മെഡിക്കൽ കോളേജിൽ വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ദിനം വാക്സിൻ സ്വീകരിച്ചത് 57 പേർ

തിരുവനന്തപുരം: വിപുലമായ സജ്ജീകരണങ്ങളാൽ തയ്യാറായ മെഡിക്കൽ കോളേജിലെ വാക്സിനേഷൻ കേന്ദ്രത്തിൽ തിങ്കളാഴ്ച ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. 57 പേരാണ് ആദ്യ ദിനം വാക്സിൻ സ്വീകരിച്ചത്.

100 പേർക്കാണ് ഒരു ദിവസം വാക്സിൻ നൽകുന്നതെങ്കിലും സ്ഥലത്തില്ലാവരും ഗർഭിണികളും മുലയൂട്ടുന്നവരുമൊക്കെയായി 43 പേർക്ക് എത്താൻ കഴിഞ്ഞില്ല. ഇവർക്ക് മറ്റൊരു ദിവസം അവസരമൊരുക്കും.

മെഡിക്കൽ കോളേജ് മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബ് കെട്ടിടത്തിൽ സജ്ജീകരിച്ച വാക്സിനേഷൻ കേന്ദ്രത്തിൽ രാവിലെ ഒൻപതിന് വാക്സിനേഷൻ പരിപാടി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ഡവലപ്മെൻ്റ് കമ്മീഷണർ ഡോ വിനയ് ഗോയൽ ഐ എ എസ്, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ ദിവ്യ സദാശിവൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ വിമല, കബ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ പി എസ് ഇന്ദു, അസിസ്റ്റൻ്റ് വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ ദേവരാജ്, വാക്സിനേഷൻ കോ ഓർഡിനേറ്ററും മെഡിക്കൽ കോളേജ് ആശുപത്രി എ ആർ എം ഒ യുമായ ഡോ സുജാത, എം ഡി ആർ എൽ നോഡൽ ഓഫീസർ രതീഷ് ജി ബി
എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാറാണ് ആദ്യം വാക്സിൻ സ്വീകരിച്ചത്. രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് വാക്സിനേഷൻ കേന്ദ്രം പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദ്ദേശമനുസരിച്ചുള്ള പൂർണമായ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിരുന്നു. അഞ്ചുമുറികളിലും ഒരു ഹാളിലുമായാണ് വാക്സിനേഷൻ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

നൂറു പേർക്കാണ് തിങ്കളാഴ്ച വാക്സിൻ നൽകിയത്. ആറു സ്റ്റാഫ് നേഴ്സ്, രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെ എട്ടു പേർ വീതമുള്ള അഞ്ചംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പത്ത് ആഴ്ചയോളം നീളുന്ന വാക്സിനേഷന് ഈ അഞ്ചംഗ സംഘം രണ്ടു തവണയായി നേതൃത്വം നൽകും. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് ഡിഫിബ്രിലേറ്റർ, ആംബുലൻസ് എന്നിവയും സജ്ജമാക്കിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here