സിനിമ കാണണം. കണ്ടാല്‍ പോര കാണണം! കുല പുരുഷന്മാരെ ഉണ്ടാക്കുന്ന കുല സ്ത്രീകള്‍; വൈറലായി കുറിപ്പ്

The great Indian kitchen കണ്ടപ്പോൾ ഒരു കാലം വരെ കുല പുരുഷനായിരുന്ന എന്നെ തന്നെയാണ് ഓർമ്മ വന്നതെന്ന് സൂര്യ ശങ്കര്‍.

തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സൂര്യ ചിത്രത്തെക്കുറിച്ച് പറയുന്നത്. സിനിമയിൽ കാണുന്ന ആർത്തവ സീനുകളേക്കാൾ ഭീകരമാണ് വീട്ടിൽ കണ്ടിട്ടുള്ളത്.

Periods, ആർത്തവം, pad എന്നീ വാക്കുകളൊന്നും അമ്മയുടെ വായിൽ നിന്നും കേട്ടിട്ടിട്ടില്ലെന്നും സൂര്യ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. കുറിപ്പിന്‍റെ പൂര്‍ണരൂപം:

The great Indian kitchen കണ്ടപ്പോൾ ഒരു കാലം വരെ കുല പുരുഷനായിരുന്ന എന്നെ തന്നെയാണ് ഓർമ്മ വന്നത്. എന്നാൽ സ്കൂളിൽ പഠിക്കുമ്പോൾ പൂജ പഠിക്കാൻ തുടങ്ങിയതോടെ കഥ മാറി. വെള്ളം കോരൽ, വിറകു കീറൽ, അടിച്ചു വാരൽ, പാത്രം കഴുകൽ, നിലം തുടക്കൽ, അടുക്കി പെറുക്കൽ, പാചകം, ഉടയാട ചാർത്തൽ എന്നുവേണ്ട ഒരു വീടിന്റെ അടുക്കളയിൽ ചെയ്യുന്ന ഒട്ടുമിക്ക ജോലിയും അവിടെനിന്നും പഠിച്ചു.

അതുകൊണ്ടുണ്ടായ ഗുണം എന്തെന്നാൽ ചെറുപ്പത്തിൽ തന്നെ independent ആകാൻ പറ്റി. വിശക്കുമ്പോൾ ഒരു പാത്രം എടുത്ത് pineapple ചെത്തി തിന്നാനും. ഭക്ഷണം എടുത്തു കഴിക്കാനും പാത്രം കഴുകി വെക്കാനും തുണി അലക്കാനുമൊക്കെ തുടങ്ങിയത് അങ്ങനെയാണ്. എന്നാൽ സിനിമയുടെ അവസാനം കാണിക്കുന്ന ഒരു പയ്യനുണ്ട്.
“അമ്മേ… വെള്ളം..” വെള്ളം എടുത്തു കൊടുക്കാൻ എഴുന്നേൽകുന്ന അനിയത്തിയെ “അവിടെ ഇരിക്കടി എന്നും” “പോയി എടുത്തു കുടിക്കെടാ” എന്നു പറയുമ്പോഴും അമ്മ അടക്കം ഉള്ളവർക്ക് അത് അസ്വാഭാവികമായാണ് തോന്നുന്നത്.

