കെ വി വിജയദാസ് എം എല്‍ എ യുടെ വിയോഗം കര്‍ഷകപ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടം ; മുഖ്യമന്ത്രി

തിരുവനന്തപുരം : കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കര്‍ഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ അകാലവിയോഗം. കര്‍ഷക കുടുംബത്തില്‍ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂര്‍വമായി പ്രവര്‍ത്തിച്ചു. പാലക്കാട് ജില്ലയില്‍ സിപിഐഎമ്മിന്റെ വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കിയ നേതാവായിരുന്നു വിജയദാസ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ പാലക്കാടിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കി. നിയമസഭയിലെ പ്രവര്‍ത്തനത്തിലും സമൂഹത്തിലെ അധ:സ്ഥിതരുടെ പ്രശ്‌നങ്ങള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് സഹകരണ രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

യുവജന പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന കെ വി വിജയദാസ് ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി എപ്പോ‍ഴും മുന്‍പന്തിയില്‍ നിന്ന പൊതുപ്രവര്‍ത്തകനായിരുന്നു. മികച്ച സഹകാരിയും കര്‍ഷകനുമാണ്. 2011 മുതല്‍ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെവി വിജയദാസ് മണ്ഡലത്തില്‍ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടേറ്റിയറ്റംഗവും കര്‍ഷക സംഘം സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ പ്രസിഡന്‍റുമാണ്. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസമനുഭവിച്ചിട്ടുണ്ട്. മികച്ച കർഷകൻ കൂടിയായ വിജയദാസ് കർഷകരുടെ പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ എപ്പോ‍ഴും മുന്‍നിരയിലുണ്ടായിരുന്നു. ജനകീയപ്രശ്നങ്ങളില്‍ ഇടപെട്ട് ,എപ്പോ‍ഴും ജനങ്ങള്‍ക്കിടയില്‍ നിലകൊണ്ട പൊതുപ്രവര്‍ത്തകനെയാണ് കെവി വിജയദാസിന്‍റെ വേര്‍പാടിലൂടെ നാടിന് നഷ്ടമാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News