വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ പീഢനത്തിനിരയായി ദൂരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ പുനര്‍വിചാരണ നടപടിക്രമങ്ങള്‍ക്ക് പാലക്കാട് പോക്സോ കോടതിയില്‍ ഇന്ന് തുടക്കമാവും.
സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതി വിധി റദ്ധാക്കി പുനര്‍വിചാരണയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയതോടൊപ്പം പ്രതികളോട് ജനുവരി 20ന് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. തുടരന്വേഷണത്തിന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹര്‍ജി നല്‍കും.
സംസ്ഥാന സര്‍ക്കാരും പെണ്‍കുട്ടികളുടെ അമ്മയും പ്രതികളെ വിചാരണ കോടതി വെറുതെ വിട്ട വിധിക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജനുവരി 6ന് ഹൈക്കോടതി വിചാരണ കോടതി വിധി റദ്ധാക്കി പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടത്.
തുടരന്വേഷണം ആവശ്യപ്പെട്ടാല്‍ വിചാരണ കോടതി പരിഗണിക്കണമെന്നും പ്രതികളോട് വിചാരണ കോടതിക്ക് മുന്പാകെ ഹാജരാവാനും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമായിരുന്നു. ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വി മധു, എം മധു, ഷിബു എന്നിവരാണ് ഇന്ന് കോടതിയില്‍ ഹാജരാകേണ്ടത്.
കേസില്‍ പ്രതിയായിരുന്ന മൂന്നാം പ്രതി പ്രദീപ്കുമാര്‍ ഹൈക്കോടതിയിലെ വിചാരണക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസിന്‍റെ തുടരന്വേഷണത്തിനായി റെയില്‍വേ എസ് പി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തിലുള്‍പ്പെട്ട ക്രൈം ബ്രാഞ്ച് എസ്പി എഎസ് രാജു തുടരന്വേഷണത്തിനായി ഇന്ന് ഹര്‍ജി നല്‍കും. പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യ പ്രകാരം കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
2017 ജനുവരി മൂന്നിന് 13 വയസ്സുള്ള പെണ്‍കുട്ടിയെയും 54 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് നാലിന് 9 വയസ്സുകാരിയായ സഹോദരിയെയും തൂങ്ങി മരിച്ച നിലയില്‍ വാളയാറിലെ ഒറ്റമുറി വീട്ടില്‍ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടികള്‍ പീഢനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും പ്രതികളെ മതിയായ തെളിവില്ലെന്ന കാരണത്താല്‍ പാലക്കാട് പോക്സോ കോടതി 2019 ഒക്ടോബര്‍ 25ന് വെറുതെ വിടുകയായിരുന്നു.
പ്രോസിക്യൂട്ടര്‍മാരുടെ ഭാഗത്ത് നിന്നും അന്വേഷണത്തിലും വീഴ്ച വന്നുവെന്ന് കണ്ടെത്തിയതിനെ
തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തുടരന്വേഷണവും പുനര്‍വിചാരണയും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ വീഴ്ചകള്‍ പഠിക്കാനായി ജുഡീഷ്യല്‍ കമ്മീഷനെയും സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലില്‍ പുനര്‍വിചാരണയെന്ന ആവശ്യം അംഗീകരിക്കപ്പെട്ടതോടെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.