ലൈഫ് മിഷന്‍ സംസ്ഥാനത്ത് രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ജനുവരി 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നടത്തും. ജില്ലയില്‍ 68 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും കൊല്ലം കോര്‍പ്പറേഷനിലും കോവിഡ് മാനദണ്ഡം പാലിച്ച് ഗുണഭോക്തൃ സംഗമം നടത്തും.
ഗുണഭോക്തൃ സംഗമവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയലിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു.
മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മികവാര്‍ന്ന രീതിയില്‍ ഗുണഭോക്തൃസംഗമം സംഘടിപ്പിക്കുമെന്ന് അധ്യക്ഷന്‍മാര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി.
തദ്ദേശസ്വയംഭരണ സ്ഥാപനതല പരിപാടിയുടെ മേല്‍നോട്ട ചുമതല നടത്തുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരടങ്ങിയ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. സംസ്ഥാനതല പ്രഖ്യാപനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കൊല്ലം കോര്‍പ്പറേഷനിലും പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബസംഗമവും സംഘടിപ്പിക്കും.
മുഖ്യമന്ത്രിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായിട്ടാണ് പരിപാടികള്‍ സംഘടിപ്പിക്കുക. പരിപാടിയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലൈഫ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ സംബന്ധിച്ച അപേക്ഷകളും പരാതികളും സ്വീകരിക്കും. ഇവ ജില്ലാ കലക്ടറുടെ അദാലത്തുകളില്‍ പ്രത്യേകമായി പരിഗണിക്കും.
ജില്ലയില്‍ ലൈഫ് മിഷനില്‍ വിവിധ ഘട്ടങ്ങളിലായി 20539 വീടുകള്‍ പൂര്‍ത്തീകരിച്ചു 4642 വീടുകള്‍ നിര്‍മാണത്തിലാണ്. ഇവയില്‍ ഭൂരിഭാഗവും മാര്‍ച്ചില്‍ പൂര്‍ത്തിയാകും. എസ് സി/എസ് ടി/ഫിഷറീസ് അഡീഷണല്‍ ലിസ്റ്റിലുള്ള 4743 ഗുണഭോക്താക്കളുമായുള്ള കരാര്‍ വെയ്ക്കല്‍ പുരോഗമിക്കുകയാണ്.
രേഖകള്‍ ഹാജരാക്കുന്ന എല്ലാവരുമായും കരാര്‍ പ്രകാരമുള്ള ഭവന നിര്‍മാണം ഈ മാസം തുടങ്ങും. ഭൂരഹിതര്‍ക്കായി നാല് ഫ്‌ളാറ്റുകള്‍ക്കാണ് ജില്ലയില്‍ ഇതുവരെ ഭരണാനുമതി ലഭിച്ചത്. പുനലൂര്‍ മുന്‍സിപ്പാലിറ്റിയിലെ വാളക്കോടുള്ള ഫ്‌ളാറ്റിന്റെ നിര്‍മാണം പുരോഗതിയിലാണ്.
മുണ്ടയ്ക്കല്‍, അഞ്ചല്‍, പടിഞ്ഞാറേ കല്ലട എന്നീ തദ്ദേശസ്ഥാപനങ്ങളില്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വര്‍ക്ക് കോണ്‍ട്രാക്ടര്‍ക്ക് അവാര്‍ഡ് ചെയ്തിട്ടുണ്ട്. സൈറ്റ് ക്ലിയറന്‍സ് നടപടികള്‍ ആരംഭിച്ചു. ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള പ്രവര്‍ത്തികളും ആരംഭിച്ചിട്ടുണ്ടെന്നും ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.