
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് പുനരാരംഭിക്കും.കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ കോടതി ഇന്ന് വിസ്തരിക്കും. ചട്ട വിരുദ്ധമായി ജയില്‍മോചിതനാക്കിയ വിപിന്‍ലാലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ഇന്നലെ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു.അതേ സമയം എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ പത്ത് മാസമായി മുടങ്ങിക്കിടന്ന വിചാരണയാണ് ഇന്ന് പുനരാരംഭിക്കുന്നത്.കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചത്.പിന്നീട് കോടതി നടപടികള്‍ പുനരാരംഭിച്ചെങ്കിലും വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചു.
ഇതോടെ വിചാരണ വീണ്ടും തടസ്സപ്പെട്ടു.വിചാരണക്കോടതി മാറേണ്ടതില്ലന്ന് ഹൈക്കോടതിവിധിച്ചതോടെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവെച്ചു.പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുംവരെ വിചാരണ മാറ്റിവെക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തു.
ഒടുവില്‍ പുതിയ പ്രോസിക്യൂട്ടറായി നിയമനം ലഭിച്ച അഡ്വക്കറ്റ് വി എന്‍ അനില്‍കുമാര്‍ ഇക്കഴിഞ്ഞ എട്ടിന് കോടതിയില്‍ ഹാജരായി.തുടര്‍ന്ന് കേസ് വീണ്ടും പരിഗണിച്ച കോടതി വിചാരണ പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.116 സാക്ഷികളെയാണ് വിചാരണയുടെ ഭാഗമായി ഇനി വിസ്തരിക്കുക.മാപ്പുസാക്ഷി വിപിന്‍ലാലിനെ ഇന്ന് കോടതി വിസ്തരിക്കും.
വിപിന്‍ലാലിനെതിരെ കോടതി ഇന്നലെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.ചട്ടവിരുദ്ധമായി വിപിൻ ലാലിനെ ജയില്‍മോചിതനാക്കിയ ജയിൽ അധികൃതരുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തീര്‍പ്പാക്കിയായിരുന്നു കോടതി ഉത്തരവ്.ദിലീപിനെതിരായ കുറ്റാരോപണങ്ങളില്‍ ഭേദഗതി വരുത്താന്‍ പ്രോസിക്യൂഷന് അനുവാദം നല്‍കിയതുള്‍പ്പടെ കോടതിയുടെ പരിഗണിനയിലുണ്ടായിരുന്ന വിവിധ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് വിചാരണ ഇന്ന് പുനാരാരംഭിക്കാന്‍ തീരുമാനിച്ചത്.
മാര്‍ച്ച് 17നകം വിസ്താരം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം.അതേ സമയം ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here