കോട്ടയത്ത് ബിജെപിയില്‍ നിയമസഭാ സീറ്റിനെ ചൊല്ലി കടുത്ത തര്‍ക്കം

കോട്ടയത്ത് ബിജെപിയില്‍ നിയമസഭാ സീറ്റിനെ ചൊല്ലി കടുത്ത തര്‍ക്കം. കാഞ്ഞിരപ്പള്ളി സീറ്റിലേക്ക് മത്സരിക്കാനാണ് തമ്മിലടി നടക്കുന്നത്. കൃഷ്ണദാസ് വിഭാഗം മുന്‍ ജില്ലാ പ്രസിഡന്‌റ് എന്‍ഹരിയെ പിനതുണയ്ക്കുമ്പോള്‍ സുരേന്ദ്രന്‍ പക്ഷം മുന്നോട്ട് വയ്ക്കുന്നത് നിലവിലെ ജില്ലാ അധ്യക്ഷന്‍ നോബിള്‍ മാത്യുവിന്റെ പേരാണ്. എന്നാല്‍ ഇരുവിഭാഗങ്ങളേയും വെട്ടി കേന്ദ്രത്തിന്റെ പിന്തുണയോടെ അല്‍ഫോണ്‍സ് കണ്ണന്താനം എത്തുമെന്നും സുചനയുണ്ട്

ബിജെപി മുന്‍ ജില്ലാ പ്രസിഡന്‌റ് എന്‍ഹരിയെ വെട്ടാനായി ന്യൂനപക്ഷ പ്രീണനത്തിന്റെ പേരില്‍ സുരേന്ദ്രന്‍ വിഭാഗം കളത്തിലിറക്കിയ ആളാണ് നിലവിലെ ജില്ലാ പ്രസിഡന്‌റ് നോബിള്‍ മാത്യു. കാഞ്ഞിരപ്പള്ളിയില്‍ കാത്തോലിക്കാ വിഭാഗത്തില്‍ നിന്നുള്ള നോബിള്‍ മാത്യുവിനെ മത്സരിപ്പിക്കണമെന്നാണ് സുരേന്ദ്രന്‍ വിഭാഗത്തിന്‍രെ ആവശ്യം. കത്തോലിക്കാ സഭയ്ക്കും എന്‍എസ്എസ്എസിനും നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. എന്നാല്‍ എന്‍എസ്എസ് സ്വാധീനം ഉയര്‍ത്തിക്കാട്ടി എന്‍ ഹരിയെ പരിഗണിക്കണമെന്ന ഉറച്ച വാശിയിലാണ് കൃഷ്ണദാസ് പക്ഷം.

മുന്‍ എം.എല്‍.എയും കാഞ്ഞിരപ്പള്ളിക്കാരനുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ പരിഗണിക്കണമെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. മൂവരേയും കൂടാതെ മുന്‍ വനിതാ കമ്മിഷന്‍ അംഗം ജെ. പ്രമീളാ ദേവിയും കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥി മനോജും ഇക്കുറി കാഞ്ഞിരപ്പള്ളിയ്ക്കായി കച്ചമുറുക്കിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. എന്നാല്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ആരുടേയും ആഗ്രഹങ്ങള്‍ സീറ്റ നിര്‍ണ്ണയത്തിനുള്ള ഘടകമല്ലെന്നും ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാവ് നാരായണന്‍ നമ്പൂതിരി പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജില്ലയിലുണ്ടായ വലിയ പരാജയമാണ് നോബിള്‍ മാത്യുവിനെതിരെ എന്‍ഹരിയെ അനുകൂലിക്കുന്നവര്‍ ആയുധമാക്കുന്നത്. കഴിഞ്ഞ തവണ പാലാ സീറ്റില്‍ ഹരി മത്സരിക്കുകയും വോട്ട്ക്കച്ചവടം നടത്തിയെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുകയും ഹരി രാജിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ ബിജെപി നേതൃത്വം പിന്നീട് തയ്യാറായില്ല. നോബിള്‍ മാത്യു ജില്ലാ അധ്യക്ഷനായതോടെ ജില്ലയില്‍ സജീവമായ പല പ്രവര്‍ത്തകരും ഇന്ന് നീര്‍ജീവമാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട വലിയ പരാജയം ഇതിനുദാഹരണമാണ്. പാര്‍ട്ടിയില്‍ പരിണിതപ്രജ്ഞരായ നേതാക്കള്‍ ഉള്ളപ്പോഴും നോബിള്‍ മാത്യുവിനെ എന്തിന് കൊണ്ടുവന്നെന്ന ചോദ്യവും ജില്ലയിലെ ബിജെപിയില്‍ വലിയ തര്‍ക്കമായി തുടരുകയാണ്. ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജില്ലയില്‍ കാലാകലങ്ങളായി തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടം മാത്രം നടത്തിയിരുന്ന ബിജെപിക്ക് ഇനിയൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ ജയപ്രതീക്ഷയോടെ നേരിടാനുള്ള കെല്‍പ്പുമില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here