സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ആദ്യ തോൽവി

സയിദ് മുഷ്താഖ് അലി ട്രോഫിയിലെ തുടർച്ചയായ വിജയങ്ങൾക്ക് ശേഷം കേരളം പരാജയം നുണഞ്ഞു. നേരുത്തേ ഡൽഹിക്കെതിരേ കളിച്ച ടീമിൽ നിന്നും മാറ്റങ്ങളില്ലാതെ ഇറങ്ങിയ കേരളം ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 17.1 ഓവറില്‍ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത കേരളം തുടക്കത്തിൽ തന്നെ വിക്കറ്റ് തകര്‍ച്ച നേരിട്ടു. കേരളം 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 112 റണ്‍സ് നേടിയത്. 51 റൺസെടുത്ത സച്ചിന്‍ ബേബി, 21 റൺസെടുത്ത ജലജ് സക്‌സേന എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഒരുഘട്ടത്തില്‍ നാലിന് 38 എന്ന നിലയിലായിരുന്നു കേരളം ഇവരുടെ മികവിൽ കൂട്ടിച്ചേര്‍ത്ത 74 റൺസ് നിർണായകമായി.
അഞ്ചാം ഓവറില്‍ തന്നെ കേരളത്തിന്റെ പ്രതീക്ഷയായിരുന്ന അസറുദ്ദീന്‍ പവലിയനില്‍ തിരിച്ചെത്തി. ഷൊയ്ബ് ഖാന്റെ പന്തില്‍ അമ്പാട്ടി റായുഡുവിന് ക്യാച്ച് നല്‍കിയാണ് അസറുദ്ദീന്‍ മടങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഉത്തപ്പയ്ക്കും വലിയൊരു ഇന്നിംഗ്സ് കെട്ടിപ്പെടുക്കാനായില്ല.
ഏഴ് റൺസ് മാത്രമെടുത്ത കേരള ക്യാപ്ടൻ സഞ്ജു സാംസൺ മനീഷ് ഗോലമാരുവിന്റെ പന്തില്‍ ഭരതിന് ക്യാച്ച് നല്‍കുകയായിരുന്നു. ദില്ലിക്കെതിരെ തകര്‍ത്തടിച്ച വിഷ്ണു വിനോദ്, ഗോലമാരുവിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
മറുപടി ബാറ്റിംഗില്‍ കെ എസ് ഭരത്, മനീഷ് ഗോലമാരു എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തിൽ തന്നെ ആന്ധ്രയ്ക്ക് നഷ്ടമായിരുന്നു. ജലജ് സക്‌സേന ഇരുവരേയും പുറത്താക്കി. എന്നാല്‍ അശ്വിന്‍ ഹെബ്ബാര്‍-അമ്പാട്ടി റായുഡു സഖ്യം ആന്ധ്രക്ക് തുണയായി.
മൂന്ന് ഓവർ മാത്രം പന്തെറിഞ്ഞ മുൻ ഇന്ത്യൻ താരം ശ്രീശാന്ത് 25 റൺസ് വിട്ടുനൽകി ഒരു വിക്കറ്റെടുത്തു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel