കമല ഹാരിസ്- ആകസ്മികതകളുടെ സൗരഭ്യം:ജോൺ ബ്രിട്ടാസ് എഴുതുന്നു

ആകസ്മികതകൾ സൃഷ്ടിക്കുന്ന ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ എക്കാലത്തും കൗതുകത്തോടെ ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ സുപ്രധാന ‍വ‍ഴിത്തിരിവുകളൊക്കെ ആകസ്മികതകളുടെ സൃഷ്ടികളായിരുന്നു. അവിചാരിതമായി സംഭവിക്കുന്ന നല്ല വ‍ഴിത്തിരിവുകളുടെ ചേലും ചാരുതയും അനിർവചനീയമായ അനുഭൂതിയാണ് പകർന്നു നൽകുന്നത്.

ചരിത്രത്തിലെ ആദ്യത്തെ ദക്ഷിണേഷ്യൻ-കറുത്ത വംശജയായ അമേരിക്കൻ വൈസ് പ്രസിഡന്റ് എന്ന പദവിയിലേക്ക് കമല ഹാരിസ് ‍ഉയർന്നപ്പോൾ എന്നെ സ്വാധീനിച്ചത് ആകസ്മികതയുടെ സൗന്ദര്യമായിരുന്നു. അമേരിക്കയുടെ പ്രഥമ വനിത വൈസ് പ്രസിഡന്റാണ് കമല.

ഡൽഹിയിലെ ലേഡി ഇർവിൻ കോളേജിൽ പഠിച്ചുകൊണ്ടിരുന്ന കൗമാരകാരിയായ ശ്യാമള ഗോപാലന്റെ ബയോകെമിസ്ട്രിയോടുള്ള കമ്പമാണ് അമേരിക്കയിൽ പോയി പഠിക്കാൻ അവരെ പ്രേരിപ്പിച്ചത്. 1950ൽ പത്തൊൻപത്കാരിയായ ശ്യാമള ഭൂമിയുടെ പാതിദൂരം പറന്ന് അമേരിക്കയിൽ എത്തിയപ്പോൾ അത് അമേരിക്കയെ തന്നെ മാറ്റി മറിക്കാനുള്ള യാത്രയാണെന്ന് ആരെങ്കിലും നിനച്ചിരുന്നോ?

ഇവിടെ കൊണ്ടൊന്നും എന്റെ ഏറ്റവും ഇഷ്ടമേഖലയായ ആകസ്മികതകൾക്ക് വിരാമമാകുന്നില്ല. ജമൈക്കയിൽ ജനിച്ച  ഡൊണാൾഡ്.ജെ.ഹാരിസ് ഉപരിപഠനത്തിന് ആദ്യം തിരഞ്ഞെടുത്തത് ഇംഗ്ലണ്ട് ആയിരുന്നു. ഏതോ നിമിഷാർദ്ധത്തിൽ ഡൊണാൾഡ് തന്റെ ലക്ഷ്യം അമേരിക്കയാക്കുകയായിരുന്നു. അങ്ങനെ ബെർക്കിലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ വെച്ച് ഡൊണാൾഡും ശ്യാമളയും കണ്ടുമുട്ടുന്നു.