എന്റെ അനുഭവം പറയാം. എന്റെ അനിയനും ഞാനും തമ്മിൽ ഒന്നര വയസ്സു വ്യത്യാസമാണുള്ളത്. പക്ഷേ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ spoiled child അവനാണ്. അതിന്റെ ഉത്തരവാദിത്വം അമ്മയ്ക്കല്ലാതെ മറ്റാർക്കും അല്ല. ഈ വിഷയത്തിൽ അമ്മയുമായി വഴക്കുണ്ടായിട്ടുള്ളതിന് കയ്യും കണക്കുമില്ല. അവന് ഒരു പ്രായം വരെ തല തോർത്താൻ അമ്മ, തലമുടി ചീകാൻ, ഉടുപ്പ് ഇടീക്കാൻ, പിന്നെ Id card, shoes, വണ്ടിയുടെ key, എന്നുവേണ്ട എല്ലാത്തിനും പരസഹായം വേണമായിരുന്നു. ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. രാത്രി കിടക്കുമ്പോൾ പുതപ്പിക്കാൻ വരെ അമ്മ ചെല്ലണം. പകൽ ഭക്ഷണം കഴിക്കുമ്പോൾ ടിവി യുടെ മുന്നിൽ ഇട്ടിരിക്കുന്ന ദീവാൻ കോട്ടിൽ കിടന്നിട്ട് അവൻ നീട്ടി വിളിക്കും.. “ചോറ്… വെള്ളം.. കാപ്പി… നാരങ്ങാ വെള്ളം” എല്ലാം അമ്മ അവന്റെ മുന്നിൽ കൊണ്ടുപോയി കൊടുക്കും. കഴിച്ചു കഴിയുമ്പോൾ പാത്രവും കഴിച്ചതിന്റെ വേസ്റ്റുമൊക്കെ അവിടെ തന്നെ ഇട്ടിട്ട് അവൻ എങ്ങോട്ടെങ്കിലും പോകും. അമ്മ തന്നെ അതൊക്കെ പോയി എടുക്കണം. “അവനിത്രയും പ്രായം ആയില്ലേ അവനു തന്നെ പുതക്കാൻ അറിയില്ലേ” എന്നു ചോദിച്ചാൽ അമ്മ പറയും “വാവയ്ക്ക് അറിയില്ല” എന്ന് (25 വയസുള്ള വാവ).

ചോറു വേണമെങ്കിൽ എടുത്ത് കഴിക്കാൻ പറയാൻ പറഞ്ഞാൽ അമ്മ പറയും “എടുത്തു കൊടുത്തില്ലെങ്കിൽ അവൻ കഴിക്കില്ല” എന്ന്. “എങ്കിൽ കഴിക്കേണ്ട വിശക്കുമ്പോൾ തന്നേ വന്നു കഴിച്ചോളും” എന്നു പറഞ്ഞാൽ അമ്മ പറയും “നീ മിണ്ടാതെ ഇരിക്ക് എന്റെ കൊച്ചിന് ഇത്തിരി ഭക്ഷണം എടുത്തു കൊടുത്തെന്നു കരുതി എനിക്കൊന്നും സംഭവിക്കാനില്ല” എന്ന്. ഇതേ കാര്യം ഞാൻ ആവശ്യപ്പെട്ടാൽ അമ്മ പറയും “നിനക്ക് എല്ലാം സ്വന്തമായിട്ട് ചെയ്യാൻ അറിയാമല്ലോ അവന് അറിയില്ല” എന്ന്. എന്നാൽ അറിയില്ലാത്തവനെ അത് പഠിപ്പിക്കണം എന്ന് അമ്മയ്ക്ക് ഒരിക്കലും തോന്നിയിട്ടുമില്ല. അവൻ ഇടയ്ക്ക് പറയും “ഭാര്യയായിട്ട് അമ്മയെപ്പോലെ ഒരു പെണ്ണിനെ വേണം എന്ന്. Modern dress ഇടുന്ന feminist ആയ പെണ്ണിനെക്കുറിച്ച് ഓർക്കാനും കൂടി വയ്യ എന്നൊക്കെ.” അതങ്ങനെയല്ലേ വരൂ.. ഇത്തരം ആണ്മക്കളാണ് കുലപുരുഷന്മാർ എന്ന മരമായി പിന്നീട് മാറുന്നത്. സിനിമയിൽ സുരാജിന്റെ അച്ഛൻ പറയുന്നുണ്ട്‌ “MA വരെ പഠിച്ച എന്റെ ഭാര്യ ജോലിക്കു പോകാത്തതുകൊണ്ട് മക്കളൊക്കെ വലിയ നിലയിൽ ആയി” എന്ന്. ഏത്.. പത്തിരുപത്തെട്ടു വയസ്സായിട്ടും ഭക്ഷണത്തിന്റെ waste ഒരിടത്ത് കൂട്ടി വെക്കാൻ അറിയാത്ത, സ്വന്തം പാത്രം കഴുകി വെക്കാൻ പോലും കൈക്കു സ്വാധീനം ഇല്ലാത്ത ഒരു മകനെ വളർത്തി വലുതാക്കിയതാണ് വലിയ നില എന്നു പറയുന്നത്.!

