തെ സൃഷ്ടിക്കാൻ കഴിയുമോ എന്നതാണ്‌ ചോദ്യം. കിഫ്‌ബിയാണ്‌ അതിന്‌ ഉത്തരം. ഒരു സംശയവും വേണ്ട. കേരളത്തിന്റെ ഭാവിയെന്നത്‌ വിജ്ഞാനസമൂഹം എന്നതുതന്നെയാണ്‌. അങ്ങോട്ടാണ്‌ നമ്മൾ ചുവടുവയ്‌ക്കുന്നത്‌. അതാണ്‌ പോംവഴി.

അത്‌ നേരെത്തെ പറയുന്നതാണെങ്കിലും പ്രാവർത്തികമാകുന്നത്‌ ഇപ്പോഴാണ്‌. കാരണം അതിനു മുന്നുപാധികളുണ്ട്‌‌. നമ്മുടെ സമ്പദ്‌ഘടന ഡിജിറ്റലൈസ്‌ ചെയ്യപ്പെടണം. കണക്ടിവിറ്റിയും വൈദ്യുതിയും മെച്ചപ്പെട്ട യാത്രാസൗകര്യവും ഉറപ്പാക്കണം. വ്യവസായ പാർക്കുകൾ ഉണ്ടാകണം.

ഇത്‌ ഒരുക്കിയാൽ മാത്രമേ നമുക്ക്‌ ഈ പരിവർത്തനം സാധ്യമാകൂ. കിഫ്‌ബി ആ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുകയാണ്‌. മൂന്നു നാലു വർഷത്തിനുള്ളിൽ കേരളത്തിന്റെ പശ്ചാത്തലസൗകര്യങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പ്രായോഗികമാണോ എന്നതിൽ ഒരു സംശയവും വേണ്ട. പ്രായോഗികമാണെന്ന കാര്യം ഞാൻ മാത്രമല്ല പറയുന്നത്‌.

23ന്‌ എന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ 22 രാജ്യത്തിലെ വിദഗ്‌ദരാണ്‌ ‌ ഇക്കാര്യത്തെക്കുറിച്ച്‌ ചർച്ച ചെയ്യുന്നത്‌. പല തലത്തിൽ നടക്കാൻ പോകുന്ന ചർച്ചകളുടെ ആദ്യഘട്ടമാണ്‌ ഇത്‌. ഫെബ്രുവരിയിൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കാൻ പോകുകയാണ്‌. അടുത്ത സർക്കാർ വന്ന്‌ ഇടക്കാല ബജറ്റ് അവതരിപ്പിക്കാനൊന്നും ‌ കാത്തുനിൽക്കേണ്ടതില്ല.

ഇപ്പറയുന്ന കാര്യങ്ങൾക്ക്‌ പണമുണ്ടോ എന്ന വിമർശത്തിനും മറുപടിയുണ്ട്‌. 20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകാൻ ലക്ഷ്യമിട്ടുള്ള കെ–-ഡിസ്‌കിന്റെ രൂപാന്തരം. 200 കോടി അതിനു നീക്കിവച്ചിട്ടുണ്ട്‌. പരിശീലനത്തിനുള്ള പണം നേരത്തെ നീക്കിവച്ചിട്ടുള്ള 250 കോടിയുടെ ചില മുൻഗണനകളിൽ മാറ്റംവരുത്തി കണ്ടെത്താനാകും. ഉപജീവനത്തൊഴിലുകളുടെ കാര്യമാണ്‌ അടുത്തത്‌.

100 ദിന പരിപാടിവഴി ഒന്നര ലക്ഷം തൊഴിലുണ്ടാക്കാനാണ്‌ പോകുന്നത്‌. അധികമായി പണം ചെലവഴിച്ചിട്ടല്ല ഈ തൊഴിൽ സൃഷ്ടി. ഒരു പരിപാടി പ്രഖ്യാപിച്ചാൽ നിലവിലുള്ള സ്‌കീമുകൾ കൂട്ടിച്ചേർത്ത്‌ ആ പരിപാടികൾ നടപ്പാക്കുന്നതിനെപ്പറ്റിയാണ്‌ ആലോചിക്കേണ്ടത്‌. ഉദാഹരണത്തിന്‌ പാവപ്പെട്ട ഒരു കുടുംബത്തിന്‌ വീടില്ലെങ്കിൽ ലൈഫ്‌ പദ്ധതിവഴി വീട്‌ ലഭ്യമാക്കും.

ഭക്ഷണമില്ലെങ്കിൽ ജനകീയ ഹോട്ടൽ വഴി ഭക്ഷണം ലഭ്യമാക്കും. വീട്ടിൽ മാറാരോഗം ഉള്ളവരുണ്ടെങ്കിൽ നിലവിലുള്ള സ്‌കീമുകൾ വഴി ചികിത്സ ലഭ്യമാക്കും. സ്‌കീമുകൾ കൂട്ടിച്ചേർക്കണം. ‌അതിൽ വിടവുണ്ടെങ്കിൽ നികത്താൻ അധികമായി പണം അനുവദിച്ചിട്ടുമുണ്ട്‌. അതുകൊണ്ട്‌ പദ്ധതിക്ക്‌ പണമുണ്ടെന്ന കാര്യത്തിൽ സംശയം വേണ്ട. പണമുണ്ടെന്ന കാര്യം ഞാനല്ലേ പറയേണ്ടത്‌? എനിക്കല്ല വേവലാതി. മറ്റുള്ളവർക്കാണ്‌.

ഇടതുപക്ഷത്തിന്റെ ബദൽ പരിപാടിയാണ്‌ ഈ ബജറ്റ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. പാവപ്പെട്ടവർക്ക്‌ ക്ഷേമം, എന്നതാണ്‌ ഒന്നാമത്തേത്‌. അസാധ്യമാണെന്ന്‌ കരുതിയത്‌ സാധ്യമാക്കുകയാണ്‌. പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുന്നതിന്‌ പണം കണ്ടെത്തിനൽകും.

നല്ല വരുമാനം ജനങ്ങൾക്ക്‌ ഉറപ്പാക്കാനുള്ള പുതിയ തൊഴിലും വ്യവസായവും സൃഷ്ടിക്കാൻ വേണ്ടിയാണ്‌ ഇത്‌‌. അതിലേക്ക്‌ എങ്ങനെ നീങ്ങണമെന്നതിന്‌ പുതിയ പാത വെട്ടിത്തുറക്കുകയാണ്‌ നമ്മൾ. അതിന്‌ അന്തർദേശീയമായ സാധ്യതകൾ പ്രയോജനപ്പെടുത്തും. നമ്മുടെ നാട്ടിൽത്തന്നെ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ നികുതി ഇളവുകൾ അടക്കമുള്ള പാക്കേജാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. ആർക്കെങ്കിലും പരിഭ്രാന്തി തോന്നുന്നുണ്ടെങ്കിൽ അവർ, ഇത്‌ നടന്നേക്കുമെന്നും ജനങ്ങൾക്ക്‌ പ്രതീക്ഷയും വിശ്വാസവും നൽകുമെന്ന്‌ ഭയക്കുന്നവരാണ്‌. ഈ ബജറ്റ്‌ ഒരു പുതിയ പരിപാടിയാണ്‌ കേരളത്തിലെ ജനങ്ങൾക്കു മുന്നിൽ വയ്‌ക്കുന്നത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here