സ്റ്റാർട്ട്അപ്പുകളെ സഹായിക്കാൻ വെൻച്വർ കാപിറ്റൽ ഫണ്ട് രൂപീകരിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി.
സ്റ്റാർട്ട്അപ്പുകള്‍ക്ക് സർക്കാർ വകപ്പുകള്‍ നല്‍കാനുളള ഫണ്ട് വിതരണത്തിലെ കാലതാമസം ഒഴിവാക്കുമെന്നും മുഖ്യമന്ത്രി. കേരളത്തിലെ സ്റ്റാർട്ട് അപ്പുകളുടെ പ്രതിനിധികളുമായി മാസ്‌ക്കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
സ്റ്റാർട്ട് അപ്പുകളെ സഹായിക്കാൻ കേരള ബാങ്ക്, കെ. എഫ്. സി, കെ. എസ്. ഐ. ഡി. സി എന്നിവയെ സമന്വയിപ്പിച്ച് വെൻച്വർ കാപിറ്റൽ ഫണ്ട് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്റ്റാർട്ട്അപ്പുകള്‍ക്ക് സർക്കാർ വകപ്പുകളുടെ ഫണ്ട് വിതരണത്തിലെ കാലതാമസം ഒഴിവാക്കും. സ്റ്റാർട്ട്അപ്പുകൾക്ക് വേണ്ടി രാജ്യാന്തര ലോഞ്ച്പാഡ് രൂപീകരിക്കും. നിലവിൽ സ്റ്റാർട്ട്അപ്പുകളുടെ നാലു മാസത്തെ വാടക പൂർണമായും അതിന് ശേഷമുള്ള മൂന്നു മാസത്തേത് ഭാഗികമായും ഒഴിവാക്കിയിട്ടുണ്ട്. 20 ലക്ഷം രൂപ വരെ മതിപ്പുള്ള മൊബൈൽ ആപ്പുകളും സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളും സ്റ്റാർട്ട്അപ്പുകളിൽ നിന്ന് സംഭരിക്കുന്നതിന് സർക്കാർ വകുപ്പുകൾക്ക് അനുമതിയുണ്ട്.
കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് ഒരു കോടി രൂപ വരെ മതിപ്പുള്ള ഉത്പന്നങ്ങളോ സേവനങ്ങളോ സമാഹരിക്കുന്നതിന് സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തദേശ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ സ്റ്റാർട്ട് അപ്പുകളുടെ പ്രതിനിധികൾ തങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. മാസ്‌ക്കറ്റ് ഹോട്ടലിൽ നേരിട്ട് എത്തിയവർക്ക് പുറമെ ഓൺലൈനിലും പ്രതിനിധികൾ മുഖ്യമന്ത്രിയുമായി സംവദിക്കാനെത്തി. ഐ. ടി സെക്രട്ടറി മുഹമ്മദ് വൈ. സഫിറുള്ളയും മുഖ്യമന്ത്രിക്ക് ഒപ്പം ചടങ്ങില്‍ പങ്കാളിയായി.
Get real time update about this post categories directly on your device, subscribe now.