മഹാരാഷ്ട്ര കർണാടക അതിർത്തിത്തർക്കത്തിൽ വ്യത്യസ്ത നിലപാടുകളുമായി കോൺഗ്രസ്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് മറാഠി സംസാരിക്കുന്നവർക്ക് ഭൂരിപക്ഷമുള്ള കർണാടക ഗ്രാമങ്ങൾ മഹാരാഷ്ട്രയ്ക്ക് അവകാശപ്പെട്ടതാണെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഇതിനെ തുടർന്ന് കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം ഉദ്ദവ് താക്കറെയെതിരെ ഉയർന്നുവന്നു.

മറാഠി സംസാരിക്കുന്ന ജനങ്ങൾക്കു ഭൂരിപക്ഷമുള്ള എണ്ണൂറോളം ഗ്രാമങ്ങൾ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് മഹാരാഷ്ട്ര പറയുന്നത്. മുൻ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പോലും ഉദ്ദവിന്റെ പ്രസ്താവനയെ ആക്ഷേപിക്കുകയും ബെലഗവി കർണാടകയുടേതാണെന്നും ആർക്കും ഈ വസ്തുത മാറ്റാൻ കഴിയില്ലെന്നും പറഞ്ഞു.

മറാഠി ഭാഷയും സംസ്കാരവും മഹാരാഷ്ട്രയുമായി സമന്വയിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഉദവ് താക്കറെ നടത്തിയ പ്രസംഗം ഇന്ത്യൻ യൂണിയന്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.

കോൺഗ്രസ്സ് രണ്ടു തട്ടിൽ

മറാഠി സംസാരിക്കുന്നവർക്ക് ഭൂരിപക്ഷമുള്ള കർണാടക ഗ്രാമങ്ങൾ മഹാരാഷ്ട്രയ്ക്ക് അവകാശപ്പെട്ടതാണെന്നാണ് കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് അഭിപ്രായപ്പെട്ടത്. ബെൽഗാം, കാർവാർ, നിപ്പാനി തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങൾ കൂടുതലും മറാഠി സംസാരിക്കുന്നവരാണെന്നും ഈ പ്രദേശങ്ങൾ മഹാരാഷ്ട്രയ്ക്ക് തിരിച്ചു ലഭിക്കണമെന്നും സച്ചിൻ സാവന്ത് പറഞ്ഞു.

എന്നാൽ കോൺഗ്രസ് കർണാടക ഘടകത്തിന്റെ നിലപാടിന് കടകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളോട് കോൺഗ്രസ് മഹാരാഷ്ട്ര ഘടകത്തിന് മഹാരാഷ്ട്രയിലെ ജനങ്ങളോടാണ് ഉത്തരവാദിത്വമെന്നായിരുന്നു സാവന്തിന്റെ മറുപടി.

കർണാടകത്തിന്റെ ഒരിഞ്ചു സ്ഥലം പോലും മഹാരാഷ്ട്രയ്ക്ക് വിട്ടുനൽകില്ലെന്ന മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പ്രസ്താവനയെ പിന്തുണക്കുന്ന നിലപാടാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ വ്യക്തമാക്കിയത്.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് തക്ക മറുപടി നൽകണമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രി യെദ്യൂരപ്പയോട് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ ബി.ജെ.പി., ജനതാദൾ നേതൃത്വവും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

കർണാടകത്തിന്റെ അധീനതയിലുള്ള മറാഠി ഭാഷയും സംസ്കാരവുമുള്ള പ്രദേശങ്ങൾ മഹാരാഷ്ട്രയുമായി സംയോജിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രസ്താവന. എന്നാൽ ഉദ്ധവിന്റെ പ്രസ്താവന രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്നായിരുന്നു കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News