വ്യവസ്ഥിതികള്‍ക്കെതിരെ ജീവിതംകൊണ്ട് സമരം പ്രഖ്യാപിച്ചവന്‍; രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് 5 വര്‍ഷം

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതീയ ഉച്ഛനീചത്വങ്ങളോട് സമരം പ്രഖ്യാപിച്ച് തന്റെ 28ാം വയസില്‍ രക്തസാക്ഷിത്വത്തിന്‍അനശ്വരതയിലേക്ക് നടന്നുകയറിയ രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ചുവയസ്.

എന്റെ ജനനമാണ് എനിക്ക് പറ്റിയ എറ്റവും വലിയ തെറ്റെന്ന് എഴുതിവച്ച് നിശബ്ദനായി ആ ഇരുപത്തിയെട്ടുകാരന്‍ രോഹിത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ നിഴലില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക് യാത്രയായപ്പോള്‍. ഒരു വ്യവസ്ഥിതിയോടാകെ കലഹിക്കാന്‍ കെല്‍പ്പുള്ള കൊടുങ്കാറ്റിനെയവന്‍ കെട്ടഴിച്ചുവിട്ടിരുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതീയ ഉച്ഛനീചത്വങ്ങളെ കുറിച്ച് രോഹിത്തിന്റെ മരണം മുന്‍നിര്‍ത്തി സജീവമായ ചര്‍ച്ചകള്‍ നടന്നു അവന്റെ മുദ്രാവാക്യങ്ങളേറ്റെടുക്കാന്‍ അനേകായിരങ്ങള്‍ തെരുവിലണിനിരന്നു.
പലരുടെയും സുഖസുഷുപ്തിക്ക് ആ മരണം അരക്ഷിതാവസ്ഥ സൃഷ്ടിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെല്ലാമെതിരെ ഉയരുന്ന പ്രതിഷേധങ്ങളോടൊപ്പം അവനും അവന്റെ മുദ്രാവാക്യങ്ങളും രക്തസാക്ഷിത്വവും ചേര്‍ത്തുവയ്ക്കപ്പെട്ടു. പുതിയ കാലത്തിന്‍റെ പോരാട്ടങ്ങളില്‍ അവന്‍റെ വ‍ഴിയില്‍ കൂടുതല്‍ കരുത്തോടെ അവന്‍റെ അമ്മയും ചേര്‍ന്ന് നിന്നു.

രോഹിതിന്റെ 25000 രൂപയുടെ സ്‌കോളര്‍ഷിപ്പ് വി.സി അന്യായമായി തടഞ്ഞ് വെച്ചതിനെ തുടര്‍ന്ന് തനിക്കത് അനുവദിച്ച് തരുന്നിലെങ്കില്‍ പകരം കുറച്ച് വിഷമോ കയറോ പകരം തരണമെന്ന് രോഹിത്ത് വി സി ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു..തന്നെ ജീവിക്കാന്‍ അനുവദിക്കണ മെന്നും രോഹിത് അ പേക്ഷിച്ചിരുന്നു. തുടര്‍ന്ന് എബിവിപി നേതാവ് സുശീല്‍ കുമാറിനെ മര്‍ദ്ധിച്ചു എന്നാരോപിച്ച് 2015 ആഗസ്റ്റ് 5-ന് രോഹിത് അടക്കം അഞ്ചുപേര്‍ക്കെതിരെ സര്‍വ്വകലാശാല അന്വേഷണം പ്രഖ്യാപിച്ചു.

സ്ഥലം എം.പി ബന്ദാരു ദത്താത്രേയ മന്ത്രി സ്മൃതി ഇറാനിക്ക് നടപടി ആവശ്യപ്പെട്ട് 2015 ആഗസ്റ്റ് 17-ന് കത്തയച്ചു. യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ രോഹിത് അടക്കമുള്ള എ.എസ്.എ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചുവെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്. തുടര്‍ന്ന് 2015 സെപ്റ്റംബറില്‍ അഞ്ചുപേരും സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും 2016 ജനുവരി 3-ന് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാമ്പസ്സില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം ആരംഭിച്ചു.

പിന്നീട് സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. രോഹിതിന്റെ ആത്മഹത്യയെ തുടര്‍ന്ന് രാജ്യമെങ്ങും ശക്തമായ പ്രതിഷേധം നടന്നു. രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പ്രമുഖ ഹിന്ദിസാഹിത്യകാരന്‍ അശോക് വാജ്‌പേയി തനിക്ക് ലഭിച്ച ഡി ലിറ്റ് ബഹുമതി സര്‍വകലാശാലയ്ക്ക് തിരിച്ചുനല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു.

രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ്

‘ഗുഡ്മോണിംഗ്,

ഈ കത്ത് വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകില്ല. എന്നോട് ദേഷ്യം തോന്നരുത്. എനിക്കറിയാം നിങ്ങളില്‍ ചിലര്‍ എന്നെ സംരക്ഷിച്ചിട്ടുണ്ട്, ശരിക്കും സ്നേഹിച്ചിട്ടുണ്ട്. എനിക്ക് ആരെക്കുറിച്ചും പരാതിയില്ല. എല്ലാം എന്റെ കുറ്റവും പ്രശ്നങ്ങളുമാണ്. എന്റെ ആത്മാവും ശരീരവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായി എനിക്കു തോന്നുന്നു. ഞാന്‍ ഒരു ഭീകരരൂപിയായി മാറിയിരിക്കുന്നു. ഞാന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു. കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്ര എഴുത്തുകാരന്‍. എന്നാല്‍ അവസാനം എനിക്കീ ആത്മഹത്യ കുറിപ്പ് മാത്രമേ എഴുതാന്‍ സാധിച്ചുള്ളൂ.