ഒരിക്കൽ അമ്മയുടെ പെങ്ങളുടെ വീട്ടിൽ പോയപ്പോൾ ആന്റി തുണി അലക്കാൻ പോകുന്ന സമയം ഞാൻ ഇട്ട വസ്ത്രങ്ങളും അലക്കാൻ എടുത്തു കൊണ്ടുപോയി. ഞാൻ അതു തടഞ്ഞു. അവസാനം അത് വലിയ വാക്കേറ്റമായി. എന്റെ അടി വസ്ത്രം വരെ മറ്റൊരാളെ കൊണ്ട് അലക്കിക്കുക എന്നു പറഞ്ഞാൽ പിന്നെ എനിക്കൊക്കെ ആരോഗ്യം ഉണ്ടായിട്ട് എന്തു കാര്യം? അതിന് ആന്റി പറഞ്ഞത് “അമ്മയെ പോലെ തന്നെയല്ലേ ഞാനും അപ്പോൾ അലക്കുന്നതിനു കുഴപ്പം ഇല്ല” എന്നാണ്. 80 വയസ്സായിട്ടും സ്വന്തം വസ്ത്രം സ്വന്തമായിട്ട് അലക്കുന്ന എന്റെ ഗുരുവൊക്കെ എന്തു നല്ല മാതൃകയാണ്!

ഇതുപോലെ അച്ഛന്റെ പെങ്ങൾ അതായത് എന്റെ ആന്റി ആന്റിയുടെ മകളോട് എപ്പോഴും പറയും “നീ മറ്റൊരു വീട്ടിൽ പോകേണ്ടവളാണ്, പാചകം പഠിക്കണം വീട്ടുജോലികൾ പഠിക്കണം” എന്നൊക്കെ. ഈ പറഞ്ഞ കാര്യങ്ങളൊക്കെ എല്ലാവരും അത്യാവശ്യം പഠിക്കേണ്ടതല്ലേ..? അല്ലാതെ പെണ്ണുങ്ങളുടെ പണി എന്നൊക്കെ എങ്ങനെ പറയാൻ പറ്റും! വിശപ്പ് ആണിനും പെണ്ണിനുമുണ്ട്. വല്ലതും ഉണ്ടാക്കാൻ പഠിച്ചാൽ പട്ടിണി കിടക്കേണ്ടി വരില്ല.

കുറേ കുല പുരുഷന്മാരുണ്ട് പാചകം, പാത്രം കഴുകൽ, അടിച്ചു വാരൽ, തറ തുടക്കൽ ഇതൊക്കെ ചെയ്യുന്നത് “Manly” അല്ല എന്നും പെണ്ണുങ്ങൾക്ക്‌ മാത്രം പറഞ്ഞിരിക്കുന്ന പണി ആണെന്നും പറയുന്നവർ. അവറ്റകളെയൊക്കെ പുളിവാറു വെട്ടി തല്ലി വളർത്തേണ്ട പ്രായത്തിൽ അതു ചെയ്യാത്തതാണ് പല അമ്മമാരും ചെയുന്ന തെറ്റ്. ഇടിയപ്പമൊക്കെ ഉണ്ടാക്കി നോക്ക് അപ്പോൾ അറിയാം manly ആണോ അല്ലയോ എന്നൊക്കെ.

