അർണാബ് വീണ്ടും പ്രതികൂട്ടിൽ; മുംബൈ പോലീസിനെ അവഹേളിക്കുന്ന വാർത്തകൾക്കെതിരെ ഹൈക്കോടതി

ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണത്തെത്തുടർന്ന് നടന്ന മാധ്യമ വിചാരണയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു ഹൈക്കോടതി.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുംബൈ പോലീസിനെതിരെ റിപ്പബ്ലിക് ടിവിയും ടൈംസ് നൗവും നിരന്തരം നടത്തിയിരുന്ന പരാമർശങ്ങൾ പ്രഥമദൃഷ്ട്യാ അവഹേളനപരമാണെന്ന് ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു.

നടന്റെ മരണത്തെ തുടർന്ന് റിപ്പബ്ലിക് ടിവിയും ടൈംസ് നൗവും നിരന്തരം നടത്തിയ മാധ്യമ വിചാരണയ്‌ക്കെതിരെ ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് ജി എസ് കുൽക്കർണി എന്നിവരുടെ ബെഞ്ച് വാദം കേൾക്കുകയായിരുന്നു. തൽക്കാലം ഒരു നടപടിയും സ്വീകരിക്കില്ലെന്നും എന്നാൽ കേസിലെ അന്വേഷണത്തിനിടെ മാധ്യമ വിചാരണ ശരിയായ നടപടിയല്ലെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്നും കോടതി വ്യക്തമാക്കി.

നടന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തെ ബാധിച്ചേക്കാവുന്ന തരത്തിലുള്ള റിപ്പോർട്ടിംഗിൽ നിന്ന് വിട്ടുനിൽക്കാൻ മാധ്യമസ്ഥാപനങ്ങൾക്ക് നിർദേശം നൽകണമെന്ന് പോലീസ് ഉദ്യോഗസ്ഥർ നൽകിയ ഹർജിയിൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ സ്വാതന്ത്ര്യത്തെ തടയാതെ ടെലിവിഷൻ, അച്ചടി മാധ്യമങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്താനും അവർ ആവശ്യപ്പെട്ടു. എട്ട് മുൻ പോലീസ് ഉദ്യോഗസ്ഥർ സമർപ്പിച്ച നിവേദനമാണ് മുംബൈ പോലീസിനെ മാധ്യമങ്ങൾ മോശമായി ചിത്രീകരിക്കുന്നതിനെ എതിർത്തത്.

ക്രിമിനൽ അന്വേഷണവുമായി ബന്ധപ്പെട്ട ചർച്ചകൾ, സംവാദങ്ങൾ എന്നിവ മാധ്യമങ്ങൾ ഒഴിവാക്കണമെന്നും പൊതുതാൽപ്പര്യത്തിൽ അത്തരം കാര്യങ്ങളിൽ വിവരദായക റിപ്പോർട്ടുകളിൽ മാത്രം ഒതുങ്ങണമെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

അര്‍ണാബും ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച് കൗണ്‍സില്‍) മുന്‍ മേധാവി പാര്‍ത്തോ ദാസ് ഗുപ്തയുമായുള്ള ഞെട്ടിപ്പിക്കുന്ന ചാറ്റുകൾ ഉയർത്തിയ വിവാദം കെട്ടടങ്ങും മുൻപാണ് റിപ്പബ്ലിക് ടിവിയെ വീണ്ടും പ്രതിക്കൂട്ടിലാക്കി കോടതിയുടെ താക്കീത്. മുംബൈ പോലീസിനെയും ബോളിവുഡിനെയും പേരെടുത്ത് അവഹേളിക്കുന്ന തരത്തിൽ അർണാബ് നയിച്ച ചർച്ചകളാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here