അമേരിക്കയുടെ നാൽപ്പത്താറാമത് പ്രസിഡന്റായി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. രാജ്യത്തിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യൻ-ആഫ്രിക്കൻ വംശജ കമല ഹാരിസും ചരിത്രം കുറിക്കും. ട്രംപ് അനുയായികളുടെ ആക്രമണം ഭയന്ന് പൊതുജനങ്ങള്‍ക്ക് അധികാരമാറ്റ ചടങ്ങില്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.
ബൈഡന് അധികാരം കൈമാറാൻ കാത്തുനിൽക്കാതെ ട്രംപ് രാവിലെതന്നെ വൈറ്റ്‌ഹൗസ് വിടും. അക്രമഭീതിമൂലം പൊലീസിന് 25000 നാഷണൽ ഗാർഡ് സേനാംഗങ്ങളെ തലസ്ഥാനമായ വാഷിങ്‌ടൺ ഡിസിയിൽ വിന്യസിച്ചിട്ടുണ്ട്. സാധാരണ സത്യപ്രതിജ്ഞ കാണാൻ എത്തുന്നവരാൽ ജനസാഗരമാകാറുള്ള നാഷണൽ മാൾ പരിസരത്ത് ഇത്തവണ സുരക്ഷയ്‌ക്കുള്ള സേനാംഗങ്ങൾ മാത്രമാകും.
യുഎസ് കോൺഗ്രസ് മന്ദിരമായ ക്യാപിറ്റോളിന്റെ വെസ്‌റ്റ് ഫ്രണ്ടിൽ പകൽ പന്ത്രണ്ടിനാണ്(ഇന്ത്യൻ സമയം രാത്രി പത്തര) ബൈഡന്റെ സത്യപ്രതിജ്ഞ. അമേരിക്കയിൽ അധികാരമേൽക്കുന്ന ഏറ്റവും പ്രായമുള്ള പ്രസിഡന്റാണ് എഴുപത്തെട്ടുകാരനായ ബൈഡൻ.
ചീഫ് ജസ്‌റ്റിസ് ജോൺ റോബർട്‌സ് സത്യവാചകം ചൊല്ലിക്കൊടുക്കും. കമല ഹാരിസിന്റെ ആഗ്രഹപ്രകാരം യുഎസ് സുപ്രീംകോടതിയിലെ ഏക ലാറ്റിനോ വനിതാ ജഡ്‌ജിയായ സോണിയ സോട്ടോമെയറാണ് അവർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്. സത്യപ്രതിജ്ഞയ്‌ക്കുശേഷം പ്രസിഡന്റും വൈസ് പ്രസിഡന്റും നടന്ന് വൈറ്റ്‌ഹൗസിലെത്തും. ബറാക് ഒബാമയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ബൈഡൻ എട്ട് വർഷം വൈറ്റ്‌ഹൗസിലായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണാൻ യുഎസ് കോൺഗ്രസ് അംഗങ്ങൾക്കും അവർക്ക് കൊണ്ടുവരാവുന്ന ഓരോ അതിഥിക്കും മാത്രമാണ് അവസരം. കോവിഡ് വ്യാപനത്തിന്റെകൂടി പശ്ചാത്തലത്തിൽ ജനങ്ങൾ വീട്ടിലിരുന്ന് ചടങ്ങുകൾ വീക്ഷിക്കണമെന്ന് ബൈഡൻ അഭ്യർഥിച്ചിട്ടുണ്ട്. ആഘോഷപരിപാടികൾ വെട്ടിക്കുറച്ചതിന്റെ ഭാഗമായി സംഘാടകസമിതി സംഘടിപ്പിക്കാറുള്ള വിരുന്നുകളും ഉപേക്ഷിച്ചിട്ടുണ്ട്. അമേരിക്ക ഒറ്റക്കെട്ട് എന്ന സന്ദേശം പകരാൻ കോൺഗ്രസിന്റെ രണ്ട് സഭകളിലെയും ഇരുകക്ഷികളുടെയുംനേതാക്കളോടൊപ്പം പ്രാർത്ഥിച്ച ശേഷമാണ് ബൈഡൻ സത്യപ്രതിജ്ഞയ്‌ക്ക് പോവുക.
Get real time update about this post categories directly on your device, subscribe now.