ഞാന്‍ ശാസ്ത്രത്തെയും പ്രകൃതിയെയും നക്ഷത്രങ്ങളെയും ഇഷ്ടപ്പെട്ടു. പ്രകൃതിയില്‍ നിന്ന് അകന്ന ശേഷം മനുഷ്യര്‍ ഏറെ ദൂരം താണ്ടിയെന്നറിയാതെ ജീവിക്കുന്ന മനുഷ്യരെയും ഞാന്‍ സ്നേഹിച്ചു. ഞങ്ങളുടെ വികാരങ്ങള്‍ രണ്ടാം തരമാണ്. ഞങ്ങളുടെ സ്നേഹം നിര്‍മ്മിക്കപ്പെട്ടതാണ്. ഞങ്ങളുടെ വിശ്വാസങ്ങള്‍ നിറം പിടിപ്പിച്ചതാണ്. ഞങ്ങളുടെ മൗലികത കൃത്രിമ കലകളിലൂടെയാണ് സാധുവായിത്തീരുന്നത്. മുറിവേല്‍ക്കാതെ സ്നേഹിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.

മനുഷ്യന്റെ മൂല്യം അവന്റെ പെട്ടന്നുള്ള ഐഡന്റിയിലേക്കും ഏറ്റവുമടുത്ത സാധ്യതകളിലേക്കുമൊതുക്കി. ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, ഒരു വസ്തുവിലേക്ക്. എന്നാല്‍ മനുഷ്യനെ മനസെന്ന നിലയില്‍ ഒരിക്കലും പരിചരിക്കുന്നില്ല. മഹത്തായ ഏതൊരു വസ്തുവും നക്ഷത്ര ധൂളിയില്‍ നിന്നാണ് നിര്‍മ്മിക്കപ്പെടുന്നത്; പഠനത്തിലും തെരുവിലും ചേതനവും അചേതനവുമായ എല്ലാ മേഖലയിലും.

ഞാന്‍ ഇത്തരത്തിലൊരു കത്തെഴുതുന്നത് ആദ്യമായാണ്. ഒരു അവസാന കത്തില്‍ എന്റെ ആദ്യ അവസരവും. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

ഒരുപക്ഷേ എനിക്ക് തെറ്റ് പറ്റിയിരിക്കാം, ഈ ലോകത്തെ മനസിലാക്കുന്നതില്‍, സ്നേഹം, വേദന, ജീവിതം, മരണം എന്നിവ മനസിലാക്കുന്നതില്‍ എനിക്ക് തെറ്റിയിരിക്കാം. എനിക്ക് എല്ലായ്പ്പോഴും തിടുക്കമുണ്ടായിരുന്നു. ജീവിതം തുടങ്ങുന്നതിന് മുമ്പ് തന്നെ അങ്ങേയറ്റം നിരാശ ബാധിച്ചു. ചിലര്‍ക്ക് ജീവിതം തന്നെ ശാപമാണ്. എന്നെ സംബന്ധിച്ച് എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. ബാല്യത്തിലെ ഏകാന്തതയില്‍ നിന്ന് എനിക്കൊരിക്കലും മോചനം ലഭിച്ചിട്ടില്ല.

ഈ നിമിഷത്തില്‍ ഞാന്‍ മുറിവേറ്റവനല്ല, ഞാന്‍ ദുഃഖിതനല്ല, ഞാന്‍ ശൂന്യനല്ല. എനിക്ക് എന്നെക്കുറിച്ച് ആശങ്കയില്ല. അത് പരിതാപകരമാണെന്ന് എനിക്കറിയാം അതുകൊണ്ടു തന്നെയാണ് ഈ തീരുമാനം എടുത്തതും. ഞാന്‍ പോയിക്കഴിഞ്ഞ് എന്നെ ഒരു ഭീരുവായോ സ്വാര്‍ത്ഥനായോ വിഢ്ഢിയായോ ആളുകള്‍ ചിത്രകരിച്ചേക്കാം. എന്നെക്കുറിച്ച് ആളുകള്‍ എന്ത് കരതുന്നുവെന്ന് എനിക്ക് ആശങ്കയില്ല. മരണാനന്തര കഥകളിലോ പ്രേതം, ആത്മാവ് എന്നിവയിലോ എനിക്ക് വിശ്വാസമില്ല. എനിക്ക് നക്ഷത്രങ്ങളിലേക്ക് യാത്ര ചെയ്യാനും ഇതര ലോകത്തെക്കുറിച്ച് അറിയാനും സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എനിക്ക് ഏഴ് മാസത്തെ ഫെലോഷിപ്പ് ഇനത്തില്‍ ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ കിട്ടാനുണ്ട്, ഈ കത്ത് വായിക്കുന്നവര്‍ ആരായാലും ആ തുക എന്റെ കുടുംബത്തിന് കിട്ടാന്‍ സഹായിക്കണം. രാംജിക്ക് നാല്‍പ്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം അത് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, ആ തുക തിരികെ നല്‍കുക.

ശാന്തമായ അന്തരീക്ഷത്തിലായിരിക്കണം എന്റെ സംസ്‌കാര ചടങ്ങ് നടത്തേണ്ടത്. ഞാന്‍ ഇവിടെ നിന്ന് പോയി, അങ്ങനെ മാത്രമേ പെരുമാറാവൂ. എനിക്ക് വേണ്ടി കണ്ണീരൊഴുക്കരുത്. എനിക്ക് ജീവിച്ചിരിക്കുന്നതിനേക്കാള്‍ സന്തോഷം മരിയ്ക്കാനാണെന്ന് അറിയുക.

‘നിഴലില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here