മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. രാജപ്രതിനിധിയുടെ അസാന്നിധ്യത്തില്‍ പന്തളം കൊട്ടാരത്തിലെ കുടുംബാംഗങ്ങള്‍ അവസാന പൂജാ ചടങ്ങുകളില്‍ സാക്ഷ്യം വഹിച്ചു. കുംഭമാസ പൂജകള്‍ക്കായി ക്ഷേത്ര നട അടുത്ത മാസം 12 ന് തുറക്കും.
പരിമിതമായ ഭക്തരെത്തിയ തീര്‍ത്ഥാടനകാലത്തിന് സമാപനം. ഇത്തവണ അവസാന ദിനങ്ങളില്‍ രാജപ്രതിനിധിയുടെ സാന്നിധ്യമില്ലായിരുന്നുവെങ്കിലും അവസാന ഭക്തരായി പന്തളം രാജകുടുംബത്തിലെ മുന്‍ രാജപ്രതിനിധി.യും മറ്റൊരു അംഗവും അയ്യപ്പനെ തൊഴുതു.
പതിവില്‍ നിന്ന് വ്യത്യസ്തമായി സന്നിധാനത്തെ പതിനെട്ട് പടികളിറങ്ങിയുള്ള രാജപ്രതിനിധി മടങ്ങി പോകുന്ന ആചാരപരമായ ചടങ്ങുകളുമില്ലായിരുന്നു. എന്നാല്‍ പടികള്‍ക്ക് താഴെവച്ച് ശ്രീകോവിലിന്റെ താക്കോലും പണക്കിഴിയും ആചാരപൂര്‍വം മുന്‍ രാജപ്രതിനിധി മേല്‍ശാന്തിക്കും ദേവസ്വം അധികൃതര്‍ക്കും കൈമാറി.
മകരസന്ധ്യയില്‍ അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണവും മലയിറങ്ങി.
സന്നിധാനത്തെ ചടങ്ങുകള്‍ക്ക് ശേഷം കൊട്ടാരത്തില്‍ നിന്നെത്തിയ പ്രതിനിധികള്‍ പമ്പയിലെത്തി തിരുവാഭരണത്തോടൊപ്പം യാത്ര തുടങ്ങി. തിരുവാഭരണ മടക്കയാത്ര 21 ന് വൈകിട്ട് 5 ന് പെരുനാട് ക്ഷേത്രത്തിലെത്തും.
ഇവിടെ തിരുവാഭരണം ചാര്‍ത്ത് നടക്കും. തുടര്‍ന്ന് വീണ്ടും യാത്ര തുടങ്ങുന്ന തിരുവാഭരണ പേടക സംഘം 22 ന് വൈകിട്ട് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ തങ്ങും. പിറ്റേന്ന് പുലര്‍ച്ചെ ആറന്‍മുളയില്‍ നിന്ന് പുറപ്പെട്ട് എത്തുന്ന തിരുവാഭരണം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ നിലവറയില്‍ സൂക്ഷിക്കും.
Get real time update about this post categories directly on your device, subscribe now.