കോവിഡിന് ശേഷം തീയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമായി എത്തുന്ന മലയാള സിനിമയാണ് ജയസൂര്യ നായകനായെത്തുന്ന വെള്ളം. ജനുവരി 22നാണ് വെള്ളം തീയ്യേറ്റുകളില്‍ എത്തുന്നത്. വെള്ളത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ക്യാപ്റ്റന്‍ എന്ന വിജയചിത്രത്തിന് ശേഷം സംവിധായകന്‍ പ്രജേഷ് സെന്‍ ഒരുക്കിയ സിനിമയാണ് വെള്ളം. ട്രെയിലറിനൊപ്പം ജയസൂര്യയുടെ അഭിനയവും ജനപ്രീതി നേടിയിരിക്കുകയാണ്. ജയസൂര്യയുടെ കരിയറില്‍ തന്നെ വെള്ളത്തിലെ കഥാപാത്രം വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഒപ്പം ചിത്രത്തിലെ നായക കഥാപാത്രമായ വെളളം മുരളിയെ തിരശീലയ്ക്ക് മുന്നില്‍ അന്വര്‍ത്ഥമാക്കാന്‍ ജയസൂര്യ നടത്തിയ കഠിനാദ്ധ്വാനത്തെ ജനങ്ങള്‍ക്കുമുന്നില്‍ കാട്ടിക്കൊടുക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ പ്രജേഷ് സെന്‍.
താന്‍ ഇതുവരെ കണ്ടിട്ടുളള ആര്‍ട്ടിസ്റ്റുകളില്‍ ഭയങ്കരമായി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റാണ് ജയസൂര്യ എന്നും നമ്മള് ഒരു കാര്യം പറഞ്ഞാല് ഒരിക്കലും നോ പറയില്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രജേഷ് സെന്‍ പറഞ്ഞു. ‘ട്രെയിലറില്‍ ഒരു ഹോസ്പിറ്റലിന്റെ തറയില്‍ നക്കുന്നൊരു സീനുണ്ട്. അത് എത്ര ക്ലീന്‍ ചെയ്തെന്ന് പറഞ്ഞാലും നാവുകൊണ്ട് ഒരാള്‍ക്ക് അങ്ങനെ ചെയ്യാന്‍ പ്രയാസമാണ്. അപ്പോ അത്തരമൊരു കണ്ടീഷനിലേക്ക് പുളളി എത്തി എന്നുളളതാണ്’ പ്രജേഷ് മനസ്സ് തുറക്കുന്നു. ‘ഒരു കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്‌ക്കും എടുക്കുന്ന ഒരു ആക്ടറാണ് ജയസൂര്യ. അതുകൊണ്ട് തന്നെയാണ് ഞാന്‍ അദ്ദേഹത്തിനെ ഇതിലേക്ക് കാസ്റ്റ് ചെയ്യാന്‍ കാരണം’ പ്രജേഷ് പറഞ്ഞു. ജയസൂര്യയുടെ പ്രകടനം തന്നെയാണ് ട്രെയിലറില്‍ മുന്നിട്ടു നിന്നത്.
ചിത്രത്തില്‍ ജയസൂര്യ ഒരു മദ്യപാനിയുടെ കഥാപാത്രമായിട്ടാണ് വരുന്നത്. വെളളം മുരളി എന്നാണ് കഥാപാത്രത്തിന്റെ പേര്. മദ്യപാനം മാത്രം ജീവിതലക്ഷ്യമായി കൊണ്ടുനടക്കുന്ന മനുഷ്യനാണ് വെളളം മുരളി. ഇയാളുടെ കഥയാണ് സിനിമ പറയുന്നത്. അത്തരത്തിലുള്ള കഥാപാത്രമാണ് ജയസൂര്യയുടെടേതെന്നും പ്രജേഷ് സെന്‍ പറഞ്ഞു. നമ്മള്‍ നാട്ടിന്‍ പുറത്തുകണ്ടിട്ടുളളതും പരിചയപ്പെട്ടിട്ടുളളതുമായ ഒരുപാട് മദ്യപാനികള്‍ നമ്മുടെ ചുറ്റുമുണ്ട്. അപ്പോ ആ കൂട്ടത്തില്‍പ്പെട്ട ഒരാളാണ് ജയസൂര്യയുടെ കഥാപാത്രം.
ശരിക്കും ഒരാളുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുമാണ് വെള്ളം സിനിമയാക്കിയത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്ന കുറച്ചുസംഭവങ്ങള്‍ നമ്മള്‍ എടുത്തിട്ടുണ്ട്. നമുക്ക് മനസിലാവുന്ന കേരളത്തിലെ സാധാരണക്കാരായ ആളുകള്‍ കണ്ടിട്ടുളള പരിചിതരായ ഒരു മദ്യപാനി അയാളുടെ ചുറ്റുമാണ് സിനിമ കടന്നുപോവുന്നതെന്നും പ്രജേഷ് പറഞ്ഞു.
കഥ പറഞ്ഞപ്പോള്‍ ജയസൂര്യയ്ക്ക് വളരെ കംഫര്‍ട്ടബിളായി, ആ ക്യാരക്ടര്‍ ഇഷ്ടപ്പെട്ടു. സിനിമയുടെ ചെറിയൊരു ഭാഗമാണ് ഉണ്ടായത്. ആ കഥാപാത്രം മാത്രം. പക്ഷേ പുളളിക്ക് നല്ലതാണന്ന് തോന്നി. അങ്ങനെയാണ് ഈ ചിത്രം ഉണ്ടായത്. ചാടാന്‍ പറയുമ്പോ പറക്കുന്നൊരു മനുഷ്യനാണ് ജയസൂര്യയെന്നും സംവിധായകന്‍ പറയുന്നു.
സംയുക്തമേനോന്‍, സ്‌നേഹ പാലിയേരി എന്നിവര്‍ നായികമാരായത്തുന്ന വെള്ളത്തില്‍ സിദ്ദിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിന്‍സ് ഭാസ്‌കര്‍, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുന്‍, ബാല ശങ്കര്‍, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, സതീഷ് കുമാര്‍, ശിവദാസ് മട്ടന്നൂര്‍ എന്നിവരും ഇന്ദ്രന്‍സ് അതിഥി വേഷത്തിലും എത്തുന്നു. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് വെള്ളം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റോബി വര്‍ഗീസ്. സംഗീതം ബിജിബാല്‍.
Get real time update about this post categories directly on your device, subscribe now.