Plus two ഓണാഘോഷ സമയത്ത് പൂക്കള മത്സരം നടക്കാൻ പോവുകയാണ്. ഞാൻ ചെന്നപ്പോൾ ഞങ്ങളുടെ ക്ലാസ്സിൽ പൂക്കളം ഇട്ടു തുടങ്ങിയിട്ടില്ല കാരണം വേറെയൊന്നുമല്ല തറ അടിച്ചു വൃത്തിയാക്കാൻ പെണ്കുട്ടികൾ ആരും വന്നില്ല. വേഗം തന്നെ ഞാൻ ഒരു ചൂലെടുത്ത് തറ അടിക്കാൻ തുടങ്ങി. പകുതി അടിച്ചപ്പോഴേക്കും കുറച്ചു പെണ്ണുങ്ങൾ വന്നു. ഈ കാഴ്ച കണ്ടവർ മൂക്കത്ത് വിരൽ വെച്ചു നിന്നു എന്നു തന്നെ പറയണം. പെട്ടെന്ന് അശ്വതി വന്നിട്ട് എന്റെ കൈയ്യിലിരുന്ന ചൂലുതട്ടി പറിച്ചിട്ട് ഒരു dilogue “ഇതൊക്കെ ചെയ്യാൻ ഞങ്ങളില്ലേ ഇതൊക്കെ പെണ്ണുങ്ങൾ ചെയ്യുന്ന പണി അല്ലേ നിന്നോടാരാ ഇതു ചെയ്യാൻ പറഞ്ഞത്” എന്ന് 😇

പ്രിയ പെണ്ണുങ്ങളെ.. നിങ്ങളിതൊക്കെ കാണുന്നില്ലേ..

സിനിമയിൽ കാണുന്ന ആർത്തവ സീനുകളേക്കാൾ ഭീകരമാണ് വീട്ടിൽ കണ്ടിട്ടുള്ളത്. Periods, ആർത്തവം, pad എന്നീ വാക്കുകളൊന്നും അമ്മയുടെ വായിൽ നിന്നും കേട്ടിട്ടില്ല. ശബരിമലയ്ക്കു പോകാൻ മാലയിട്ടാൽ മാസത്തിൽ ഒരാഴ്ച്ച അമ്മ പുറത്താണ്. താമസം അയൽപക്കത്തെ വീട്ടിലായിരിക്കും. ആ സമയം അമ്മയെ കാണാൻ പോലും സാധിക്കില്ല. സാധാരണ സമയത്ത് ആർത്തവകാലമാണെങ്കിൽ അമ്മ വെള്ളം കോരില്ല, അച്ചാർ ഭരണിയിൽ തൊടില്ല എന്തിനു പറയണം എനിക്കു ഭക്ഷണം പോലും ഉണ്ടാക്കി തരില്ല. പിന്നെ ഞാൻ കുറേ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിയതുകൊണ്ടാണ് അതൊക്കെ കുറച്ചു മാറിയത്. ശബരിമല വിധി വന്നപ്പോൾ അതിനെ എതിർക്കുകയും “സ്ത്രീകൾ ശബരിമലയിൽ കയറിയാൽ അശുദ്ധമാകും” എന്നും പറഞ്ഞ അമ്മ വോട്ടു ചെയ്തു തുടങ്ങിയ കാലം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു മാത്രം വോട്ടു ചെയ്യുന്ന വ്യക്തിയാണ് എന്നതാണ് ഏറ്റവും വലിയ തമാശ!

സിനിമയിൽ സുരാജിന്റെ കഥാപാത്രം അങ്ങനെ ആയതിൽ അയാളുടെ അമ്മയ്ക്ക് വലിയൊരു പങ്കുണ്ട്. നിമിഷയുടെ കഥാപാത്രം അമ്മയെ വിളിച്ച് അവളുടെ സങ്കടം പറയുമ്പോഴും “നീ അതൊക്കെ ക്ഷമിച്ച് സഹിച്ചു കഴിയ്” എന്നാണ് അവളുടെ അമ്മയും പറയുന്നത്.

