ഡൊണാൾഡ് ട്രംപ് എന്ന ശതകോടീശ്വരൻ അമേരിക്കയുടെ തലപ്പത്തേയ്ക്ക് നടന്നു കയറി: നയങ്ങളും പ്രവൃത്തികളും അയാളെ സ്ഥാനഭ്രഷ്ടനാക്കി

VINAYAK.S

ഡൊണാൾഡ് ട്രംപ് എന്ന ശതകോടീശ്വരൻ അമേരിക്കയുടെ തലപ്പത്തേയ്ക്ക് നടന്നു കയറിയതും ഭരണകാലയളവിൽ നയങ്ങളും പ്രവൃത്തികളും എല്ലാം ഒടുവിൽ അയാളെ സ്ഥാനഭ്രഷ്ടനാക്കിയതുമെല്ലാം ഈ കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ ലോകജനത വീക്ഷിച്ചതാണ്.

വംശീയതയും അരാജകത്വവും കൊടികുത്തി വാഴുന്ന അമേരിക്കയുടെ പ്രഥമ പുരുഷനായി വിരാജിക്കുവാനായിരുന്നു ട്രംപിന് താല്പര്യം. നാലുവർഷം നീണ്ട ഭരണത്തിനിടയിൽ പലതവണ മാറിമറിഞ്ഞ അഭിപ്രായപ്രകടനങ്ങളും പ്രഖ്യാപനങ്ങളുമെല്ലാം ട്രംപെന്ന ഭരണാധികാരിയെ അളക്കുവാൻ യു എസ് ജനതയ്ക്ക് കാരണങ്ങളായി.

അമേരിക്ക ഇന്നോളം കണ്ടു പോന്ന ഒരു രാഷ്ട്രീയ നേതാവിന്റെയോ പ്രസിഡന്റിന്റേയോ ശൈലിയായിരുന്നില്ല അദ്ദേഹത്തിന്റേത്. ധനികരുടെയും സ്തുതിപാഠകരുടെയും വെള്ളക്കാരുടെയും ഒക്കെ താൽപര്യങ്ങൾ സംരക്ഷിച്ചു പോന്ന ഒരു ഭരണാധികാരിയായി മാറുകയായിരുന്നു ട്രംപ്. അതിനാൽ തന്നെ ന്യൂനപക്ഷ വിഭാഗങ്ങളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും എതിർപ്പ് എന്നും അദ്ദേഹത്തിന് പുറകെ ഉണ്ടായിരുന്നു.

അമേരിക്ക കോവിഡ് വ്യാപനം കൈകാര്യം ചെയ്ത രീതിയും ഭരണാധികാരി എന്ന നിലയിൽ ട്രംപ് സ്വീകരിച്ച നിലപാടുകളുമെല്ലാം ജനങ്ങളെ തെല്ലൊന്നുമല്ല അലട്ടിയത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായും ലോക പോലീസായും അഭിമാനംകൊള്ളുന്ന അമേരിക്കയ്ക്ക് മൂന്ന് ലക്ഷത്തിലേറെ ജീവനുകളാണ് covid19 മൂലം നഷ്ടമായത്, അതോടെ ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുന്ന ഭരണാധികാരിയായി ട്രംപ് മാറുകയുണ്ടായി. കോവിഡ് മഹാമാരി നിയന്ത്രണാതീതമായിരുന്ന ഘട്ടങ്ങളിലും അമേരിക്കൻ ജനതയുടെ മേലെ വൈറസ് ഭീഷണി കുറയുന്നു എന്നും ഒരു മായാജാലം പോലെ അത് പൊടുന്നനെ ഇല്ലാതാക്കുമെന്നും തരത്തിലുള്ള തെറ്റിദ്ധാരണ പരത്തുവാൻ അദ്ദേഹം ശ്രമിച്ചു.

മാസ്ക് ധരിക്കുന്നതിനെപ്പറ്റിയും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചെല്ലാമുള്ള അലക്ഷ്യവും ഉദാസീനമായ പ്രതികരണങ്ങളും മാസ്ക് ധരിക്കാതെ പൊതുപരിപാടികളിൽ പങ്കെടുത്തതുമൊക്കെ കുരുതി കൊടുത്തത് മൂന്ന് ലക്ഷത്തിലേറെ ജീവനുകളെയാണ്. കോവിഡിന്റെ തുടക്കകാലങ്ങളിൽ സ്വീകരിച്ച ഉദാസീനത പകർച്ചവ്യാധി നിരക്ക് പൊടുന്നനെ കൂട്ടുവാനും അതിനാൽ തന്നെ മരണങ്ങളുടെ നിരക്ക് വർദ്ധിക്കുവാനും കാരണമായി, ഇതിനെതിരെ പ്രതിപക്ഷവും പൊതുജനാരോഗ്യ വിദഗ്ദ്ധരും എന്തിനേറെ റിപ്പബ്ലിക്കൻ പാർട്ടിയിലെ നേതാക്കൾ പോലും പ്രതിഷേധമുയർത്തുകയുണ്ടായി.

1918-ലെ സ്പാനിഷ് ഫ്ലൂവിനും രണ്ടാം ലോകമഹായുദ്ധത്തിനുംശേഷം ഏറ്റവുമധികം അമേരിക്കക്കാരെ മരണത്തിലേക്ക് തള്ളിയിട്ട ചരിത്രമാണ് 2020 ലെ കൊറോണവൈറസ് സൃഷ്ടിച്ചത്.കുടിയേറ്റക്കാരെ തടയുവാൻ യുഎസ് – മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കാൻ ആഹ്വാനം ചെയ്ത ട്രംപിനെ ലോകജനത ഉറ്റുനോക്കിയത് ഭയത്തോടെയായിരുന്നു. മതിൽ നിർമ്മാണത്തിനുവേണ്ടി അടിയന്തരാവസ്ഥ പോലും പ്രഖ്യാപിക്കാൻ തയ്യാറെടുത്ത അദ്ദേഹം യുഎസ് ഭരണഘടനയെ പോലും മുഖവിലയ്ക്കെടുക്കാത്ത തരത്തിലായിരുന്നു ഭരണ കാലയളവ് തള്ളി നീക്കിയത്.

മെക്സിക്കൻ അതിർത്തിയിലെ ഈ മതിൽ നിർമ്മാണം രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ആഘാതങ്ങൾക്കപ്പുറം ദേശീയവാദം ഉയർത്തിക്കാട്ടി വോട്ടു നേടുകയെന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമായിരുന്നു. മാനവികതയ്ക്ക് എതിരെ കെട്ടി ഉയർത്തുന്ന മതിലായി ഇതിനെ ലോകരാജ്യങ്ങൾ വീക്ഷിച്ചു.

ജോർജ് ഫ്ലോയ്ഡ് കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ ആളിക്കത്തിയ പ്രക്ഷോഭത്തിനെതിരെ ട്രംപ് സ്വീകരിച്ച നിലപാടുകളും അഭിപ്രായപ്രകടനങ്ങളുമെല്ലാം രൂക്ഷമായ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കുമാണ് വഴിവെച്ചത്. ട്രംപിന്റെ പരാജയകാഹളം മുഴങ്ങുന്നതിനുള്ള 2020-ലെ ആദ്യ കാരണമായി ജോർജ്ജ് ഫ്ലോയ്ഡിന്റെ കൊലപാതകം മാറുകയുണ്ടായി. അതിനെ തുടർന്നുണ്ടായ Black Lives Matter പ്രക്ഷോഭം ലോകത്തെ തന്നെ പിടിച്ചുലച്ചു.

അലക്ഷ്യമായ പ്രതികരണങ്ങൾ കൊണ്ട് പ്രസിദ്ധി നേടിയ പ്രസിഡന്റിന്റെ പെരുമാറ്റത്തിൽ വ്രണപ്പെട്ട കറുത്ത വർഗ്ഗക്കാരായ തദ്ദേശിയരുടെ അമർഷം BLM പ്രക്ഷോഭത്തെ ട്രംപ് വിരുദ്ധരുടെ ചേരിയായി ഉയർത്തിയെടുക്കുന്നതായിരുന്നു. പൊതുജനമധ്യത്തിൽ പോലും യാതൊരു കൂസലുമില്ലാതെ വംശീയമായി സംസാരിക്കുവാൻ ട്രംപ് തുനിഞ്ഞപ്പോൾ പ്രതിഷേധങ്ങൾ കൂടുതൽ ശക്തിയാർജിക്കുകയാണ് ഉണ്ടായത്.

 എന്തിനും ഏതിനും അടിക്കടി ഉയർത്തുന്ന ചൈന വിരുദ്ധ പരാമർശങ്ങളും വ്യാപാര യുദ്ധങ്ങളും മറ്റ് ലോകരാജ്യങ്ങൾക്കും നേതാക്കൾക്കും മേലെ തീരുമാനങ്ങൾ കെട്ടിവയ്ക്കുന്നതുമെല്ലാം ട്രംപ് എന്ന് സ്വേച്ഛാധിപതിയുടെ അടയാളങ്ങളായി മാറുകയുണ്ടായി. ലോകാരോഗ്യസംഘടനയുടെ സ്വീകരിച്ച നിലപാടുകളും അതിൽ നിന്നുള്ള പിന്മാറ്റവും എല്ലാം ട്രംപിന്റെ വികലമായ തീരുമാനങ്ങളായിരുന്നു. ഈ തീരുമാനം ആഭ്യന്തര ആരോഗ്യ ശൃംഖലയിലും അനുബന്ധ ഗവേഷണ ഉൽപാദന മേഖലകളിലും വൻ പ്രതിസന്ധികൾക്ക് കാരണമായേക്കാവുന്നതാണ്.

സാമൂഹികമാധ്യമങ്ങളിൽ ഡൊണാൾഡ് ട്രംപ് ചില അവസരങ്ങളിൽ കൂടുതൽ അപകടകാരിയായിരുന്നു. 2016 ലെ പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ ട്രംപിനെ അധികാരത്തിൽ എത്തിക്കുന്നതിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട വ്യാജ വാർത്തകൾക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഈയിടെ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനുശേഷം ട്രംപ് നടത്തിയ അഭിപ്രായപ്രകടനം ട്വിറ്റർ വിലക്കിയതുമൊക്കെ വലിയ വാർത്തയായിരുന്നു.

സത്യാനന്തര കാലത്തെ അപകടകാരിയായ ലോക നേതാവായി മാറിയിരുന്നു ട്രംപ്. സാമൂഹിക മാധ്യമങ്ങളൊക്കെ തന്നെ ട്രംപിന്റെ പല അഭിപ്രായങ്ങളും നീക്കുകയും താക്കീത് ചെയ്യുകയുമുണ്ടായി. ഒടുവിലിപ്പോൾ ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ യൂട്യൂബും ട്രംപിനെ വിലക്കിയിരിക്കുകയാണ്.

പരാജയം അംഗീകരിക്കാതെ അമേരിക്കൻ ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണം ഒടുവിൽ ട്രംപിനെ അധികാരത്തിൽ നിന്നും വലിച്ചിറക്കി ചവറ്റുകുട്ടയിലേക്ക് കളയുവാനുള്ള കാരണമായി മാറി. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഒരുപോലെ ഭീഷണിയാണ് ട്രംപെന്നാണ് റിപ്പബ്ലിക്കൻമാർ പോലും അഭിപ്രായപ്പെട്ടത്.

അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി ഭരണ കാലയളവിൽ രണ്ടുതവണ ഇംപീച്ച്മെന്റിന് വിധേയനായ പ്രസിഡന്റായ ട്രംപ് സ്ഥാനഭ്രഷ്ടനാകുമ്പോൾ ഉയർന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് നേരെ മുഖം തിരിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന ലോകത്തെ തീവ്രവലതുപക്ഷ നേതാക്കൾക്കൊക്കെയും വലിയ താക്കീതാണ് നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here