പൗരാവകാശങ്ങളെ കുറിച്ചുള്ള അവബോധങ്ങൾ കത്തിപടരുന്ന കാലഘട്ടമായിരുന്നു. അടിമത്വത്തിന്റെ നുകം പേറുന്ന രണ്ടു സമൂഹങ്ങളുടെ നേർപ്രതീകങ്ങളായിരുന്നു ഡൊണാൾഡും ശ്യമളയും. ആർക്കോ പകരം പൗരാവകാശത്തെക്കുറിച്ചുള്ള യോഗത്തിൽ സംസാരിക്കാൻ ഡൊണാൾഡിന് നറുക്ക് വീ‍ഴുന്നു. ഡൊണാൾഡിന്റെ സംസാരം കേൾക്കാൻ ഇന്ത്യൻ വസ്ത്രമായ സാരിയുടുത്താണ് ശ്യാമള ആ യോഗത്തിന് എത്തിയത്.നിറപകിട്ടാർന്ന സാരിക്ക് മേൽ ഡൊണാൾഡിന്റെ കണ്ണുടക്കുന്നു. പ്രസംഗം ക‍ഴിഞ്ഞ് വേദിയിൽ നിന്ന് ഇറങ്ങിയ ഡൊണാൾഡിന് കൈകൊടുത്ത് ശ്യാമള സ്വയം പരിച്ചയപ്പെടുത്തി. ഇരുവരും പങ്കുവച്ചിരുന്ന കൊളോണിയൽ പശ്ചാത്തലത്തിന്റെ ചേരുവകൾ ഇവരുടെ സൗഹൃദത്തിന് അലകും പിടിയും സമ്മാനിച്ചു. ഇരുവരുടെയും മൂത്തമകളായി കമല ജന്മമെടുക്കുന്നു. ഡൽഹിയിൽ പഠിച്ചിരുന്ന ശ്യാമളയും ജമൈക്കയിലെ ഡൊണാൾഡും തമ്മിൾ സന്ധിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? ഒരു ശ്വാസനിശ്വാസത്തിൽ മാറി പോകുമായിരുന്ന തീരുമാനങ്ങളാണ് അന്ന് ആരും വിഭാവനം ചെയ്യാൻ ധൈര്യപ്പെടാതിരുന്ന കൂടിചേരലിന് നിദാനമായത്.

കമലയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വ‍ഴിത്തിരിവുകളിലൊക്കെ അവിചാരിതയുടെ വള്ളിപടർപ്പുകൾ ഉണ്ട്. കമലയുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങുന്ന “ ദി ട്രൂത്ത്സ് വി ഹോൾഡ് (നമ്മൾ ചേർത്ത് പിടിക്കുന്ന സത്യങ്ങൾ) ” എന്ന പുസ്തകത്തിൽ ഇവയെക്കുറിച്ച് രസകരമായി പ്രതിപാദിക്കുന്നുണ്ട്. ജമൈക്കയും മദിരാശിയും സന്ദർശിച്ചപ്പോൾ അവരിൽ സൃഷ്ടിച്ച വികാരവിക്ഷോഭങ്ങളുടെ ഇതളുകളെ സ്പർശിക്കുമ്പോൾ നമുക്ക് തന്നെ അത്ഭുതം തോന്നും.. എന്റമോ, എന്തൊരു അന്തരം! അമ്മയും അച്ഛനും വൈകാതെ വേർപിരിഞ്ഞെങ്കിലും അവർ ഇരുവരും പകർന്നു നൽകിയ മൂല്യബോധങ്ങളുടെ ആകെ തുകയാണ് ഇന്നത്തെ കമല ഹാരിസ്.

Shyamala Gopalan and Donald Harris

ശ്യാമള മകളെ കറുത്തവളായിട്ടാണ് വളർത്തിയത്. വിശ്വാസത്തിന്റെ കാര്യത്തിൽ അപാരമായ ഉദാരവാ‍യ്പും കാണിച്ചു. നിയമം പഠിച്ച കമലയുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവട് വെയ്പ്പിന് ഇന്ധനം പകർന്നത് ഇരുപ്പത്തിയൊൻപത്താമത്തെ വയസ്സിലെ പ്രണയമായിരുന്നു. കാലിഫോർണിയ നിയമനിർമ്മാണസഭയുടെ സ്പീക്കർ ആയിരുന്ന വില്ലീ ബ്രൗണിന്റെ പ്രേയസ്സിയായതാണ് കമലയുടെ പ്രധാന വ‍ഴിത്തിരിവ്.