നമ്മുടെ കല്യാണത്തിന്റെ രീതി ഒന്നു നോക്കാം.. പെണ്ണിനെ മാത്രമല്ല സ്വർണ്ണവും കിട്ടുമല്ലോ! (അത് നിർബന്ധമാണല്ലോ..) സിനിമയിൽ കല്യാണം കഴിഞ്ഞു കുറച്ചു ദിവസം കഴിയുമ്പോൾ സ്വർണം പെട്ടിയിലാക്കി അലമാരയിൽ വെച്ചു പൂട്ടുന്ന രംഗവും ശ്രദ്ധേയമാണ്. അതായത് കല്യാണം കഴിക്കുക എന്നാൽ പെണ്ണിനെ കിട്ടും, സ്വർണ്ണം, ക്യാഷ്, ചിലപ്പോൾ കാറും മറ്റു പലതും കിട്ടും. തീർന്നോ.. ഇല്ല.. കാശു കൊടുക്കാതെ പണി ചെയ്യാൻ ഒരു ജോലിക്കാരിയെയും കൂടി കിട്ടും. നിമിഷയെ ജോലിക്കു വിടാത്തത്തിന്റെ പ്രധാന കാരണം കാശുകൊടുത്ത് ജോലിക്കാരിയെ വെക്കേണ്ടി വരുമല്ലോ എന്ന ഭീതിതന്നെയാണ്. ഇനി രാത്രിയിൽ “light off ആക്കിയതിനു ശേഷം” sex ചെയ്യുമ്പോൾ അത് ഭാര്യയുടെ സമ്മതം വാങ്ങിയിട്ടോ, അവൾ അതിനു പറ്റിയ മൂഡിൽ ആണോ എന്ന് ചോദിച്ചിട്ടോ അല്ല. അടുക്കളയിൽ ചീഞ്ഞു നാറി ഇരിക്കുന്ന waste എടുത്തു കളയണം എന്നു തോന്നാത്ത, പൈപ്പ് നന്നാക്കാൻ പ്ലമ്മറെ വിളിക്കണം എന്നു തോന്നാത്ത പുരുഷുവിൽ നിന്ന് sex ന്റെ കാര്യത്തിൽ മറിച്ചൊന്ന് പ്രതീക്ഷിക്കുന്നത് തന്നെ തമാശയാണല്ലോ..! Marriage is the licence to sex എന്ന പല്ലവി തന്നെയല്ലേ ഭൂരിപക്ഷം പേരും ആവർത്തിച്ചു പോരുന്നത്.

ആ വീട്ടിൽ വെറുതേ ഇരുന്നു തിന്നുന്ന ആ കിളവന് ഇടയ്ക്ക് ആ toilet ഒന്ന് വൃത്തിയാക്കിയാലോ, പച്ചക്കറി അരിഞ്ഞു കൊടുത്താലോ എന്താ സംഭവിക്കുക? കല്ലിലിട്ട് ആ തുണി അലക്കിയാൽ പുള്ളി ഹാപ്പി ആകില്ലേ. (മെഷീനിൽ ഇട്ടാൽ തുണി പൊടിഞ്ഞു പോകുമല്ലോ..) പോട്ടെ ആ കഞ്ഞി എങ്കിലും വെക്കാൻ പാടില്ലേ (അടുപ്പിൽ വെച്ചുണ്ടാക്കിയാലല്ലേ ഇറങ്ങൂ..) ഇനി ആ യോഗ ചെയ്യുന്ന ആൾക്ക് അതിന്റെയൊക്കെ വല്ല കഷ്ടപ്പാടുമുണ്ടോ.. ആ കല്ലിൽ വച്ചൊരു ചമ്മന്തി അരച്ചാൽ അതല്ലേ അച്ഛനിഷ്ടം. (“നമ്മടെ അച്ഛനല്ലേ..) ചൂലെടുത്ത് ആ മുറിയൊക്കെ അടിച്ചു വാരിയാൽ, തറ തുടച്ചാൽ, തേങ്ങ ചിരണ്ടി കൊടുത്താൽ യോഗ മാറി നിൽക്കും! ചപ്പാത്തിയാണ് best എങ്കിൽ അതു പരത്താനോ ചുടാനോ സഹായിക്കാൻ പാടില്ലേ.. അല്ലെങ്കിൽ cook ചെയ്യണം Mr. കോഴിക്കറിയും ചപ്പാത്തിയും ഉണ്ടാക്കാൻ അറിയാം എന്നു തെളിയിച്ചതല്ലേ.?? ഇതൊക്കെ ആരോടു പറയാൻ! അടുക്കളപ്പണികളൊക്കെ പങ്കിട്ടു ചെയ്യുകയാണെങ്കിൽ എത്ര എളുപ്പമാണ്‌!

