അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ ട്രംപിന്റെ വിവാദ ഉത്തരവുകള്‍ തിരുത്തി ജോ ബൈഡന്‍. ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളാണ് പുറത്തുവന്നത്.
പാരിസ് കാലാവസ്ഥാ ഉടമ്പടിയിലേക്കു തിരികെ പ്രവേശിക്കുന്നതും ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണവും സഹായവും പുനഃസ്ഥാപിക്കന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളിലും ബൈഡന്‍ ഒപ്പിട്ടു.
മുസ്ലിം ഭൂരിപക്ഷമുള്ള 7 രാജ്യങ്ങള്‍ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി. 2017ല്‍ മുന്‍ പ്രസിഡന്റ് ട്രംപാണ് വിവാദ ഉത്തരവിറക്കിയത്.
കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ അടിയന്തര നടപടികളാണ് ബൈഡന്‍ അധികാരമേറ്റയുടന്‍ സ്വീകരിച്ചത്.
പൊതുസ്ഥാപനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. വാക്‌സീന്‍ വിതരണ ഏകോപനച്ചുമതലയുള്‍പ്പെടെ കോവിഡിനെതിരെ കര്‍മസേന രൂപീകരിക്കുന്നതാണ് മുന്‍ഗണനയിലുള്ളത്.
യുഎസ്- മെക്‌സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം തടഞ്ഞുള്ള മതില്‍നിര്‍മാണത്തിന്റെ ഫണ്ട് മരവിപ്പിക്കല്‍, പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതെന്നു വിലയിരുത്തപ്പെടുന്ന കീസ്റ്റോണ്‍ എക്‌സ്എല്‍ പൈപ്പ്ലൈന്‍ പദ്ധതി റദ്ദാക്കല്‍ എന്നിവയാണ് മറ്റ് ഉത്തരവുകള്‍. രേഖകളില്ലാതെ കുടിയേറിയവര്‍ക്കുള്ള സംരക്ഷണവും ബെെഡന്‍ ഉറപ്പാക്കുന്നുണ്ട്.
വംശീയാടിസ്ഥാനത്തില്‍ സമത്വം ഉറപ്പാക്കുക, തൊഴിലിടത്ത് ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കുക, കോണ്‍ഗ്രസിലെ പ്രതിനിധി എണ്ണം പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സെന്‍സസില്‍ പൗരത്വമില്ലാത്തവരെയും ഉള്‍പ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ട നടപടികളും ബൈഡന്റെ ഒന്നാം ദിനത്തിന്റെ ഭാഗമായി.
Get real time update about this post categories directly on your device, subscribe now.