മഹാരാഷ്ട്രയിൽ പേരിനെ ചൊല്ലി വീണ്ടും പോര്

1995 ൽ പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ ശിവസേന അധികാരത്തിൽ വന്നപ്പോഴാണ് പേര് മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ശിവസേന ബോംബെയെ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ പാരമ്പര്യമായി കാണുകയും നഗരത്തിന്റെ പേര് മറാത്ത പാരമ്പര്യത്തെ പ്രതിഫലിപ്പിക്കണമെന്ന ആഗ്രഹത്തോടെ മുംബാ ദേവിയ്ക്ക് ആദരസൂചകമായി മുംബൈ എന്നാക്കി മാറ്റുകയും ചെയ്തു.

തുടർന്ന് കോൺഗ്രസ് പാർട്ടിയും ഇതേ പാത പിന്തുടരുകയും റെയിൽവേ സ്റ്റേഷനുകളും, എയർപോർട്ടും പ്രധാന റോഡുകളുമെല്ലാം പേര് മാറ്റം നടത്തി തങ്ങളുടെ ‘ആധിപത്യം’ ഉറപ്പാക്കി.

ഏറ്റവും പുതിയ തർക്കം നവി മുംബൈയിലെ പണി തീരാത്ത വിമാനത്താവളത്തെ ചൊല്ലിയായിരുന്നു. രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും നിർമ്മാണം എന്നേക്ക് പൂർത്തിയാകുമെന്ന കാര്യത്തിൽ അനശ്ചിതാവസ്‌ഥ തുടരുന്ന വിമാനത്താവളത്തിന് എന്ത് പേരിടണമെന്ന വേവലാതിയിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ

ഇപ്പോഴിതാ ഔറംഗാബാദ് നഗരത്തിന്റെ പേരു മാറ്റുന്നതിനെച്ചൊല്ലിയാണ് മഹാരാഷ്ട്ര സർക്കാരിന്റെ സഖ്യകക്ഷികളായ ശിവസേനയും കോൺഗ്രസും തമ്മിൽ കൊമ്പു കോർക്കുന്നത്. മുസ്‌ലിം വോട്ടുബാങ്ക് നഷ്ടമാകുമോ എന്ന ആശങ്ക കൊണ്ടാണ് കോൺഗ്രസ് പേരുമാറ്റത്തെ എതിർക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി.

എന്നാൽ സ്വന്തം വോട്ടുകൾ ചോർന്നു പോകുമോയെന്ന ഭയമാണ് ശിവസേനക്കെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പാർട്ടിക്ക് ഔറംഗാബാദ് ‘സംഭാജി നഗറാ’ണെന്നും അങ്ങനെ തന്നെ തുടരുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കി.

ഔറംഗബാദിന്റെ വികസനമാണ് പ്രധാനപ്പെട്ട കാര്യമാണെന്നും ‘സംഭാജിനഗർ’ എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനം ഭരണകക്ഷിയായ മഹാ വികാസ് അഗാദി ഘടകങ്ങൾ ഏകകണ്ഠമായി തീരുമാനിക്കുമെന്നും ശിവസേന നേതാവും മന്ത്രിയുമായ ആദിത്യ താക്കറെ പറഞ്ഞു.

ഔറംഗാബാദിന്റെ പേരു മാറ്റണമെന്ന് ആവശ്യപ്പെടുന്ന ശിവസേനകഴിഞ്ഞ ഭരണത്തിൽ എന്തുകൊണ്ടാണ് ഇക്കാര്യം നടപ്പാക്കാതിരുന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ബാലാഹേബ് തോറാട്ട് ചോദിച്ചു. ഔറംഗാബാദ് നഗരസഭയുടെ ഭരണം കൈയിലുള്ളപ്പോഴും ഒന്നും ചെയ്തില്ലെന്ന് തോറാട്ട് പറഞ്ഞു.

പേരുമാറ്റാനുള്ള ശുപാർശയ്ക്ക് വൈകാതെ സർക്കാർ അംഗീകാരം നൽകുമെന്ന് ശിവസേനാ നേതാവും മന്ത്രിയുമായ സുഭാഷ് ദേശായി പറഞ്ഞു. മതനിരപേക്ഷ കക്ഷികളായതിന്റെ പേരിലാണ് പേരുമാറ്റത്തെ കോൺഗ്രസ് എതിർക്കുന്നതെന്നും ഔറംഗസേബ് മതനിരപേക്ഷതയിൽ വിശ്വസിച്ചിരുന്നില്ലെന്നും ശിവസേനാ മുഖപത്രമായ സാമ്‌ന അടയാളപ്പെടുത്തി.

ഔറംഗാബാദിന്റെ പേരുമാറ്റം മുസ്‌ലിം സമൂഹത്തിന് ഇഷ്ടപ്പെടില്ലെന്നും തങ്ങളുടെ മതനിരപേക്ഷ പ്രതിഛായ നഷ്ടമാകുമോയെന്നാണ് കോൺഗ്രസ്സിന്റെ ഭയമെന്നും ലേഖനത്തിൽ പറയുന്നു. അതിനാൽ യഥാർഥ മറാഠി ഹിന്ദുവിന് ഔറംഗസേബിനോട് അനുഭാവം തോന്നേണ്ടതില്ലെന്നും സാമ്‌നയുടെ ലേഖനം അടിവരയിടുന്നു. മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന നാളുകൾ പേരു മാറ്റത്തെ ചൊല്ലിയുള്ള പോർവിളികൾ കൊണ്ട് മുഖരിതമാകുമ്പോൾ അതിജീവനത്തിനായി പൊരുതുന്ന സാധാരണക്കാരുടെ ആശങ്കകളാണ് മാറ്റമില്ലാതെ തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News