എന്റെ അമ്മയെപ്പോലെ പല സ്‌ത്രീകൾക്കും ഒരുപാട് കഴിവുകളും കാണും. പക്ഷേ അതൊക്കെ തിരിച്ചറിയാൻ അവർക്ക് സമയം എന്നത് ഒരിക്കലും കിട്ടില്ല എന്നതാണ് വാസ്തവം. ജീവിതം അടുക്കളയിൽ തീരേണ്ടതല്ല. അമ്മയോട് ഇടയ്ക്കു ഞാൻ ചോദിക്കാറുണ്ട്. നമുക്ക് ഒരു trip പോകാം, ഒരു സിനിമ കാണാം, ബീച്ചിൽ പോകാം എന്നൊക്കെ പക്ഷേ എല്ലാത്തിനും “ഏയ് പറ്റില്ല അടുക്കളയിൽ പണിയുണ്ട്.” എന്നാണ് മറുപടി. ഈ ദുരിതജീവിതത്തിൽ ആരാണ് ഒരു കൈ നിറയെ ചാമ്പയ്ക്ക ആഗ്രഹിക്കാത്തത്?

ഇങ്ങനെ അടുക്കള പണി ചെയ്യുന്ന ഒരു ജനത ലോകത്ത് എവിടെയും കാണില്ല. പല സ്ത്രീകളും അവർ അടിമകൾ ആണെന്നു തിരിച്ചറിയുന്നില്ല. എങ്കിലല്ലേ മോചനം വേണമെന്ന് ആഗ്രഹിക്കൂ.. മറ്റുള്ളവരെ സേവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് പല സ്ത്രീകളും. അവരുടെ ചിന്താഗതി അങ്ങനെ രൂപപെട്ടു കഴിഞ്ഞു. അതുകൊണ്ടൊക്കെയാണ് മാല ഊരി തല്ലാൻ തയ്യാറായി വരുന്ന ഭർത്താവിന്റെയും അച്ഛന്റെയും ദേഹത്ത് അഴുക്കു വെള്ളം ഒഴിച്ച സ്ത്രീയെ പഴിക്കുവാൻ (ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടാണ് അങ്ങനെ ചെയ്തത്) സ്ത്രീകൾക്കുന്നതന്നെ ഒരു മടിയുമില്ലാത്തത്. മക്കളെ തളർവാദം പിടിച്ചവരാക്കി വളർത്താത്ത അമ്മമാരുണ്ടാകാത്തിടത്തോളം കാലം മനുഷ്യൻ നന്നാവാൻ വല്യ പാടാണ്!

ഈ സിനിമ കണ്ടിട്ട് ആണുങ്ങൾ മാറാനൊന്നും പോകുന്നില്ല. കാരണം എന്റെ കൂട്ടുകാരൻ പറഞ്ഞപോലെ “ഈ പടം കണ്ടതിൽ അവസാന സീനാണ് ഏക ആശ്വാസം. കെട്ടിയ പെണ്ണിട്ടിട്ടു പോയാലും വേറെ കെട്ടാമല്ലോ..!” സിനിമയിലെ സുരാജിന്റെ കഥാപാത്രവും മാറുന്നില്ല. പുതിയ ഭാര്യയുടെ കയ്യിലേക്ക് ചായ കുടിച്ച glass കഴുകാൻ കൊടുക്കുമ്പോഴും അയാൾക്ക് അതിൽ യാതൊരു അസ്വഭാവികതയും തോന്നുന്നില്ല.

സിനിമ കാണണം. കണ്ടാൽ പോര കാണണം!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News