
ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ അനുസ്മരിച്ച് കൈരളിടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്
ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനായോ ഒരു സാമൂഹ്യപ്രവര്‍ത്തകനായോ മാത്രമല്ല എന്റെ മനസ്സിലുള്ളത്. മൂന്നരപ്പതിറ്റാണ്ടു കാലത്ത് ആഴത്തിലുള്ള ബന്ധമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഞാന്‍ പയ്യന്നൂര്‍ കോളേജില്‍ പഠിക്കുമ്പോള്‍അദ്ദേഹത്തിന്റെ മകന്‍ ഭവദാസ് എന്റെ സഹപാഠികൂടിയാണ് . അതിന്റെ ഭാഗമായാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ പരിചയപ്പെടുന്നത്. അങ്ങനെ പുല്ലേരി ഇല്ലത്തിലെ നിത്യ സന്ദര്‍ശകരിലൊരാലായിരുന്നു ഞാന്‍. ഞങ്ങള്‍ക്കാവോളം പരിലാളനയും സ്‌നേഹവും എന്തിനേറെ ഭക്ഷണവും തന്നിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അന്ന് തുടങ്ങിയ ബന്ധം ഇന്നുവരെ ഒരുപക്ഷേ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുവരെ തുടര്‍ന്നു.
എപ്പോള്‍ പോയാലും എന്ത് വിഷയത്തെക്കുറിച്ചും സംസാരിക്കാന്‍ കഴിയുമായിരുന്നു. എന്നു മാത്രമല്ല ഞങ്ങളെപ്പോലുള്ള ആള്‍ക്കാര്‍ക്ക് എപ്പോഴുമൊരു സത്രമായിട്ടും അദ്ദേഹത്തിന്റെ ഇല്ലം മാറിയിരുന്നു.
അദ്ദേഹത്തിന്റെ കുടുംബങ്ങളെല്ലാം ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ആയിരുന്നു. അത്രത്തോളം സ്‌നേഹംപരിലാളന ഏറ്റുവാങ്ങാനുള്ള ഭാഗ്യം എന്നെ പോലുള്ള ആള്‍ക്കാര്‍ക്ക് ഉണ്ടായി. അതുകൊണ്ടുതന്നെയും അദ്ദേഹം എപ്പോഴും ഒരു സ്‌നേഹത്തിന്റെയും ആശ്വാസത്തിന്റെയും ഒരു പ്രതീകമായിട്ടാണ് എപ്പോഴും വരിക.രണ്ടാമത്തെ കാര്യം അദ്ദേഹത്തിന്റെ ഒരു സാമൂഹിക രാഷ്ട്രീയനിലപാടുകള്‍ വളരെ ശക്തമായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തെ നെഞ്ചിലേറ്റിയ ഒരു വ്യക്തി ആയിരുന്നു അദ്ദേഹം. പയ്യന്നൂരില്‍ അദ്ദേഹത്തിന് വേണ്ടി കൈരളി ടിവി ഒരു ഈവന്റ് സംഘടിപ്പിച്ചിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരുപാട് ആള്‍ക്കാരെ പങ്കെടുപ്പിച്ച വലിയ ഈവന്റായിരുന്നു അത്. അതുപോലെ തന്നെ രണ്ടുമൂന്ന് തലമുറകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജെബി ജംഗ്ഷനും ഈ നിമിഷത്തില്‍ ഞാനോര്‍ക്കുന്നു. അദ്ദേഹത്തിന്റെ നഷ്ടം ഞങ്ങളുടേയും കൂടി നഷ്ടമാണ്.
കമ്യൂണിസ്റ്റ് സഹയാത്രികനായ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പാർട്ടി പ്രവർത്തകനായി പല സമര പരിപാടികളിലും പങ്കെടുത്തിരുന്നു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷക സംഘത്തിന്റെയും പലനേതാക്കള്‍ക്കും പുല്ലേരി വാധ്യാരില്ലം ഒളിയിടമായിരുന്നുഎ കെ ജി ഒളിവിൽ കഴിഞ്ഞത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു. എ.കെ.ജി. അയച്ച കത്തുകള്‍ ഇന്നും നിധിപോലെ നമ്പൂതിരി സൂക്ഷിക്കുന്നു. ഇ.കെ.നായനാര്‍, സി.എച്ച്.കണാരന്‍, കെ.പി.ഗോപാലന്‍, കെ.പി.ആര്‍, എ.വി.കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, ടി.എസ്.തിരുമുമ്പ്, വിഷ്ണു ഭാരതീയന്‍, കേരളീയന്‍ എന്നിവര്‍ക്കെല്ലാം ഒളിസ്ഥലവും അഭയസ്ഥാനവുമായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വാദ്ധ്യാരില്ലം.
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി തന്റെ 76-ആം വയസ്സിലാണ് സിനിമയിലഭിനയിയ്ക്കുന്നത്. 1996 ൽ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്.ആ സിനിമയിലെ അദ്ദേഹത്തിന്റെ വേഷം വലിയതോതിൽ പ്രേക്ഷക പ്രീതിനേടി. തുടർന്ന് ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, ഗർഷോം, കല്യാണരാമൻ… എന്നിവയുൾപ്പെടെ പന്ത്രണ്ടോളം മലയാള ചിത്രങ്ങളിൽ അദേഹം അഭിനയിച്ചു.
കമൽ ഹാസനൊപ്പം ‘പമ്മൽകെ സമ്മന്തം’, രജനികാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യ റായിയുടെ മുത്തച്ഛൻവേഷത്തിൽ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’, മലയാളസിനിമകളായ ‘രാപ്പകൽ’, ‘കല്യാണരാമൻ’, ‘ഒരാൾമാത്രം’ തുടങ്ങിയവയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റംവരെ’യാണ് ഒടുവിൽ അഭിനയിച്ച ചിത്രം.
മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിനായി.ചന്ദ്രമുഖി ഉൾപ്പെടെ മൂന്ന് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സെന്റിമെന്റ്സും കോമഡിയും ഒരുപോലെ വഴങ്ങുന്ന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മുത്തച്ഛൻ കഥാപാത്രങ്ങൾ സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്.
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ പരേതയായ ലീല അന്തർജ്ജനം. നാലു മക്കളാണ് അദ്ദേഹത്തിനുള്ളത്. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണൻ. പ്രശസ്ത ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മകളുടെ ഭർത്താവാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here