അറുപതുകാരനായ ബ്രൗൺ സ്നേഹത്തോടൊപ്പം വിപുലമായ സൗഹൃദങ്ങളുടെ ശൃഖംലയിൽ കമലയെ കണ്ണിയാക്കുകയും ചെയ്തു. ആ സൗഹൃദ കൂട്ടായ്മയിലൂടെയാണ് രാഷ്ട്രീയത്തിന്റെ കുതിപ്പിനു വേണ്ട ധനാഢ്യ പിന്തുണ കമല ആർജ്ജിക്കുന്നത്. അമേരിക്കയിൽ സ്പോൺസർമാരെ ലഭിക്കാതെ ഒരു സ്ഥാനാർത്ഥിത്വവും സാർഥകമാകില്ല. മാർക്ക് ബ്യൂൽ എന്ന റിയൽ എസ്റ്റേറ്റ് മേധാവിയുടെ പിൻബലമാണ് കമലക്ക് രാഷ്ട്രീയത്തിന്റെ വ‍ഴി സുഗമമാക്കിയത്.

ജോ ബൈഡെൻ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലയെ തിരഞ്ഞെടുക്കുന്നതിലുമുണ്ട് രസകരമായ ആകസ്മികത.. ട്യൂമർ വന്ന് അകാലത്തിൽ പൊലിഞ്ഞ ബൈഡന്റെ മകൻ ബ്യൂ ബൈഡനോടൊപ്പം കമല പ്രവർത്തിച്ചിരുന്നു. “കമലയുടെ നിശ്ചയദാർഢ്യത്തെക്കുറിച്ച് ബ്യൂ പറഞ്ഞത് എന്റെ ഓർമ്മയിലുണ്ട്, ഇതിനപ്പുറം മറ്റൊന്നും എനിക്ക് ചിന്തിക്കാനില്ല” – നിർണ്ണായക തീരുമാനത്തെക്കുറിച്ച് ബൈയ്ഡന്റെ പ്രതികരത്തിലെ വികാരവായ്പ് എത്ര മനോഹരം.

കമല തന്റെ ഭർത്താവിനെ കണ്ടെത്തിയതിലും രസകരമായ അവിചാരികതയുണ്ട്. നാല്പത്തുകളിലെ ഒരു സ്ത്രീക്ക് തീർത്തും സ്വാഭാവികമായ പ്രണയത്തിൽ ഏർപ്പെടാൻ ക‍ഴിയുമോ എന്ന സംശയം കമലയെ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ മനസ്സിന്റെ ആ സംശയപാളിയെ കമലയുടെ ഇഷ്ടം കവർന്ന് ഡക്ലസ് എംഹോഫ് മുറിച്ച് കടന്നു. കമലയുടെ ഇഷ്ടം പിടിച്ചു പറ്റാൻ പാചക ക്ലാസ്സിൽ പോലും ഡക്ലസ് പോയി . മുട്ടിൽ നിന്ന് മോതിരം നീട്ടി വിവാഹാഭ്യർത്ഥന നടത്തിയ ഡക്ലസിന് മുന്നിൽ നിലവിട്ട് കരഞ്ഞ കമല നമ്മുടെ മനസ്സിൽ പക്ഷേ ഉരുക്ക് വനിതയാണ്.

കമല ഹാരിസ് എ‍ഴുതി ചേർത്ത ചരിത്രത്തിന്റെ ശീലുകളെക്കാൾ എന്നെ ആകർഷിച്ചത് ആകസ്മികതകളുടെ ചങ്ങല കണ്ണികളാണ്. നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിച്ച, സംഭവിച്ച് കൊണ്ടിരിക്കുന്ന അവിചാരിതകളുടെ പതിന്മടങ്ങ് ദീപ്തമായ ആകസ്മികതകളാണ് കമല ഹാരിസ് എന്ന വ്യക്തിത്വം എന്റെ മനസ്സിലേക്ക് സന്നിവേശിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News