
പരസ്യ ചിത്രീകരണം നടത്തി ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കിയ സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ദേവസ്വം ഭരണസമിതി.
ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയതിന് ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ കമ്പനി, നടി അനുശ്രീ, പരസ്യ കമ്പനിയായ സിക്സ്ത് സെന്‍സിന്റെ ഉദ്യോഗസ്ഥന് ശുഭം ദുബെ എന്നിവര്‍ക്കെതിരെയാണ് ദേവസ്വം ഭരണസമിതി നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്.
ഇവരില്‍നിന്ന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കുമെന്ന് ദേവസ്വം ഭരണസമിതി വ്യക്തമാക്കി.
ഇവരുടെ പക്കലുള്ള ഇലക്ട്രോണിക് രേഖകള്‍ തിരിച്ചുകിട്ടാനും ചിത്രീകരിച്ച പരസ്യം പ്രസിദ്ധപ്പെടുത്തുന്നത് തടയാനും കോടതിയെ സമീപിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു.
ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷന്‍ നടത്താനെന്ന വ്യാജേന അപേക്ഷ നല്കിയ ശേഷം പരസ്യചിത്രീകരണം നടത്തുകയായിരുന്നുവെന്ന് ദേവസ്വം വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
ചിത്രീകരണം തടയാതിരുന്ന ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്മാരായ പി.എ. അശോക് കുമാര്‍, സി. ശങ്കരനുണ്ണി, വി. രാജഗോപാലന്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അശോക് കുമാര്‍ കണ്വീവറായ കമ്മിറ്റി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. നേരത്തേ കമ്പനിക്കും നടിക്കുമെതിരെ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here