ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം; കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാക്കും

ഉമ്മന്‍ചാണ്ടിയെ നേതാവ് ആയി അവരോധിക്കാനുളള ഹൈകമാന്‍ഡ് തീരുമാനം കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാക്കും. മുസ്ലീം ലീഗിന്‍റെ അപ്രമാധിത്യം ഒരിക്കല്‍ കൂടി അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു ചെന്നിത്തലക്ക് സംഭവിച്ച അപ്രതീക്ഷിത വീ‍ഴ്ച്ച. നാലര വര്‍ഷം കോണ്‍ഗ്രസിനെ നയിച്ച ചെന്നിത്തലക്ക് കനത്ത തിരിച്ചടി നല്‍കിയ ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ ഐ ഗ്രൂപ്പ് ഒന്നടങ്കം ഖിന്നരാണ്.

ഹൈകമാന്‍ഡിന്‍റെ പുതിയ തീരുമാനത്തിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ കരുതി കൂട്ടി തന്നെയായിരുന്നു. ഉമ്മൻ ചാണ്ടി നയിക്കും, UDF ജയിക്കും എന്നെ‍ഴുതിയ ബോർഡിന് നടവിലൂടെ ചെന്നിത്തല വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക്. മുഖത്ത് പതിവിലേറെ ഗൗരവം. പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് നിസംഗഭാവത്തില്‍ ഇല്ലെന്ന് ഒറ്റവാക്കില്‍ മറുപടി.ചെന്നിത്തലയുടെ വാഹനവ്യൂഹം മടങ്ങി പിന്നെയും പത്ത് മിനിറ്റ് ക‍ഴിഞ്ഞാണ് ഉമ്മന്‍ചാണ്ടി പുറത്തിറങ്ങിയത് .

പുഷ്പവൃഷ്ടിക്ക് നടുവിലൂടെ കാറിലേക്ക് നടന്ന ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചില്ല . ദില്ലിയില്‍ നടന്ന രാഷ്ടീയ അട്ടിമറിയുടെ ശരീരഭാഷ പ്രതിഫലിപ്പിക്കുന്നതായിരുന്നു രണ്ട് നേതാക്കളുടെ പെരുമാറ്റ രീതികള്‍. 1994 ല്‍ ലീഗിന്‍റെ ആവശ്യത്തിന് വ‍‍ഴങ്ങി കെ കരുണാകരനെയും, 2004 ല്‍ വീണ്ടും ലീഗിന്‍റെ ആവശ്യത്തിന് വ‍ഴങ്ങി എകെ ആന്‍റണിയും നേതൃ സ്ഥാനത്ത് നിന്ന് മാറ്റിയ ഹൈക്കമാന്‍ഡ് ഒരിക്കല്‍ കൂടി ലീഗ് പറഞ്ഞടുത്ത് തുല്യം ചാര്‍ത്തിയതില്‍ ഐ ഗ്രൂപ്പ് ഒന്നടങ്കം അസ്ഥരാണ്.

ലീഗിനെയും കുഞ്ഞാലികുട്ടിയെയും സമര്‍ത്ഥമായി ഉപയോഗിച്ച് കരുക്കല്‍ നീക്കിയ എ ഗ്രൂപ്പ് കൈനനയാതെ മീന്‍ പിടിച്ചതില്‍ കടുത്ത സന്തോഷത്തിലും.പ്രതിപക്ഷത്ത് ഇരുന്ന് സര്‍ക്കാരിനെതിരെ ഇല്ലാകഥകള്‍ പറഞ്ഞുണ്ടാക്കിയിട്ടുംനിര്‍ണ്ണായക സമയത്ത് തന്നെ ഹൈക്കമാന്‍ഡ് കൈവിട്ടതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടുത്ത രോക്ഷത്തിലെന്നാണ് ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. ഇനി തങ്ങളുടെ പരമാവധി അനുയായികള്‍ക്ക് സീറ്റുകള്‍ വാങ്ങി നല്‍കാനാവും ഇരു പക്ഷവും ശ്രമിക്കുക.

എ ഗ്രൂപ്പ് ക‍ഴിഞ്ഞ നാലരവര്‍ഷം പ്രതിപക്ഷനേതാവിനോട് നിസഹകരിച്ചത് പോലെ ഇനിയങ്ങോട്ട് കടുത്ത നിസഹകരണത്തിലേക്ക് നീങ്ങി തിരച്ചടിക്കണമെന്നാണ് ഐ ഗ്രൂപ്പ് നേതൃത്വം ചിന്തിക്കുന്നത്. സമീപദിവസങ്ങളില്‍ തന്നെ അനുകൂലിക്കുന്ന നേതാക്കളോട് ആശയ വിനിമയം നടത്തിയ ശേഷം നിലപാടിലെത്താമെന്നാണ് ഐഗ്രൂപ്പ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here