ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

ബ്രിസ്‌ബെന്നിലെ അവസാന ടെസ്റ്റില്‍ 3 വിക്കറ്റിന്റെ ഐതിഹാസിക വിജയത്തോടെയാണ് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ പരമ്പര സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 328 റണ്‍സ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ശുഭ്മാന്‍ , റിഷഭ് , ചേതേശ്വര്‍ പൂജാര എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. ഗില് 91 ഉം പന്ത് 89 ഉം പൂജാര 56 ഉം റണ്‍സെടുത്തു. ബ്രിസ്‌ബെന്നില്‍ 1998നു ശേഷം ആദ്യമായാണ് ഓസിസ് പരാജയമറിയുന്നത്. ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ട് തവണ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ പരമ്പര സ്വന്തമാക്കുന്നത്. ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പര നേട്ടമാണിത്. വിരാട് കോഹ്ലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബൂമ്ര, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങി മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ഒരുപിടി പുതുമുഖങ്ങളുമായാണ് ഇന്ത്യ ഓസിസ് മത്സരം അരങ്ങേറിയത്.

ഓസ്ട്രേലിയ കുറിച്ച 328 വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ന് കളി ആരംഭിച്ച ശേഷം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് ഉപനായകന്‍ രോഹിത് ശര്‍മ്മയെയാണ് (7), തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലും പൂജാരയും ചേര്‍ന്ന് സഖ്യം 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാം മത്സരത്തില്‍ കന്നി സെഞ്ചുറിയ്ക്ക് ഒന്‍പത് റണ്‍സ് മാത്രം അകലെ നേഥാന്‍ ലയാണ്‍ ഗില്ലിനെ പുറത്താക്കി. തുടര്‍ന്ന് ബാറ്റ് ചെയ്യാനെത്തിയ നായകന്‍ അജിങ്ക്യ രഹാനെ ഏകദിന ശൈലിയില്‍ 22 പന്തില്‍ 28 റണ്‍സ് നേടി പുറത്തായി. എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന പൂജാര കരിയറില്‍ ഏറ്റവും വേഗം കുറഞ്ഞ അര്‍ത്ഥസെഞ്ചുറിയുടെ സ്വന്തം റെക്കോര്‍ഡ് തിരുത്തി. 196 പന്തുകള്‍ നേരിട്ടാണ് പൂജാര 50 റണ്‍സ് പൂര്‍ത്തിയാക്കിയത്.

പുറത്താകാതെ 89 റണ്‍സുമായി അജയ്യനായി നിന്ന ഋഷഭ് ലക്ഷ്യത്തിലേക്ക് മൂന്നു റണ്‍സ് മാത്രമിരിക്കേ, പന്തിനെ അതിര്‍വരയിലേക്ക് പായിച്ചാണ് ആഘോഷ ജയം എത്തിപ്പിടിച്ചത്. ഇതോടെ കംഗാരു മണ്ണില്‍ ഇന്ത്യ നേടിയത് 2-1 ന്റെ തുടര്‍ച്ചയായ രണ്ടാം പരമ്പര വിജയം. അവസാന 20 ഓവറില്‍ 100 റണ്‍സ് ആവശ്യമായിരുന്ന കളിയില്‍ അതിവേഗം ബാറ്റുവീശി പന്തും കൂട്ടുകാരും ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. ചരിത്ര വിജയത്തോടെ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News