സമസ്ത പ്രസിദ്ധീകരണത്തില്‍ മുസ്ലിം ലീഗിനെയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കെ.ടി. ജലീലിന്റെ അഭിമുഖം. വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള ചവിട്ടുപടിയാണെന്നും കേന്ദ്രമന്ത്രി മോഹം നടക്കാത്തതിനാലാണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതെന്നും അഭിമുഖത്തില്‍ ജലീല്‍ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് സമസ്ത പ്രസിദ്ധീകരണം ലീഗ് വിമര്‍ശനത്തിന് വേദിയായത്.
മുസ്ലിം ലീഗിനും ജമാ അത്തെ ഇസ്ലാമിക്കുമെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് അഭിമുഖത്തിലുടനീളം മന്ത്രി കെ ടി ജലില്‍ നടത്തിയിരിക്കുന്നത്. സമസ്ത വിദ്യാര്‍ത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫിന്റെ മുഖപ്രസിദ്ധീകരണത്തിലാണ് ജലീലിന്റെ അഭിമുഖം.
വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള ചവിട്ടുപടിയാണ്. അവരുമായി ആര് കൂട്ടുകെട്ടുണ്ടാക്കിയാലും തിരുത്തണം. നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വെല്‍ഫയര്‍ പാര്‍ട്ടിയുമായി രഹസ്യവേഴ്ച നടത്തും.
ലീഗിനെ വിമര്‍ശിക്കുമ്പോള്‍ അത് മുസ്ലിമിനെതിരെ എന്നാണ് പറയുന്നത്. അങ്ങിനെ തോന്നുന്നുണ്ടെങ്കില്‍ മുസ്ലിം ലീഗ് മുസ്ലിം എന്ന പദം ഒഴിവാക്കുകയാണ് വേണ്ടത്. ലീഗ് ചത്ത കുതിര എന്ന് നെഹ്‌റു വിശേഷിപ്പിച്ചപ്പോള്‍ അത് മുസ്ലിമിന് എതിരെ ആണെന്ന് ആരും തിരിച്ചു പറഞ്ഞില്ല.
ലീഗ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നു എന്ന പ്രസ്താവനയില്‍ ലീഗ് അഭിമാനിക്കുകയല്ലേ വേണ്ടതെന്നും ജലീല്‍ ചോദിക്കുന്നു. ലീഗ് വിമര്‍ശനങ്ങളെ ഇസ്ലാമോഫോബിയ എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്.
കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെയും ജലീല്‍ വിമര്‍ശിച്ചു. ഭാഷാനൈപുണ്യം ഇല്ലാത്തതുകൊണ്ടാണോ കേരളത്തിലേക്ക് തിരിച്ചു വരുന്നത് എന്നാണ് പരിഹാസം.
പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നരേന്ദ്രമോഡി ഇ.ഡിയെ ഉപയോഗിക്കുന്നതില്‍ പേടിച്ചാണോ തിരിച്ചുവരുന്നത് എന്ന് സംശയവും ജലീല്‍ ഉന്നയിക്കുന്നുണ്ട്. കേന്ദ്രമന്ത്രിസ്ഥാനം മോഹിച്ചാണ് പി.കെ കുഞ്ഞാലിക്കുട്ടി ദില്ലിക്ക് പോയത്. ഇനി കേരളത്തില്‍ വല്ലതും നടക്കുമോയെന്നാണ് കുഞ്ഞാലിക്കുട്ടി നോക്കുന്നതെന്നും അഭിമുഖത്തില്‍ കെ.ടി ജലീല്‍ പറയുന്നു.
അടുത്ത കാലത്തായി ലീഗ് നിയന്ത്രണത്തില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമായി നില്‍ക്കാന്‍ സമസ്തയിലെ ഒരു വിഭാഗം ശ്രമിച്ചുവരികയാണ്. എന്നാല്‍ ലീഗുമായി ബന്ധം തുടരണമെന്ന് നിലപാടുള്ള വിഭാഗവും സമസ്തയിലുണ്ട്.
ലീഗുമായി ബന്ധമുണ്ടെങ്കിലും സമസ്ത സ്വതന്ത്ര സംഘടനയാണെന്ന് പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സത്യധാരയിലെ കെ.ടി ജലീലിന്റെ അഭിമുഖം.
Get real time update about this post categories directly on your device, subscribe now.