‘ഹലോ ബിജെപി, ഞങ്ങള്‍ എന്ത് കഴിക്കുന്നു, എന്ത് കാണുന്നു എന്നത് സെന്‍സര്‍ ചെയ്യരുത്’ ; താണ്ഡവിനെതിരെ ബിജെപി നടത്തുന്ന നീക്കത്തിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി:  ആമസോണ്‍ പ്രൈം വെബ്സീരിസായ താണ്ഡവ് നിരോധിക്കണമെന്നാവശ്യപ്പെട്ടുളള ബി.ജെ.പി നടത്തുന്ന നീക്കത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര രംഗത്ത്. താന്‍ ഒരു ഹിന്ദുവാണെന്നും സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ തന്റെ വികാരങ്ങളെ വ്രണപ്പെടുത്തില്ലെന്നും ബിജെപിക്കുള്ള മറുപടിയെന്നോണം മഹുവ പറഞ്ഞു.

‘ഹലോ ബിജെപി – ഞാന്‍ ഒരു ഹിന്ദുവാണ്. എന്റെ വികാരങ്ങള്‍ ദുര്‍ബലമല്ല. എന്നാല്‍, സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ എന്റെ വികാരങ്ങളെ വ്രണപ്പെടുത്തില്ല. ആദ്യം ഇന്ത്യയുടെ നെഞ്ചില്‍ കയറി ബി.ജെ.പി നടത്തുന്ന താണ്ഡവമാണ് നിര്‍ത്തേണ്ടത് അല്ലാതെ സ്‌ക്രീനിലെ ‘താണ്ഡവ് ‘ അല്ലെന്നാണ് മഹുവ പറഞ്ഞത്. ഞങ്ങള്‍ എന്ത് കഴിക്കുന്നു, എന്ത് കാണുന്നു, ആരെയാണ് ഇഷ്ടപ്പെടുന്നത് എന്നത് സെന്‍സര്‍ ചെയ്യരുത്.’ ബിജെപിക്ക് താക്കീത് നല്‍കിക്കൊണ്ട് മഹുവ മൊയ്ത്ര പറഞ്ഞു.

‘താണ്ഡവ്’ എന്ന വെബ്‌സിരീസ് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തുവന്നിരിക്കുകയാണ്.

അതേസമയം, താണ്ഡവ് സീരീസിനെതിരെയുള്ള ബിജെപിയുടെ പരാതിയില്‍ യു.പി പൊലീസ് കേസെടുത്തു. താണ്ഡവത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെയാണ് കേസ്. ഉത്തര്‍പ്രദേശ് പൊലീസാണ് കേസെടുത്തത്.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ചാണ് ബിജെപി താണ്ഡവിനെതിരെ പരാതി നല്‍കിയത്.

ആമസോണ്‍ ഒറിജിനല്‍ കണ്ടെന്റ് മേധാവി അപര്‍ണ പുരോഹിത്, സംവിധായകന്‍ അലി അബ്ബാസ്, നിര്‍മ്മാതാവ് ഹിമാന്‍ഷു മെഹ്‌റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel