ചരിത്രം രചിച്ച് ഇന്ത്യ; ഓസ്ട്രേലിയയെ മൂന്നു വിക്കറ്റിന് തോൽപ്പിച്ചു

35 വർഷമായി ഗാബയിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത കങ്കാരുകളുടെ വമ്പ് പഴങ്കഥയാക്കി ക്യാപ്റ്റൻ രഹാനെയും ടീമും നാലാം ടെസ്റ്റിൽ  രചിച്ചത് പുത്തൻ ചരിത്രം. മൂന്നു വിക്കറ്റിന് ഓസ്ട്രേലിയയെ തോൽപ്പിച്ച് 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഓസ്ട്രേലിയൻ മണ്ണിലെ തുടർച്ചയായ രണ്ടാം പരമ്പര വിജയമാണ്.

ഇതോടെ ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യ നിലനിർത്തി. 1988 നുശേഷം ബ്രിസ്ബെയ്നിൽ ഓസീസ് ആദ്യമായാണ് തോൽക്കുന്നത്. അതോടൊപ്പം ബ്രിസ്ബെയ്നിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്.

ഇന്ത്യയ്ക്ക് തുടക്കത്തിൽതന്നെ രോഹിത് ശർമയെ നഷ്ടമായിരുന്നു. 21 ബോളിൽനിന്നും 7 റൺസെടുത്ത രോഹിതിനെ കമ്മിൻസാണ് പുറത്താക്കിയത്.മൂന്നാമനായി ഇറങ്ങിയ ചേതേശ്വർ പൂജാരയ്ക്കൊപ്പം ചേർന്ന് ശുഭ്മാൻ ഗില്ലാണ് പിന്നീട് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഗില്ലിന്റെ ഏറ്റവും ഉയർന്ന സ്കോർ നേടി ടീമിന്റെ നെടുംതൂണ്ണായി മാറി.

91 റൺസെടുത്ത ശുഭ്മാൻ ഗില്ലും 81 റൺസെടുത്ത റിഷഭ് പന്തും 56 റൺസെടുത്ത പൂജാരയും ഫോമിലേക്ക് ഉയർന്നപ്പോൾ ഒസീസ് ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം ഇന്ത്യ 97 ഓവറിൽ  മറികടന്നു.

പൂജാരയുടെയും ക്യാപ്റ്റൻ രഹാനെയുടെയും വിക്കറ്റുകൾ വീണതിന്ന് ശേഷം റിഷഭ് പന്താണ് ഇന്ത്യയെ പിന്നീട് അങ്ങോട്ട് നയിച്ചത്. 89 റൺസുമായി പന്ത് പുറത്താകാതെ നിന്ന പന്ത് അവസാന പന്ത് ഫോറടിച്ചാണ് ഇന്ത്യയെ വിജയിതിലേക്കെതിച്ചത്.

138 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും അടക്കമാണ് പന്ത് 89 റൺസ് നേടിയത്. വാഷിങ്ടൺ സുന്ദർ 22 റൺസെടുത്ത് പുറത്തായി. മായങ്ക് അഗർവാൾ 9 റൺസും ഷാർദുൽ താക്കൂർ 2 റൺസുമെടുത്ത് പുറത്തായി.

ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ് നാലു വിക്കറ്റും, നഥാൻ ലിയോൺ രണ്ടു വിക്കറ്റും ജോഷ് ഹാസിൽവുഡ് ഒരു വിക്കറ്റും നേടി.

33 റൺസിന്റെ ഒന്നാം ഇന്നിങ്ങ്സ് ലീഡാണ് ഓസ്ട്രേലിയക്ക് ഉണ്ടായിരുന്നത്. രണ്ടാം ഇന്നിങ്ങ്സിൽ 294 റൺസിന് ആതിഥേയരെ തള്ളയ്ക്കാൻ ഇന്ത്യക്ക് സാധിച്ചു. പെസർ മുഹമ്മദ് സിറാജും ഷർദുൽ താക്കൂറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഇതോടെ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ 480 പോയിന്റ്സ് നേടി ഇന്ത്യ ഒന്നാമത്തെത്തി.
വിദേശമണ്ണിൽ പരമ്പര നിലനിർത്തിയ ഇന്ത്യൻ ടീമിന് അനുമോദന പ്രവാഹമാണ്. പ്രധാന മന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ ഇന്ത്യൻ ടീമിനെ അനുമോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here